Flash News

അയോധ്യയില്‍ രാമക്ഷേത്രം: ഡിസംബര്‍ 6നു മുമ്പ് നിയമം പാസാക്കണമെന്ന് വിഎച്ച്പി മുന്നറിയിപ്പ്

അയോധ്യയില്‍ രാമക്ഷേത്രം: ഡിസംബര്‍ 6നു മുമ്പ് നിയമം പാസാക്കണമെന്ന് വിഎച്ച്പി മുന്നറിയിപ്പ്
X


ന്യൂഡല്‍ഹി: ബാബരി മസ്ജിദ് തകര്‍ത്തതിന്റെ വാര്‍ഷികമായ ഡിസംബര്‍ 6നു മുമ്പ് അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നതിന് പാര്‍ലമെന്റില്‍ നിയമം പാസാക്കാന്‍ കേന്ദ്ര സര്‍ക്കാരിന് ഡല്‍ഹിയില്‍ വിശ്വഹിന്ദു പരിഷത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സന്യാസിമാരുടെ യോഗം മുന്നറിയിപ്പ് നല്‍കി. പാര്‍ലമെന്റിന്റെ വരുന്ന ശൈത്യകാല സമ്മേളനത്തില്‍ ബില്ല് കൊണ്ടുവരണം. നിയമം പാസാക്കാനായില്ലെങ്കില്‍ മുത്വലാഖ് നിരോധിച്ച മാതൃകയില്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കണം.
2019ല്‍ വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുമ്പ് രാമക്ഷേത്രം പണിയാനുള്ള തടസ്സങ്ങള്‍ നീക്കിയിരിക്കണമെന്നും അല്ലെങ്കില്‍ ബിജെപിയെ തിരഞ്ഞെടുപ്പില്‍ തോല്‍പിക്കുമെന്നും വിശ്വഹിന്ദു പരിഷത്ത് മുന്നറിയിപ്പ് നല്‍കി. ഇതു സംബന്ധിച്ച പ്രമേയവും ഇന്നത്തെ യോഗം പാസാക്കി. ഇക്കാര്യം ചര്‍ച്ച ചെയ്യുന്നതിന് വിശ്വഹിന്ദു പരിഷത്ത് ഉന്നതാധികാര സമിതിയിലെ 15 സന്യാസിമാര്‍ ശ്രീരാമജന്‍മഭൂമി ന്യാസ് ചെയര്‍മാന്‍ മഹന്ത് നൃത്യഗോപാല്‍ ദാസിന്റെ നേതൃത്വത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദുമായി കൂടിക്കാഴ്ച നടത്തി.
രാമക്ഷേത്രം പണിയാനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്ന് രാഷ്ട്രപതിയാട് ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച നിവേദനവും രാഷ്ട്രപതിക്ക് കൈമാറി. അമ്പതിലധികം സന്യാസിമാരാണ് ഇന്നലെ യോഗത്തില്‍ പങ്കെടുത്തത്. രാമക്ഷേത്രം നിര്‍മിക്കാന്‍ കോടതിവിധി കാത്തിരിക്കേണ്ടതില്ലെന്ന് യോഗം ചൂണ്ടിക്കാട്ടി. അത് വിശ്വാസവുമായി ബന്ധപ്പെട്ട വിഷയമാണ്. അമ്പലം നിര്‍മിക്കാന്‍ എന്തെങ്കിലും തടസ്സമുണ്ടെങ്കില്‍ അത് സര്‍ക്കാര്‍ നീക്കുകയാണ് വേണ്ടതെന്ന് വിശ്വഹിന്ദു പരിഷത്ത് വക്താവ് ശരത് ശര്‍മ പറഞ്ഞു.
ഓര്‍ഡിനന്‍സ് പാസാക്കാന്‍ തയ്യാറല്ലെങ്കില്‍ രാമക്ഷേത്രം തങ്ങള്‍ പണിയുമെന്ന് യോഗത്തിനു ശേഷം ബിജെപി നേതാവ് കൂടിയായ ഡോ. രാംവിലാസ് വേദാന്തി പറഞ്ഞു. സര്‍ക്കാര്‍ രാമക്ഷേത്രം പണിയുന്നതിന് അന്തിമ തിയ്യതി പ്രഖ്യാപിക്കണമെന്ന് യോഗത്തിലെ പ്രമേയം ആവശ്യപ്പെട്ടു. അതിനു തയ്യാറല്ലെങ്കില്‍ മോദി സര്‍ക്കാരിനെതിരേ രാജ്യവ്യാപകമായി പ്രക്ഷോഭം സംഘടിപ്പിക്കും. പ്രക്ഷോഭവും ലഹളയും മാത്രമാണ് പിന്നെ മുന്നിലുള്ള വഴി. രാമക്ഷേത്രത്തിന്റെ കാര്യത്തില്‍ നിശ്ശബ്ദത പാലിക്കുന്ന സര്‍ക്കാര്‍ നടപടി നിരാശയുണ്ടാക്കുന്നതാണ്. 377, ശബരിമലയിലെ സ്ത്രീപ്രവേശനം തുടങ്ങി എല്ലാ കേസിലും സുപ്രിംകോടതി വിധി പറയുന്നു. എന്നാല്‍, രാമക്ഷേത്രത്തിന്റെ കാര്യത്തില്‍ മെല്ലെപ്പോക്കാണ്. ഇത് ക്ഷേത്രം പണിയാതിരിക്കാനുള്ള ഗൂഢാലോചനയാണ്- വിഎച്ച്പി പറഞ്ഞു.
2019നു മുമ്പ് രാമക്ഷേത്രം പണിതില്ലെങ്കില്‍ അത് ഹിന്ദുക്കള്‍ക്കെതിരായ ഗൂഢാലോചനയാണെന്ന് ഓള്‍ ഇന്ത്യാ സന്യാസ സമിതി ജനറല്‍ സെക്രട്ടറി സ്വാമി ജിതേന്ദ്രാനന്ദ് സരസ്വതി പറഞ്ഞു. രാമജന്‍മഭൂമി ഇപ്പോള്‍ സര്‍ക്കാര്‍ ചര്‍ച്ചയില്‍ പോലും കൊണ്ടുവരുന്നില്ല. 1989ലെ പാലംപൂര്‍ പ്രമേയം ബിജെപി മറക്കരുതെന്നും അദ്ദേഹം പറഞ്ഞു.
ജനുവരി 31, ഫെബ്രുവരി 1 തിയ്യതികളിലായി 30,000 സന്യാസിമാരെ പങ്കെടുപ്പിച്ച് അലഹബാദ് കുംഭ സംഘടിപ്പിക്കുമെന്ന് തുടര്‍ന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വിഎച്ച്പി എക്‌സിക്യൂട്ടീവ് പ്രസിഡന്റ് അലോക് കുമാര്‍ പറഞ്ഞു. സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നില്ലെങ്കില്‍ തുടര്‍കാര്യങ്ങള്‍ അവിടെ വച്ച് തീരുമാനിക്കുമെന്നും അദ്ദേഹം അറിയിച്ചു.
Next Story

RELATED STORIES

Share it