wayanad local

അമ്പലവയല്‍-വടുവന്‍ചാല്‍ റോഡിന്റെ ശോച്യാവസ്ഥ:ജൂലൈ ഏഴിന് റോഡ് ഉപരോധിക്കുമെന്ന് യുഡിഎഫ്



കല്‍പ്പറ്റ: അമ്പലവയല്‍ മുതല്‍ വടുവന്‍ചാല്‍ വരെയുള്ള റോഡിന്റെ ശോച്യാവസ്ഥയില്‍ പ്രതിഷേധിച്ച് യുഡിഎഫിന്റെ നേതൃത്വത്തില്‍ ജൂലൈ ഏഴിന് റോഡ് ഉപരോധിക്കുമെന്ന് യുഡിഎഫ് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കോഴിക്കോട് - മൈസൂര്‍ ദേശീയ പാതയേയും ചുണ്ടേല്‍ - ചോലാടി സംസ്ഥാന പാതയേയും ബന്ധിപ്പിക്കുന്നതും സുപ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൂടെ കടന്നുപോകുന്ന പാതയാണ് സഞ്ചാര യോഗ്യമല്ലാതെ തകര്‍ന്ന് കിടക്കുന്നത്. അമ്പലവയല്‍ പഞ്ചായത്തില്‍ ഉള്‍പ്പെടുന്ന കൊളഗപ്പാറ - അമ്പലവയല്‍ - വടുവന്‍ചാല്‍ റോഡില്‍ അമ്പലവയല്‍ മുതല്‍ വടുവന്‍ചാല്‍ വരെയുള്ള ഭാഗമാണ് സഞ്ചരിക്കാന്‍ കഴിയാത്തവിധം പാടെ തകര്‍ന്ന് കിടക്കുന്നത്. 2015-16 വര്‍ഷം നാല് റീച്ചുകളിലായി റീടാറിങ് പ്രവര്‍ത്തികള്‍ക്കായി ടെന്‍ഡര്‍ ചെയ്തിരുന്നെങ്കിലും കരാറുകാരന്‍ പ്രവര്‍ത്തി നടത്തിയില്ല. തുടര്‍ന്ന് എഎല്‍എയും അമ്പലവയല്‍ പഞ്ചായത്ത് ഭരണ സമിതിയും നിരന്തരം ബന്ധപ്പെട്ടിട്ടും പ്രവര്‍ത്തി റീ ടെന്‍ഡര്‍ ചെയ്യാനോ അടിയന്തര റിപ്പയര്‍ നടത്തുന്നതിനോ പിഡബ്ല്യുഡി അധികൃതര്‍ തയാറായില്ല. ഇതു സംബന്ധിച്ച് ബന്ധപ്പെട്ട അധികാരികള്‍ക്ക് യുഡിഎഫ് പരാതി നല്‍കിയിട്ടുണ്ട്. ഈ റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കുന്നതിന് അടിയന്തര നടപടി ആവശ്യപ്പെട്ടാണ് ജൂലൈ ഏഴിന് രാവിലെ 10.30ന് അമ്പലവയല്‍ ടൗണില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിക്കുന്നത്. അമ്പലവയല്‍ പഞ്ചായത്ത് യുഡിഎഫ് ചെയര്‍മാന്‍ സി അസൈനു, കണ്‍വീനര്‍ കെ വിജയന്‍, ട്രഷറര്‍ ജെ മത്യാസ്, പഞ്ചായത്ത് പ്രസിഡന്റ് സീത വിജയന്‍, എം യു ജോര്‍ജ്, കെ മുഹമ്മദ്, എ പി കുര്യാക്കോസ്, വി  ബാലസുബ്രഹ്്മണ്യന്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it