Alappuzha local

അമ്പലപ്പുഴയില്‍ വീട് തകര്‍ന്നു;മെഡിക്കല്‍ കോളജില്‍ വെള്ളം കയറി

അമ്പലപ്പുഴ: ശക്തമായ കാറ്റിലും മഴയിലും അമ്പലപ്പുഴയിലെ വിവിധ പ്രദേശങ്ങളില്‍ വ്യാപക നാശനഷ്ടം. മരംവീണ് വീട് തകര്‍ന്നു. കടല്‍ക്ഷോഭത്തില്‍ ചെമ്മീന്‍പീലിങ് ഷെഡ്ഡ് തകര്‍ന്നും മതില്‍ തകര്‍ന്നുമാണ് വിവിധ ഇടങ്ങളില്‍ നാശനഷ്ടമുണ്ടായത്. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് രണ്ടാം വാര്‍ഡ് കാക്കാഴം എട്ടൂരത്തില്‍ ശശിധരന്റെ വീടിന്റെ മേല്‍ക്കൂരയാണ് സമീപത്തു നിന്ന മരം വീണു തകര്‍ന്നത്.ഇന്നലെ പുലര്‍ച്ചെ ഒന്നോടെയായിരുന്നു സംഭവം. വീടിനു മുന്നില്‍ നിന്ന കൂറ്റന്‍ അടക്കാമരമാണ് ശക്തമായ കാറ്റില്‍ കടപുഴകിയത്.15ാം വാര്‍ഡില്‍ കോമന വടക്കേവീട്ടില്‍ കൃഷ്ണന്‍കുട്ടിയുടെ വീടിന്റെ മതില്‍ തകര്‍ന്നു. തീരത്തോട് ചേര്‍ന്നു നിന്ന വളഞ്ഞവഴി സ്വദേശി അഷ്‌റഫിന്റെ ചെമ്മീന്‍പീലിങ് ഷെഡ് നിലംപൊത്തി. പുറക്കാട് പഞ്ചായത്ത് ഒന്നാം വാര്‍ഡ് അഞ്ചാലം മൂട് തീരത്ത് ശക്കമായതിരമാലകള്‍ കരയിലേക്ക് അടിച്ചു കയറുകയാണ്. തീരത്തോട് ചേര്‍ന്നുള്ള പുതുവല്‍ ഷിജിമോന്‍,കവി രാജ്, തെക്കേയറ്റത്ത് വീട്ടില്‍ മോഹന്‍ദാസ് എന്നിവരുടെ വീടുകള്‍ സംരക്ഷിക്കുന്നതിന് ചാക്കില്‍ മണല്‍ നിറച്ച് സംരക്ഷണ കവചം തീര്‍ത്തു. വില്ലേജ് ഓഫിസര്‍മാരും പഞ്ചായത്തംഗങ്ങള്‍ നാശനഷ്ടമുണ്ടായ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. കനത്ത മഴയില്‍ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിക്കുള്ളിലും വെള്ളം കയറി. മള്‍ട്ടി ഡിസിപ്ലിനറി ഐസിയുവിന് സമീപമാണ് വെള്ളം നിറഞ്ഞത്.കഴിഞ്ഞദിവസം രാത്രി മുതല്‍ തോരാതെ പെയ്ത മഴ മൂലം മേല്‍ക്കൂരയില്‍ ചോര്‍ച്ച അനുഭവപ്പെട്ടതാണ് വെള്ളം നിറയാന്‍ കാരണം. ഐസിയുവില്‍ പ്രവേശിപ്പിച്ചിരുന്ന രോഗികളുടെ ബന്ധുക്കളും ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവരും ഇതിലൂടെയാണ് നടക്കുന്നത്. ആശുപത്രി അധികൃതര്‍ അടിയന്തര പരിഹാരം കാണണമെന്നാണ് രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും ആവശ്യം.
Next Story

RELATED STORIES

Share it