അമിത് ഷായ്ക്ക് കുതിരക്കച്ചവടം നടത്താന്‍ കഴിയാത്തതിലുള്ള നിരാശ: സീതാറാം യെച്ചൂരി

ന്യൂഡല്‍ഹി: കര്‍ണാടകയില്‍ ജനവിധി ബിജെപിക്ക് അനുകൂലമായിരുന്നു എന്ന അമിത് ഷായുടെ വാക്കുകള്‍ കുതിരക്കച്ചവടം നടത്താന്‍ കഴിയാത്തതിലുള്ള നിരാശയാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കര്‍ണാടകയിലെ ജനങ്ങള്‍ ബിജെപിയെ തള്ളിക്കളഞ്ഞു. അത് അംഗീകരിക്കാന്‍ അമിത് ഷായും പാര്‍ട്ടിയും തയ്യാറാവണമെന്നും യെച്ചൂരി പറഞ്ഞു.
കര്‍ണാടകയില്‍ എച്ച് ഡി കുമാരസ്വാമിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുമെന്ന് യെച്ചൂരി വ്യക്തമാക്കി. ചടങ്ങിലേക്കു വ്യക്തിപരമായി ക്ഷണിക്കുന്നതിനായി കുമാരസ്വാമി ഫോണില്‍ വിളിച്ചിരുന്നു. ഔപചാരികതയുടെ പേരില്‍ നേരിട്ടു വന്നു തന്നെ ക്ഷണിക്കേണ്ട കാര്യമില്ലെന്നു പറഞ്ഞിട്ടുണ്ടെന്നും യെച്ചൂരി അറിയിച്ചു. കര്‍ണാടകയില്‍ കോണ്‍ഗ്രസ്, ജെഡിഎസ് സഖ്യരൂപീകരണ സമയത്ത് ഇടപെട്ടിരുന്നോ എന്ന ചോദ്യത്തിന്, അത് മാധ്യമപ്രവര്‍ത്തകര്‍ തന്നെ അങ്ങനെയാണല്ലോ പറയുന്നതെന്നു പറഞ്ഞ് യെച്ചൂരി ചിരിച്ച് ഒഴിഞ്ഞുമാറി.
ഹൈദരാബാദ് പാര്‍ട്ടി കോണ്‍ഗ്രസ്സിന് ശേഷം ആദ്യമായി ഇന്നലെ ചേര്‍ന്ന സിപിഎം പോളിറ്റ് ബ്യൂറോ യോഗത്തില്‍ സംഘടനാ ചുമതലകളില്‍ കാര്യമായ മാറ്റങ്ങള്‍ വേണ്ടെന്നാണു തീരുമാനം. എസ് രാമചന്ദ്രന്‍ പിള്ള സംഘടനാ ചുമതലയില്‍ തുടരും. ഇതുസംബന്ധിച്ച പോളിറ്റ് ബ്യൂറോ ശുപാര്‍ശകള്‍ കേന്ദ്ര കമ്മിറ്റിയില്‍ വയ്ക്കും. കേന്ദ്ര കമ്മിറ്റിയാണ് അന്തിമ തീരുമാനം എടുക്കേണ്ടതെന്നും യെച്ചൂരി പറഞ്ഞു.
Next Story

RELATED STORIES

Share it