അമിത്ഷായുടെ അസം സന്ദര്‍ശനം: അഖില്‍ ഗോഗോയിഅറസ്റ്റില്‍

ഗുവാഹത്തി: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായുടെ സന്ദര്‍ശനത്തിനു മുന്നോടിയായി മനുഷ്യാവകാശ പ്രവര്‍ത്തകനായ അഖില്‍ ഗോഗോയിയെ പോലിസ് അറസ്റ്റ് ചെയ്തു. ഷായുടെ സന്ദര്‍ശനം നടക്കാനിരിക്കെ അസമിനെ കൂടുതല്‍ ബാധിക്കുന്ന, ബിജെപി സര്‍ക്കാര്‍ കൊണ്ടുവന്ന 2016ലെ പൗരത്വ ബില്ലിന്റെ ഭേദഗതിക്കെതിരായിട്ടായിരുന്നു ഗൊഗോയിയുടെ പ്രതിഷേധം. 1955ലെ പൗരത്വ ആക്റ്റില്‍ സമൂലമായ മാറ്റങ്ങള്‍ വരുത്തിയാണു 2016ല്‍ ബിജെപി സര്‍ക്കാരിന്റെ ഭേദഗതി. ഇതുപ്രകാരം അസമില്‍ കുടിയേറ്റം വ്യാപിക്കുമെന്നും സംസ്ഥാനത്തിന്റെ സുരക്ഷയ്ക്കു കോട്ടം തട്ടുമെന്നാണു ഗൊഗോയ് നേതൃത്വം നല്‍കുന്ന കൃഷക് മുക്തി സന്‍ഗ്രാമിന്റെ നിലപാട്. പ്രതിഷേധത്തിന്റെ ഭാഗമായി അമിത് ഷായെ കരിങ്കൊടി കാണിക്കാന്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൃഷക് മുക്തി സന്‍ഗ്രാം പ്രവര്‍ത്തകര്‍ ഒത്തുകൂടിയിരുന്നു. ഇതോടെയാണ് അഖില്‍ ഗൊഗോയിയെ പോലിസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിനെതിരേ പ്രതിഷേധവുമായി കൃഷക് മുക്തി സന്‍ഗ്രാം സമിതി രംഗത്ത് എത്തിയിട്ടുണ്ട്. വടക്കുകിഴക്കന്‍ ജനാധിപത്യ സഖ്യത്തിന്റെ സമ്മേളനത്തിനായാണ് അമിത് ഷാ ഗുവാഹത്തിയിലെത്തുന്നത്. അസാമിലെ കര്‍ഷക പ്രക്ഷോഭ നേതാവും വിവരാവകാശ പ്രവര്‍ത്തകനുമാണ് അഖില്‍ ഗൊഗോയി.
Next Story

RELATED STORIES

Share it