wayanad local

അമരക്കുനിയില്‍ കാട്ടാനശല്യം; വ്യാപക കൃഷിനാശം : പ്രദേശവാസികള്‍ പ്രക്ഷോഭത്തിന്



പുല്‍പ്പള്ളി: അമരക്കുനിയില്‍ കാട്ടാനയിറങ്ങി വാഴ, ചേന, തെങ്ങ്, കവുങ്ങ് തുടങ്ങിയ കൃഷികള്‍ വ്യാപകമായി നശിപ്പിച്ചു. ഇരുമ്പുകുത്തിക്കല്‍ വിജയന്‍, പുളിക്കല്‍ ശശി, പുളിക്കല്‍ ഗോപി എന്നിവരുടെ കൃഷികളാണ് നശിപ്പിച്ചത്. വയനാട് വന്യജീവി സങ്കേതത്തില്‍ നിന്നെത്തുന്ന ആനകളാണ് കൃഷി നശിപ്പിക്കുന്നതെന്നു നാട്ടുകാര്‍ പറഞ്ഞു. വനാതിര്‍ത്തി പ്രദേശത്തെ ട്രഞ്ചുകള്‍ ഭൂരിഭാഗവും തകര്‍ന്നതാണ് ആനകള്‍ കൃഷിയിടത്തില്‍ ഇറങ്ങാന്‍ പ്രധാന കാരണം. പൂതാടി പഞ്ചായത്ത് മുന്‍കാലങ്ങളില്‍ തകര്‍ന്ന ട്രഞ്ചുകള്‍ നന്നാക്കിയിരുന്നു. എന്നാല്‍, ട്രഞ്ചുകളുടെ നിര്‍മാണ പ്രവൃത്തികള്‍ വനംവകുപ്പ് നടത്തണമെന്ന നിര്‍ദേശത്തെ തുടര്‍ന്ന് ട്രഞ്ചുകള്‍ നന്നാക്കാന്‍ പിന്നീട് പഞ്ചായത്ത് തയ്യാറായില്ല. ട്രഞ്ചുകള്‍ തകര്‍ന്നതോടെ കാട്ടാനകള്‍ കൂട്ടത്തോടെ നാട്ടിലേക്കിറങ്ങുന്നതു പതിവായി. വൈകുന്നേരമായാല്‍ വീടിന് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്. ട്രഞ്ചുകള്‍ നന്നാക്കണമെന്ന് നിരവധി തവണ ആവശ്യപ്പെട്ടിട്ടും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും നാട്ടുകാര്‍ പറഞ്ഞു. കാട്ടാനകള്‍ നശിപ്പിച്ച കൃഷിയിടങ്ങള്‍ സന്ദര്‍ശിക്കാന്‍ പോലും വനംവകുപ്പ് തയ്യാറാവുന്നില്ലെന്നാണ് കര്‍ഷകരുടെ പരാതി. ഇതിനെതിരേ പ്രക്ഷോഭ പരിപാടികള്‍ ആരംഭിക്കാനുള്ള തയാറെടുപ്പ് ഇവര്‍ നടത്തിവരികയാണ്. നിരന്തരമായി കൃഷിയിടങ്ങളില്‍ ഇറങ്ങുന്ന കാട്ടാനകളെ ഉള്‍വനത്തിലേക്ക് തുരത്തിയാല്‍ ഒരു പരിധിവരെ വന്യമൃഗശല്യം നിയന്ത്രിക്കാന്‍ കഴിയുമെന്നാണ് കര്‍ഷകര്‍ പറയുന്നത്. ബാങ്കുകളില്‍ നിന്നും മറ്റും പണം വായ്പയെടുത്താണ് കൃഷി നടത്തുന്നത്. വന്യമൃഗശല്യം കാരണം കൃഷിയിറക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് കര്‍ഷകര്‍.
Next Story

RELATED STORIES

Share it