Flash News

അഭിമന്യുവിനെ വിളിച്ചുവരുത്തി കൊന്നതെന്നു കുടുംബം

വട്ടവട (കോവിലൂര്‍): ഫോണ്‍ ചെയ്തു വിളിച്ചുവരുത്തി അഭിമന്യുവിനെ കൊല്ലുകയായിരുന്നുവെന്ന് കുടുംബം. കൊലപാതകം ആസൂത്രിതമാണെന്നും കൊലയിലേക്കു നയിച്ച ഗൂഢാലോചന അന്വേഷിക്കണമെന്നും മഹാരാജാസ് കോളജില്‍ കുത്തേറ്റു മരിച്ച അഭിമന്യുവിന്റെ കുടുംബം പറഞ്ഞു. വട്ടവട കോവിലൂരിലെ വീട്ടില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അഭിമന്യുവിന്റെ മാതാപിതാക്കളായ മനോഹരനും പൂവതിയും.
ഡിവൈഎഫ്‌ഐ വില്ലേജ് സമ്മേളനത്തില്‍ പങ്കെടുക്കാനാണ് അഭിമന്യു കൊച്ചിയില്‍ നിന്ന് കോവിലൂരില്‍ എത്തിയത്. എന്നാല്‍, വന്നതുമുതല്‍ മണിക്കൂറുകളോളം അഭിമന്യുവിന് ഫോണ്‍കോളുകള്‍ എത്തിക്കൊണ്ടിരുന്നു. അവനെ വിളിച്ചുവരുത്തിയാണ് അവര്‍ കൊന്നത്- സഹോദരന്‍ പരിജിത്ത് വാര്‍ത്താ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
രാവിലെ കോളജില്‍ എത്തുംവിധം വട്ടവടയില്‍ നിന്നു യാത്രതിരിക്കാനായിരുന്നു ഉദ്ദേശ്യം. എന്നാല്‍, രാത്രി തന്നെ കോളജിലെത്താന്‍ ആരൊക്കൊയോ ഫോണിലൂടെ നിര്‍ബന്ധിച്ചു. തുടര്‍ന്ന് രാത്രിയില്‍ പച്ചക്കറി വണ്ടിയില്‍ ഹോസ്റ്റലില്‍ എത്തുകയായിരുന്നു. ഹോസ്റ്റലില്‍ നിന്ന് പുറത്തെത്തിയ ശേഷം അഭിമന്യു കുത്തേറ്റു മരിച്ചതില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് കുടുംബത്തിന്റെ ആക്ഷേപം. അതേസമയം, കോളജ് ഹോസ്റ്റലില്‍ നിന്ന് അഭിമന്യുവിനെ ഒരു സംഘം നിര്‍ബന്ധിച്ച് പുറത്തേക്കു കൊണ്ടുപോയെന്ന വിവരം നേരത്തെ ചില മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍, അന്വേഷണസംഘം ഇത് മുഖവിലയ്‌ക്കെടുത്തിട്ടില്ല.
മാത്രമല്ല, അഭിമന്യുവിനെത്തിയ ഫോണ്‍ കോളുകള്‍ സംബന്ധിച്ചും അന്വേഷണമുണ്ടായിട്ടില്ല. കൊലപാതകത്തിനു പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്നറിയാന്‍ സാധ്യതയുള്ള കാര്യങ്ങളെല്ലാം സിപിഎമ്മിന്റെ സമ്മര്‍ദമുള്ളതിനാല്‍ അന്വേഷണോദ്യോഗസ്ഥര്‍ പരിശോധിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. കൊലപാതകം മുമ്പേ പ്ലാന്‍ ചെയ്തതാണ്. ഇടുക്കിയില്‍ വച്ചുതന്നെ വകവരുത്താനായിരുന്നു തീരുമാനം. എന്നാല്‍, ബസ്സില്‍ പോവാതിരുന്നതുമൂലം അതു സാധിച്ചില്ല.
രാത്രിയില്‍ കോളജിലെത്തിയ അഭിമന്യുവിനെ പുറത്തേക്ക് എത്തിച്ച് കുത്തിക്കൊല്ലുകയായിരുന്നു - തുടങ്ങിയ പ്രചാരണങ്ങളാണ് മേഖലയില്‍ സിപിഎം നടത്തുന്നത്. ഇടുക്കിയില്‍ നിന്നുള്ള ഒരു വാര്‍ത്താ പോര്‍ട്ടല്‍ പോലിസിനെ ഉദ്ധരിച്ചെന്ന രീതിയില്‍ ഇക്കാര്യം റിപോര്‍ട്ട് ചെയ്തിരുന്നു. അതുതന്നെയാണ് കേസ് വഴി തിരിച്ചുവിടാന്‍ പോലിസ് വിശദീകരണമെന്ന രീതിയില്‍ സിപിഎം വ്യാപകമായി പ്രചരിപ്പിക്കുന്നത്.  ശരിയായ അന്വേഷണം നടക്കണമെന്നും കേസ് അട്ടിമറിക്കുന്നത് ഒഴിവാക്കണമെന്നുമാണ് മേഖലയിലെ ജനങ്ങളുടെ ആവശ്യം.
Next Story

RELATED STORIES

Share it