അപ്രാണി കൃഷ്ണകുമാര്‍ വധം രണ്ടു പ്രതികള്‍ക്ക് ജീവപര്യന്തം തടവും പിഴയും

തിരുവനന്തപുരം: പ്രമാദമായ അപ്രാണി കൃഷ്ണകുമാര്‍ വധക്കേസില്‍ രണ്ടു പ്രതികള്‍ക്ക് ജീവപര്യന്തം തടവും പിഴയും. രണ്ടാം പ്രതി ആറ്റിപ്ര മണക്കാട്ടുവിളാകം വീട്ടില്‍ പീലി ഷിബുവിന് (38) ജീവപര്യന്തം തടവും രണ്ടുലക്ഷം രൂപ പിഴയും അഞ്ചാംപ്രതി ആറ്റിപ്ര സ്റ്റേഷന്‍ കടവ് തെക്കേവിളാകം വീട്ടില്‍ കരാട്ടെ സുരേഷിന് (40) ഇരട്ടജീവപര്യന്തം കഠിനതടവും നാലുലക്ഷം രൂപ പിഴയുമാണ് കോടതി ശിക്ഷ വിധിച്ചത്.

ഒന്നാം അഡീഷനല്‍ സെഷന്‍സ് ജഡ്ജി കെ പി ഇന്ദിരയാണ് വിധിപ്രഖ്യാപനം നടത്തിയത്. പിഴത്തുകയില്‍ നിന്ന് 75,000 രൂപ വീതം കേസിനാസ്പദമായ സംഭവത്തില്‍ പരിക്കേറ്റ ഉല്ലാസ്, സജു എന്നിവര്‍ക്കും മൂന്നുലക്ഷം രൂപ കൊല്ലപ്പെട്ട കൃഷ്ണകുമാറിന്റെ അനന്തരാവകാശികള്‍ക്ക് നല്‍കാനും കോടതി ഉത്തരവായി. ഒന്നാംഘട്ട വിചാരണയില്‍ മുന്നാംപ്രതി കൊച്ചുവാവ എന്ന പ്രദീഷ്, ആറാംപ്രതി അമ്പലമുക്ക് കൃഷ്ണകുമാര്‍ എന്ന കൃഷ്ണകുമാര്‍, ഒമ്പതാംപ്രതി ഓംപ്രകാശ്, ഏഴാംപ്രതി ജമന്തി അരുണ്‍ എന്ന അരുണ്‍ 10ാം പ്രതി പ്രശാന്ത് 11ാം പ്രതി വേണുക്കുട്ടന്‍ എന്നിവരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു.

2007 ഫെബ്രുവരി 20നാണ് കൃഷ്ണകുമാറിനെ ഇപ്പോള്‍ ശിക്ഷിക്കപ്പെട്ട പ്രതികളും നേരത്തെ ശിക്ഷിക്കപ്പെട്ട പ്രതികളും ഒളിവിലായ ത്രീഡി അരുണ്‍, അമീര്‍ എന്നിവരും ചേര്‍ന്ന് ചാക്ക ബൈപാസില്‍വച്ച് വെട്ടിക്കൊലപ്പെടുത്തിയത്. കുപ്രസിദ്ധ ഗുണ്ടയായ ഓംപ്രകാശ്, കോണ്‍ട്രാക്ടര്‍ പ്രശാന്ത്, കരാട്ടേ സുരേഷ് എന്നിവര്‍ മറ്റ് പ്രതികളുമായി ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയുടെ ഫലമായാണ് കൊല നടന്നത്.

ആദ്യത്തെ വിചാരണ സമയത്ത് വിസ്തരിച്ച സാക്ഷികളില്‍ നിന്നും കോടതി വീണ്ടും മൊഴിയെടുത്തു. നേരത്തെ കൂറുമാറിയിരുന്ന പല സാക്ഷികളും പ്രോസിക്യൂഷന് അനുകൂലമായി മൊഴി നല്‍കി. പാര്‍വതി പുത്തനാറിലെ മണലെടുപ്പുമായി ബന്ധപ്പെട്ട് കരാറുകാരന്‍ പ്രശാന്തും അപ്രാണി കൃഷ്ണകുമാറും തമ്മിലുണ്ടായ തര്‍ക്കമാണ് കൊലയില്‍ കലാശിച്ചത്.

കേസില്‍ 40 സാക്ഷികളെ വിസ്തരിച്ചു. 109 രേഖകളും 27 തൊണ്ടി മുതലുകളും കോടതി തെളിവായി സ്വീകരിച്ചു. കേസിന്റെ വിചാരണവേളയില്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ മൊഴി പറഞ്ഞിട്ട് പിന്നീട് മൊഴി മാറ്റിപ്പറഞ്ഞ സദാശിവനെന്ന സാക്ഷിക്കെതിരേ കോടതി കേസെടുക്കുകയും ചെയ്തു. ഇപ്പോള്‍ വിജിലന്‍സ് ഡിവൈ.എസ്.പിയായിരിക്കുന്ന ആര്‍ മഹേഷ്, സബ് ഇന്‍സ്‌പെക്ടര്‍ സി മോഹനന്‍, ഹെഡ്‌കോണ്‍സ്റ്റബിള്‍ ദിലീപ് എന്നിവരടങ്ങിയ സംഘമാണ് കേസന്വേഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ വി സാജന്‍ പ്രസാദ്, അഡ്വ. ലിജി ലിന്‍സ്ഡിന്‍ എന്നിവര്‍ ഹാജരായി.
Next Story

RELATED STORIES

Share it