Flash News

അപകീര്‍ത്തികരമായ വാര്‍ത്ത : റിപബ്ലിക് ചാനലിനെതിരേ തരൂര്‍ മാനനഷ്ടക്കേസ് ഫയല്‍ചെയ്തു



ന്യൂഡല്‍ഹി: റിപബ്ലിക് ചാനലിനെതിരേ കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ശശി തരൂര്‍ മാനനഷ്ടക്കേസ് ഫയല്‍ചെയ്തു. രണ്ടുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് തരൂര്‍ ഡല്‍ഹി ഹൈക്കോടതിയില്‍ കേസ് ഫയല്‍ചെയ്തിരിക്കുന്നത്. ചാനലിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമി, റിപബ്ലിക് ചാനലിന്റെ പ്രധാന ഓഹരി ഉടമകളായ എആര്‍ജി ഔട്ട്‌ലയര്‍ മീഡിയ, എഎന്‍പിഎല്‍ എന്നിവരെയും എതിര്‍കക്ഷികളാക്കിയാണ് തരൂര്‍ കേസ് ഫയല്‍ ചെയ്തത്. തരൂരിന്റെ ഭാര്യ സുനന്ദാപുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് ഈ മാസം എട്ടിനും 13നും ഇടയില്‍ ചാനല്‍ സംപ്രേഷണം ചെയ്ത വാര്‍ത്തകള്‍ തനിക്കു മാനഹാനിയുണ്ടാക്കുന്നതാണ് എന്നാരോപിച്ചാണ് തരൂരിന്റെ നടപടി. ചാനലില്‍ വന്ന വാര്‍ത്തകള്‍ പൊതുപ്രവര്‍ത്തകനായ തന്നെ അപമാനിക്കുന്ന വിധത്തിലാണെന്നും അന്വേഷണം പുരോഗമിക്കുന്ന കേസില്‍ ഇത്തരം വാര്‍ത്തകള്‍ സംപ്രേഷണം ചെയ്യുന്നത് അന്വേഷണ ഉദ്യോഗസ്ഥരെ സ്വാധീനിക്കാനിടയുണ്ടെന്നും അഭിഭാഷകരായ മുഹമ്മദലി ഖാന്‍, ഗൗരവ് ഗുപ്ത എന്നിവര്‍ മുഖേന സമര്‍പ്പിച്ച ഹരജിയില്‍ തരൂര്‍ ചൂണ്ടിക്കാട്ടി. സുനന്ദയുടെ മരണത്തെക്കുറിച്ചുള്ള അന്വേഷണം പൂര്‍ത്തിയാക്കുംവരെ ഇതു സംബന്ധിച്ച വാര്‍ത്തകള്‍ സംപ്രേഷണം ചെയ്യുന്നതില്‍നിന്ന് മാധ്യമങ്ങളെ വിലക്കണമെന്നും തരൂര്‍ ആവശ്യപ്പെട്ടു. സുനന്ദയുടെ സംഭാഷണങ്ങളടങ്ങുന്ന ടേപ്പ് മോഷ്ടിച്ചുവെന്ന് ആരോപിച്ച് ടൈംസ് നൗ ചാനല്‍ നല്‍കിയ കേസില്‍ കഴിഞ്ഞയാഴ്ച ഡല്‍ഹി ഹൈക്കോടതി അര്‍ണബിനും ചാനല്‍ ലേഖിക പ്രേമ ശ്രീദേവിക്കും നോട്ടീസയച്ചിരുന്നു.
Next Story

RELATED STORIES

Share it