Idukki local

അപകടക്കെണിയൊരുക്കി ടൗണില്‍ ദേശീയപാതയോരം ചളിക്കുളം



അടിമാലി: അപകടക്കെണിയൊരുക്കി ടൗണില്‍ ദേശീയപാതയോര ചളിക്കുളം. പുതുതായി നിര്‍മാണം പൂര്‍ത്തിയാക്കിയ അടിമാലി-കുമളി 185 ദേശീയപാതയുടെ ആരംഭത്തിലാണ് അപകടക്കെണി. ടൗണില്‍ മാര്‍ക്കറ്റ് ജംങ്ഷനിലെ പഴയ യൂണിയന്‍ ബാങ്കിന് എതിര്‍വശത്താണ് വലിയ ചെളിക്കെട്ട് അപകടം ക്ഷണിച്ചുവരുത്തുന്നത്. ദേശീയപാതാ നിര്‍മ്മാണത്തിന്റെ ഭാഗമായി നിലവിലുള്ള റോഡ് ലെവലിംങ് പൂര്‍ത്തിയാക്കി ടാറിംങ് നടത്തിയതോടെ ഇവിടെ താഴ്ന്ന നിലയില്‍ കുഴിയായിരുന്നു. ഇതോടെ ഈ ഭാഗത്തെ മഴവെള്ളം ഓടയിലേക്ക് ഒഴുകുന്നതിനുള്ള സ്ഥലം ഇല്ലാതായതാണ് പ്രതിസന്ധിക്ക് തുടക്കമിട്ടത്. ശക്തമായ മഴയായതോടെ വെള്ളക്കെട്ട് വര്‍ദ്ധിച്ച് വലിയ ചെളിക്കുളമായി മാറി. കുഴിയറിയാതെ ഇരുചക്രവാഹനങ്ങളും വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള കാല്‍നടയാത്രക്കാരും ഇവിടെ വീണ് അപകടം സംഭവിക്കുന്നത് പതിവായി മാറി. ഇതോടെ സമീപത്തെ വ്യാപാരികള്‍ ഇവിടെ കുഴിടയച്ച് ടൈല്‍ വിരിച്ച് മനോഹരമാക്കുന്നതിന് ദേശീയപാതാ അധികൃതരെ സമീപിച്ചെങ്കിലും നിര്‍മ്മാണത്തിന് അനുമതി ലഭിച്ചില്ല. അപകടം നിത്യസംഭവമായതോടെ ചെളിക്കുഴിക്ക് ചുറ്റും റിബണ്‍ വലിച്ചുകെട്ടി മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. സമീപത്ത് ബസ്‌റ്റോപ്പ് ഉള്ളതിനാല്‍ ടാറിംങില്‍ നിര്‍ത്തുന്ന ബസില്‍ നിന്നും ചെളിക്കുഴിയുടെ അപകടാവസ്ഥ മനസിലാക്കാതെ യാത്രക്കാര്‍ വെള്ളത്തിലേക്ക് കാല്‍വയ്ക്കുന്നതോടെ ചെളിയില്‍ കാല്‍പുതഞ്ഞ് അപകടം സംഭവിക്കുന്നതും പതിവാണ്. പുതിയ ദേശീയപാതയുടെ ചിലയിടങ്ങളില്‍ മാത്രമാണ് ടാറിംങിനു ശേഷം ദേശീയപതാ അധികൃതര്‍ കരാറുകാരെ ഉപയോഗിച്ച് മണ്ണിട്ട് കുഴി നികത്തിയിട്ടുള്ളത്. ബാക്കിയുള്ള സ്ഥലങ്ങളില്‍ സമാനമായ രീതിയില്‍ അപകടക്കെണിയാണ്.
Next Story

RELATED STORIES

Share it