malappuram local

അപകടം നിത്യസംഭവമായ സ്ഥലം നാട്ടുകാര്‍ ശുചീകരിച്ചു

കാളികാവ്: ജങ്ഷന് സമീപം അപകടങ്ങള്‍ പതിവായ സ്ഥലം സമീപവാസികള്‍ ശുചിയാക്കി. റോഡിലെ കുഴിയില്‍ വെള്ളം കെട്ടി നിന്നതും മരം വീണതുമായിരുന്നു അപകടങ്ങള്‍ക്ക് കാരണമായത്. കാളികാവ് കാര്‍ഷിക വികസന കേന്ദ്രത്തിന് സമീപത്താണ് അപകടങ്ങള്‍ നിത്യ സംഭവമായി മാറിയത്. കഴിഞ്ഞ വര്‍ഷമുണ്ടായ ശക്തമായ മണ്ണിടിച്ചിലിനെ തുടര്‍ന്ന് റോഡ് തകര്‍ന്ന് വലിയ കുഴി രൂപപ്പെട്ടിട്ടുണ്ട്. റോഡ് തകര്‍ന്നതോടെ കുഴിയില്‍ ചാടി നിരവധി വാഹനങ്ങള്‍ അപകടത്തില്‍പെട്ടിരുന്നു.
മഴക്കാലമായതോടെ അപകടങ്ങള്‍ നിത്യ സംഭവമായി. ഞായറാഴ്ച രാത്രി ഒരു മരം റോഡിലേക്ക് വീണു. ഇതോടെ ബൈക്ക് യാത്രക്കാരന്‍ അപകടത്തില്‍പെടുകയും ചെയ്തു. പരിക്കുകള്‍ ഗുരുതരമല്ല. ഉടന്‍ തന്നെ സമീപവാസികള്‍ എക്‌സ്‌കവേറ്റര്‍ ഉപയോഗിച്ച് റോഡിലെ മരം മാറ്റുകയും വൃത്തിയാക്കുകയും ചെയ്തു. റോഡില്‍ തളം കെട്ടി നിന്ന വെള്ളം ഒഴുകിപ്പോക്കുകയും ചെയ്തതോടെ പ്രശ്‌നങ്ങള്‍ക്ക് താല്‍കാലിക പരിഹാരമായി. അധികൃതര്‍ ആരും തന്നെ ഇവിടെയുള്ള അപകടക്കെണി ഒഴിവാക്കാന്‍ നടപടി സ്വീകരിച്ചിരുന്നില്ല. രാത്രിയാണെങ്കിലും നാട്ടുകാര്‍ രംഗത്തിറങ്ങിയതോടെ പ്രശ്‌നത്തിന് താല്‍കാലിക പരിഹാരമായി. അനാവശ്യമായി നിര്‍മിച്ച ഓവുപാലത്തിന്റെ സംരക്ഷണ ഭിത്തിയും അപകടങ്ങള്‍ക്ക് കാരണമായിട്ടുണ്ട്.
Next Story

RELATED STORIES

Share it