wayanad local

അന്വേഷണസംഘത്തെ ഞെട്ടിച്ച മയക്കുമരുന്നു വേട്ട



മാനന്തവാടി: കുന്നോളം മാത്രം ലഹരിമരുന്നു പ്രതീക്ഷിച്ച അന്വേഷണസംഘം, മുന്നില്‍ മലയോളം ലഹരിമരുന്നു ശേഖരം കണ്ടപ്പോള്‍ ആദ്യം ഞെട്ടി. ആശങ്കയ്‌ക്കൊടുവില്‍, പിടികൂടിയതു രണ്ടുകോടിയോളം രൂപയുടെ ഹെയറോയിനാണെന്ന് ഉറപ്പായപ്പോള്‍ അത്യാഹ്ലാദം. ജില്ലയിലെ തന്നെ ഏറ്റവും വലിയ മയക്കുമരുന്നു വേട്ടയാണ് മാനന്തവാടിയിലേത്. ജില്ലാ പോലിസ് മേധാവി ഡോ. അരുണ്‍ ബി കൃഷ്ണയുടെ കീഴിലുള്ള ആന്റി നാര്‍കോട്ടിക് ടീമിന് ലഭിച്ച രഹസ്യവിവരമാണ് അഞ്ചംഗ സംഘത്തെ വലയിലാക്കിയത്. എരുമത്തെരുവിലെ ലോഡ്ജ് കേന്ദ്രീകരിച്ച് മയക്കുമരുന്ന് ഇടപാട് നടക്കുമെന്ന സൂചന പ്രകാരമാണ് പോലിസ് സംഘം എത്തിയത്. ചുരുങ്ങിയ അളവിലുള്ള മയക്കുമരുന്ന് പിടികൂടാനായേക്കുമെന്ന പ്രതീക്ഷ പോലിസിനുണ്ടായിരുന്നു. എന്നാല്‍, പിടിച്ചെടുത്ത മയക്കുമരുന്നിനാവട്ടെ, ഒരു കിലോഗ്രാം തൂക്കമുണ്ടായിരുന്നു. രണ്ടുകോടിയോളം വിലവരുന്ന മയക്കുമരുന്ന് കടത്തുമ്പോള്‍ പ്രതികള്‍ സായുധരായിരിക്കുമോയെന്നായിരുന്നു പോലിസിന്റെ ആശങ്ക. ലഭിച്ചത് മയക്കുമരുന്ന് തന്നെയാണോ എന്നും സംശയിച്ചു. മയക്കുമരുന്നാണെന്ന് ഉറപ്പായതോടെ ഏതിനമെന്ന സംശയമായി പിന്നീട്. ലഹരിമരുന്നിന്റെ ഇനവും അളവും പരിശോധിക്കാന്‍ പോലിസിന്റെ കൈവശമുള്ള നാര്‍കോട്ടിക് കിറ്റില്‍ ഉപയോഗിക്കേണ്ട രാസദ്രവ്യത്തിന്റെ കാലാവധി കഴിഞ്ഞതിനാല്‍ പരിശോധന നീണ്ടു. തുടര്‍ന്ന് മീനങ്ങാടിയില്‍ നിന്ന് എക്‌സൈസ് നാര്‍കോട്ടിക് സെല്ലിലുള്ള കിറ്റെത്തിച്ചാണ് പിടിച്ചെടുത്തത് ഹെറോയിന്‍ തന്നെയെന്ന് ഉറപ്പാക്കിയത്. ഹെറോയിന്‍ ഉത്തര്‍പ്രദേശില്‍ നിന്നെത്തിച്ചയാള്‍ വെറും കരിയര്‍ മാത്രമാണെന്നും യഥാര്‍ഥ ഉടമസ്ഥന്‍ മറഞ്ഞിരിക്കാമെന്നുമാണ് പോലിസിന്റെ നിഗമനം. മൂന്നു ഭാഗത്ത് കൂടിയും വിവിധ സംസ്ഥനങ്ങളിലേക്ക് കടക്കാന്‍ വളരെ സുരക്ഷിതമായ സ്ഥലമെന്ന നിലയിലായിരിക്കാം മയക്കുമരുന്ന് കൈമാറ്റത്തിന് വയനാട് തിരഞ്ഞെടുത്തതെന്നും പോലിസ് കരുതുന്നു.
Next Story

RELATED STORIES

Share it