Flash News

അന്വേഷണം ഇഴയുന്നു; രാജീവിന്റെ സിപിഎം ബന്ധങ്ങള്‍ വിവാദത്തില്‍

പി എച്ച് അഫ്‌സല്‍

തൃശൂര്‍: കള്ളനോട്ടും അച്ചടിയന്ത്രങ്ങളുമായി ബിജെപി നേതാവ് പിടിയിലായിട്ടും പ്രധാനപ്രതിയും ബിജെപി ഒബിസി മോര്‍ച്ച മണ്ഡലം ജനറല്‍ സെക്രട്ടറിയുമായ രാജീവിന്റെ അറസ്റ്റ് വൈകുന്നതില്‍ ദുരൂഹത. രാജീവിനെ സംരക്ഷിക്കുന്നത് സിപിഎം സുഹൃത്തുക്കളാണെന്ന് കൊടുങ്ങല്ലൂര്‍ മേഖലയില്‍ പ്രചാരണമുണ്ട്. ഡിവൈഎഫ്‌ഐ മതിലകം മേഖലാ സെക്രട്ടറി വിജിത്ത് പൊക്ലായിക്ക് രാജീവുമായുള്ള ബന്ധമാണ് വിവാദമായിരിക്കുന്നത്. പഠനകാലം മുതല്‍ സുഹൃത്തുക്കളായിരുന്ന രാജീവും ഡിവൈഎഫ്‌ഐ നേതാവ് വിജിത്തും ദിവസങ്ങള്‍ക്ക് മുമ്പ് മൊറ്റൊരു സുഹൃത്തിന്റെ വിവാഹത്തില്‍ ഒരുമിച്ച് പങ്കെടുത്തിരുന്നു. കള്ളനോട്ട് കേസിലെ പ്രതികള്‍ക്ക് ഉന്നത ബിജെപി നേതാക്കളുമായി ബന്ധമുണ്ടെന്ന് തെളിവുകള്‍ ലഭിച്ചിട്ടും ആ നിലയില്‍ അന്വേഷണം പുരോഗമിക്കാത്തതിന് പിന്നില്‍ രാജീവിന്റെ രാഷ്ട്രീയ ബന്ധങ്ങളാണെന്ന് ആരോപണമുണ്ട്. കള്ളനോട്ട് നിര്‍മാണം പോലുള്ള ഗുരുതരമായ കുറ്റകൃത്യം നടന്നിട്ടും ഉന്നത ഉദ്യോഗസ്ഥരെ അന്വേഷണ ചുമതല ഏല്‍പിക്കാത്തതും ചര്‍ച്ചയായി. ഉന്നത പോലിസ് ഉദ്യോഗസ്ഥരെ അന്വേഷണ ചുമതല ഏല്‍പിക്കണമെന്ന് സിപിഎമ്മും സിപിഐയും കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. കള്ളനോട്ട് കേസില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് സിപിഎം ജില്ലാ സെക്രട്ടറി കെ രാധാകൃഷ്ണന്‍ വാര്‍ത്താസമ്മേളനം നടത്തിയെങ്കിലും സര്‍ക്കാരും ആഭ്യന്തരവകുപ്പും തണുപ്പന്‍ സമീപനമാണ് സ്വീകരിക്കുന്നത്. കേസില്‍ മറ്റു ആര്‍എസ്എസ്-ബിജെപി നേതാക്കളെ ബന്ധിപ്പിക്കുന്ന നിരവധി തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടും ആ നിലയ്ക്കുള്ള അന്വേഷണങ്ങളൊന്നും നടക്കുന്നില്ല. യുവമോര്‍ച്ച കൈപമംഗലം വൈസ് പ്രസിഡന്റ് സുധീഷ് പണ്ടൂരങ്കന്റെ രാജീവുമായുള്ള ബന്ധം പ്രദേശത്ത് ചര്‍ച്ചയാണ്. എന്നാല്‍, ബിജെപി നേതാക്കള്‍ക്കെതിരേ അന്വേഷണം നീളാതിരിക്കാന്‍ പാര്‍ട്ടിയുടെ സംസ്ഥാന നേതാക്കള്‍ തന്നെ നേരിട്ട് ഇടപെടുന്നതായാണ് വിവരം. അതേസമയം, കള്ളനോട്ട് കേസില്‍ പിടിയിലായ രാഗേഷും ഒളിവില്‍ കഴിയുന്ന രാജീവും നേതൃപദവിയിലെത്തിയത് ആര്‍എസ്എസ് നോമിനികളായാണെന്ന് ബിജെപി മുന്‍കാല ഭാരവാഹികള്‍ ആരോപിക്കുന്നു. കൊടുങ്ങല്ലൂര്‍ മേഖലയിലെ സജീവ പ്രവര്‍ത്തകരെ പോലും മാറ്റിനിര്‍ത്തിയാണ് ഒരു സുപ്രഭാതത്തില്‍ ഇരുവരും ബിജെപിയുടെ പ്രാദേശിക നേതാക്കളായി ഉയര്‍ന്നുവന്നത്.  ഉന്നത നേതാക്കളുമായുള്ള ബന്ധവും സാമ്പത്തിക പിന്തുണയുമാണ്  പദവികളിലെത്തിച്ചതെന്ന് മുന്‍ ഭാരവാഹികള്‍ പറയുന്നു.  എ നാഗേഷ് ബിജെപി ജില്ലാ പ്രസിഡന്റായതോടെ മുന്‍ ജില്ലാ വൈസ് പ്രസിഡന്റ് എ ആര്‍ ശ്രീകുമാറിനെ   നീക്കി ആര്‍എസ്എസ് നോമിനികളായ രാഗേഷിനേയും രാജീവിനേയും ഭാരവാഹിത്വത്തിലേക്ക് ഉയര്‍ത്തുകയായിരുന്നു. രാഗേഷിനെ ബിജെപി കിഴക്കന്‍ മേഖലാ പ്രസിഡന്റായും ഒളിവില്‍ കഴിയുന്ന രാജീവിനെ യുവമോര്‍ച്ച കയ്പമംഗലം വൈസ് പ്രസിഡന്റായുമാണ് നിയമിച്ചത്. ഇതിനെതിരേ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ പ്രതിഷേധം ഉയര്‍ന്നെങ്കിലും ബിജെപി നേതാക്കള്‍ ഇടപെട്ട് ഒതുക്കുകയായിരുന്നു.
Next Story

RELATED STORIES

Share it