അന്തരംഗത്തിന്റെ പ്രവാചക ചര്യ

അന്തരംഗത്തിന്റെ പ്രവാചക ചര്യ
X


മുഹമ്മദ് നബിയുടെ   ജീവിതത്തിലൂടെ വായിച്ചു മനസ്സിലാക്കേണ്ട മഹിത ഗ്രന്ഥമാണ് വിശുദ്ധ ഖുര്‍ആന്‍. മുഹമ്മദ് നബി ഇല്ലായിരുന്നെങ്കില്‍ ലോക മാനവികതയ്ക്ക് ഖുര്‍ആന്‍ ലഭിക്കുമായിരുന്നില്ല. ഖുര്‍ആന്‍ ലോകത്തിനു ലഭിച്ച മുഹമ്മദ് നബിയുടെ ജീവിതചര്യയിലൂടെ തന്നെ വേണം ഖുര്‍ആനെ മനസ്സിലാക്കാന്‍. ഖുര്‍ആന്‍ മുഹമ്മദ് നബിയിലൂടെ ലോകത്തിനു ലഭ്യമായി കിട്ടിയ മാസം എന്നതാണ് റമദാന്റെ പ്രത്യേകത. ഏതെങ്കിലും പ്രത്യേക മതാചാരം പട്ടാളച്ചിട്ടയുടെ കാര്‍ക്കശ്യത്തോടെ വളരെ യാന്ത്രികമായി അവലംബിച്ചു ജീവിച്ചതുകൊണ്ടല്ല മുഹമ്മദ് നബിക്ക് ഖുര്‍ആന്‍ ലഭ്യമായത്. അദ്ദേഹം പ്രപഞ്ചം മുഴുവനും നിലനിര്‍ത്തുന്ന ഒരു മഹാശക്തിയില്‍, സാധാരണ ഭാഷയില്‍ പറഞ്ഞാല്‍ ദൈവത്തില്‍ വിശ്വാസമര്‍പ്പിച്ച് ധ്യാനനിരതനായി ഹിറാ ഗുഹയുടെ ഏകാന്തതയില്‍ കഴിച്ചുകൂട്ടി.  ആ ധ്യാനജീവിതമാണ് ഖുര്‍ആനെ ലോകത്തിനു ലഭ്യമാക്കാനുള്ള മാനവമാധ്യമമായി മുഹമ്മദ് നബിയെ മാറ്റിമറിച്ചത്. അതിനാല്‍ ഹിറാ ഗുഹയിലെ മുഹമ്മദിന്റെ ധ്യാനചര്യ തെല്ലെങ്കിലും അവലംബിക്കാതെ ഒരാള്‍ക്കും ഖുര്‍ആന്‍ എന്തെന്നു മനസ്സിലാക്കാനാവില്ലെന്നാണ് ഈയുള്ളവനു തോന്നുന്നത്. അതുകൊണ്ടു തന്നെ റമദാന്‍ മാസം മുഹമ്മദിന്റെ ധ്യാനചര്യനിഷ്ഠ പിന്‍പറ്റി ഖുര്‍ആനെ നെഞ്ചേറ്റാനുള്ള സന്ദര്‍ഭമായി ഓരോ വിശ്വാസിയും ഉപയോഗപ്പെടുത്തേണ്ടതുണ്ട്. അടുക്കള വിഭവസമൃദ്ധമാക്കാനുള്ളതിനേക്കാള്‍ അന്തഃരംഗം ധ്യാനസമൃദ്ധമാക്കാനുള്ള മാസമാണ് റമദാന്‍. 'അങ്ങാടിയിലൂടെ നടക്കുകയും ആഹാരം കഴിക്കുകയും ചെയ്യുന്നവരായിട്ടല്ലാതെ പ്രവാചകന്മാരെ നാം ഭൂമിയില്‍ നിയോഗിച്ചിട്ടില്ല' എന്നു വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു പറയുന്നുണ്ട്. പക്ഷേ, അതിനര്‍ഥം അങ്ങാടിയും അടുക്കളയും ഊര്‍ജസ്വലമാക്കുക എന്നതില്‍ പ്രവാചക ചര്യ ചുരുക്കപ്പെട്ടിരിക്കുന്നു എന്നതല്ല. അങ്ങാടിയുടെയും അടുക്കളയുടെയും മണിയറയുടെയും പ്രവാചകചര്യ പിന്‍പറ്റാന്‍ വര്‍ഷത്തില്‍ 11 മാസങ്ങളുണ്ട്. പക്ഷേ, റമദാന്‍ എന്ന മാസം ഹിറാ ഗുഹയിലെ പ്രവാചകരുടെ ധ്യാനചര്യ പിന്‍പറ്റാനുള്ള മാസമാണ്. ഇക്കാര്യം ഗൗരവതരമായി പരിഗണിക്കാന്‍ വിശ്വാസിസമൂഹം പ്രതിജ്ഞാബദ്ധമാവണം. അങ്ങാടിയിലെ പ്രവാചകചര്യയോടൊപ്പം അന്തഃരംഗത്തിലെ പ്രവാചകചര്യയും പിന്‍പറ്റാന്‍ സ്വയം ബാധ്യതപ്പെട്ടവരാണ് വിശ്വാസിസമൂഹം എന്നു വിട്ടുവീഴ്ചയില്ലാതെ ഓര്‍മിക്കണം. എത്രത്തോളം ഇതോര്‍മിക്കപ്പെടുന്നുണ്ടെന്ന് സ്വയം വിമര്‍ശനപരമായി പരിശോധിക്കണം. 'ലോകത്തിനു കാരുണ്യമായിട്ടല്ലാതെ നിന്നെ നാം നിയോഗിച്ചിട്ടില്ല' എന്ന് മുഹമ്മദ് നബിയെപ്പറ്റി അല്ലാഹു ഖുര്‍ആനില്‍ പറഞ്ഞിരിക്കുന്നു. ഇതിനര്‍ഥം കാരുണ്യമാണ് പ്രവാചകചര്യയുടെ ഹൃദയം എന്നത്രേ. എന്താണ് കാരുണ്യം? പ്രതികാരബുദ്ധിയുടെ വികാരപ്രകടനമല്ല. പൊറുത്തുകൊണ്ട് പൊറുക്കാനും പൊറുപ്പിക്കാനുമുള്ള സന്നദ്ധതയാണ്. മുഹമ്മദ് നബി, തന്നെ ദ്രോഹിച്ചവരോട് പകവീട്ടാന്‍ വേണ്ട ബലവും അധികാരവും ഉണ്ടായപ്പോഴും ആരോടും പകവീട്ടിയിട്ടില്ല. ദ്രോഹിച്ചവര്‍ക്കെല്ലാം പൊതുമാപ്പ് നല്‍കി വിട്ടയച്ചു. അദ്ദേഹം ലോകത്തിനു കാരുണ്യമാണ് താനെന്നു ദൃഷ്ടാന്തീകരിച്ചു. ഈ കാരുണ്യത്തിന്റെ നബിചര്യ പിന്‍പറ്റിയാല്‍ മാത്രമേ ഇസ്‌ലാം സമാധാനമാണെന്ന കാര്യം അനുഭവിക്കാനും അനുഭവപ്പെടുത്തുവാനുമാവൂ! തീര്‍ച്ചയായും ദ്രോഹിച്ചവര്‍ക്കെതിരേ പ്രതിക്രിയ എന്ന നിലയില്‍ ദ്രോഹം ചെയ്യാനുള്ള അവകാശം ഖുര്‍ആന്‍ അംഗീകരിക്കുന്നുണ്ട്. ചെകിട്ടത്തടിച്ചവന്റെ ചെകിട്ടത്തടിക്കുന്നതിന് അടി കൊണ്ടവര്‍ക്ക് അവകാശമുണ്ട്.പക്ഷേ, പ്രതിക്രിയ അഥവാ പ്രതികാരം പാപമോചനത്തിന് ഉതകുമെന്ന് ഖുര്‍ആന്‍ പറയില്ല. എന്നാല്‍, ദ്രോഹിച്ചവരോട് ദ്രോഹിക്കപ്പെട്ടയാള്‍ പൊറുത്താല്‍ അതു പാപമോചനകരമാവുമെന്ന് ഖുര്‍ആന്‍ പറയുന്നു. ചുരുക്കത്തില്‍, പ്രതിക്രിയാ കലാപങ്ങളല്ല, പൊറുക്കാനുള്ള സന്നദ്ധതയാണ് ഖുര്‍ആന്‍ പ്രഖ്യാപിക്കുന്ന കാരുണ്യാധിഷ്ഠിത മതത്തിന്റെ കാതല്‍. ആ കാതല്‍ കണ്ടെത്താനുള്ള ഹൃദയസംസ്‌കരണത്തിന് റമദാന്‍ നോമ്പ് സഹായിക്കട്ടെ.
Next Story

RELATED STORIES

Share it