World

അനുരഞ്ജന ചര്‍ച്ചകളില്‍ താല്‍പര്യം പ്രകടിപ്പിച്ച് കിം

പ്യോങ്യാങ്: ദക്ഷിണ കൊറിയയുമായുള്ള അനുരഞ്ജനചര്‍ച്ചകളില്‍  പുരോഗതിയുണ്ടാക്കുന്നതില്‍ താല്‍പര്യം പ്രകടിപ്പിച്ച് ഉത്തര കൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്‍. ദക്ഷിണ കൊറിയ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ഉത്തര കൊറിയന്‍ ഉന്നത പ്രതിനിധി സംഘം രാജ്യത്ത് തിരിച്ചെത്തിയ ശേഷമാണ് കിം ജോങ് ഉന്നിന്റെ പ്രതികരണം. ദക്ഷിണ കൊറിയയുമായുള്ള ചര്‍ച്ചകളുടെയും അനുരഞ്ജനത്തിന്റെയും ഊഷ്മളമായ അന്തരീക്ഷം മെച്ചപ്പെടുത്തണമെന്നു കിം ജോങ് ഉന്‍ അഭിപ്രായപ്പെട്ടു. കിം ജോങ് ഉന്നിന്റെ സഹോദരി കിം യോ ജോങിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ദക്ഷിണ കൊറിയയില്‍ ത്രിദിന സന്ദര്‍ശനം പൂര്‍ത്തിയാക്കിയത്. ദക്ഷിണ കൊറിയയിലെ പ്യോങ്ചാങ്ങില്‍ നടക്കുന്ന ശീതകാല ഒളിംപിക്‌സിന്റെ പശ്ചാത്തലത്തിലായിരുന്നു സന്ദര്‍ശനം. ഇരു കൊറിയകള്‍ക്കുമിടയിലെ ബന്ധങ്ങള്‍ വര്‍ധിപ്പിക്കുന്നതിനു കിം ജോങ് ഉന്‍ നിര്‍ദേശം നല്‍കിയതായി ഉത്തര കൊറിയന്‍ ഔദ്യോഗിക മാധ്യമം റിപോര്‍ട്ട് ചെയ്തു. എന്നാല്‍, നിര്‍ദേശങ്ങള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല. അതേസമയം, ഉത്തര കൊറിയയുമായുള്ള ചര്‍ച്ചകളോട് യുഎസ് അനുകൂല നിലപാട് പ്രകടിപ്പിച്ചതായി ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ജെ ഇന്‍ അറിയിച്ചു. നേരത്തേ മൂണ്‍ ജെ ഇന്നുമായുള്ള കൂടിക്കാഴ്ചയ്ക്ക് കിം ജോങ് ഉന്‍ സന്നദ്ധത അറിയിച്ചിരുന്നു. ദക്ഷിണ കൊറിയ സന്ദര്‍ശിച്ച സഹോദരി മുഖേനയാണ് കിം ജോങ് ഉന്‍ ഇക്കാര്യം  അറിയിച്ചത്.
Next Story

RELATED STORIES

Share it