thrissur local

അനുബന്ധ റോഡിനുള്ള സ്ഥലം നാട്ടുകാര്‍ വിട്ടുനല്‍കും

മാള: തൃശൂര്‍, എറണാകുളം ജില്ലകള്‍ അതിര്‍ത്തി പങ്കിടുന്ന കുണ്ടൂരില്‍ ജനങ്ങളുടെ ചിരകാല സ്വപ്‌നമായ പാലം നിര്‍മാണം യാഥാര്‍ത്ഥ്യത്തിലേക്ക്. ഇരുകരകളിലും പാലത്തിന്റെ അനുബന്ധ റോഡിനായി സ്ഥലം വിട്ടുനല്‍കാന്‍ നാട്ടുകാര്‍ തയാറായതോടെയാണ് പാലത്തിനുള്ള സാധ്യത തെളിഞ്ഞത്.
കിഫ്ബി വഴി അംഗീകാരത്തിന് സമര്‍പ്പിച്ചിരിക്കുന്ന പദ്ധതിക്ക് അനുമതി കിട്ടുന്നതോടെ പാലം നിര്‍മാണം വേഗത്തിലാക്കാനുളള തയാറെടുപ്പിലാണ് അധികൃതര്‍. തൃശൂര്‍ ജില്ലയിലെ കുണ്ടൂരിനെയും എറണാകുളം ജില്ലയിലെ കുത്തിയതോടിനെയും ബന്ധിപ്പിക്കുന്ന പാലത്തിനായുള്ള മുറവിളിയ്ക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ചാലക്കുടിപ്പുഴയ്ക്ക് കുറുകെ നിര്‍മിക്കാനുദ്ദേശിക്കുന്ന പാലത്തിന് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് എല്ലാ ബജറ്റിലും തുക വകയിരുത്തിയിരുന്നു. പാലത്തിനായുളള പരിശോധന നടത്തുകയും സ്ഥലം അളന്ന് തിട്ടപ്പെടുത്തുകയും ചെയ്തു
. തുടര്‍ന്ന് പാലത്തിന്റെ രൂപരേഖ തയ്യാറാക്കി. എന്നാല്‍ റോഡിന് സ്ഥലം വിട്ടുനല്‍കാന്‍ നാട്ടുകാരില്‍ ചിലര്‍ തയ്യാറാകാതെ വന്നതോടെ പദ്ധതി വഴിമുട്ടി. പിന്നീട് പഞ്ചായത്ത് അംഗങ്ങള്‍ ഉള്‍പ്പെടെയുളളവര്‍ പരിസര വാസികളുമായി ചര്‍ച്ച നടത്തി. സംസ്ഥാന ബജറ്റില്‍ പാലത്തിനായി 25 കോടി രൂപയാണ് അനുവദിച്ചിരുക്കുന്നത്.
പാലം വരുന്നതോടെ കുണ്ടൂര്‍, കുഴൂര്‍ ഭാഗത്ത് നിന്ന് പറവൂര്‍, ആലുവ, ചാലാക്ക തുടങ്ങിയ ഭാഗങ്ങളിലേക്ക് എളുപ്പത്തില്‍ എത്താന്‍ ആകും. കുണ്ടൂരില്‍ നിന്ന് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നിരവധി ആളുകളാണ് ദിവസേന ആലുവയിലേക്കും മറ്റും പോകുന്നത്. കാര്‍ഷിക ഗ്രാമമായ കുഴൂരിന് എറണാകുളത്ത് പുതിയ വിപണികള്‍ കണ്ടെത്താനും പാലം വരുന്നതോടെ വഴിതെളിയും. കുഴൂര്‍, കണക്കന്‍കടവ്, മൂഴിക്കുളം എന്നീ വഴികളില്‍ കൂടിയാണ് ഇപ്പോള്‍ ജനം എറണാകുളം ഭാഗങ്ങളിലേക്ക് സഞ്ചരിക്കുന്നത്.
പുഴ മുറിച്ച് കടക്കുന്നതിന് ഇവിടെ കടത്തുവള്ളം ഉണ്ടെങ്കിലും ആളുകള്‍ വളരെ കുറവായതിനാല്‍ കൂടുതല്‍ തുക നല്‍കേണ്ടതായി വരുന്നതായി യാത്രക്കാര്‍ പറയുന്നു. ഈ പാലത്തിന് പുറമേ കൊച്ചുകടവ്-അയിരൂര്‍ പാലം കൂടി യാഥാര്‍ത്ഥ്യത്തിലേക്ക് എത്തിയാല്‍ ആലുവ, എറണാകുളം തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള യാത്ര കുറേക്കൂടി എളുപ്പമായി മാറും.
Next Story

RELATED STORIES

Share it