Pravasi

അനീമിയ രോഗികള്‍ നോമ്പെടുക്കുമ്പോള്‍ മുന്‍കരുതല്‍ സ്വീകരിക്കണം



ദോഹ: അനീമിയ രോഗികള്‍  നോമ്പെടുക്കുമ്പോള്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും വൈദ്യോപദേശം സ്വീകരിച്ചു വേണം വ്രതമെടുക്കാനെന്നും ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ വിദഗ്ധരുടെ മുന്നറിയിപ്പ്. നോമ്പെടുക്കുന്നത് അനീമിയ രോഗികളുടെ അവസ്ഥ കൂടുതല്‍ വഷളാക്കും. നിര്‍ജലീകരണവും, ബ്ലഡ് ഷുഗര്‍ കുറയുന്നതും ശരീരത്തെ ദോഷകരമായി ബാധിക്കുകയും തലച്ചോറിന്റെ പ്രവര്‍ത്തനത്തെ വരെ തകരാറിലാക്കുകയും ചെയ്യും. ചുവന്ന രക്താണുക്കള്‍ സാധാരണയേക്കാള്‍ കുറയുകയോ ചുവന്ന രക്താണുക്കളിലെ ഹീമോഗ്ലോബിന്‍ അളവ് സാധാരണയേക്കാള്‍ താഴെയാവുകയോ ചെയ്യുന്നതാണ് അനീമിയയുടെ അവസ്ഥ. ശരീരത്തിലെ സെല്ലുകളിലേക്ക് ആവശ്യത്തിന് ഓക്‌സിജന്‍ ലഭ്യമാക്കാനുള്ള സാഹചര്യമാണ് ഇതോടെ ഇല്ലാതാകുന്നത്. 400 തരം അനീമിയ രോഗങ്ങളുണ്ട്. എന്നാല്‍, അയേണ്‍ കുറവുമൂലമുണ്ടാകുന്ന അനീമിയയാണ് വ്യാപകമായി കണ്ടു വരുന്നത്. അനീമിയ രോഗികള്‍ ശ്രദ്ധ പുലര്‍ത്തുകയും മുന്‍കരുതല്‍ സ്വീകരിക്കുകയും ചെയ്താല്‍ സാധാരണ സ്ഥിതിയില്‍ സുരക്ഷിതമായി നോമ്പെടുക്കാന്‍ സാധിക്കുമെന്ന് വക്‌റ ഹോസ്പിറ്റലിലെ ക്ലിനിക്കല്‍ ന്യൂട്രീഷന്‍ വിഭാഗം സ്‌പെഷ്യലിസ്റ്റ് ഹനാദി ഫലാഹ് ഖുഫ്ഫ പറഞ്ഞു. അയേണ്‍ കുറവുള്ള രോഗികള്‍ക്ക് സുരക്ഷിതമായി നോമ്പെടുക്കാം. എന്നാല്‍, രോഗികള്‍ക്ക് മതിയായ വിശ്രമം ലഭിക്കുക എന്നത് പ്രധാനമാണ്. ശരീരത്തിന് ബലക്ഷയം, തളര്‍ച്ച, ശ്വാസതടസ്സം, കിതപ്പ് തുടങ്ങിയവയാണ് അനീമിയയുടെ പ്രധാന ലക്ഷണങ്ങള്‍. കുട്ടികളില്‍ അനീമിയ കണ്ടെത്തുക പ്രയാസകരമാണ്. ഡോക്ടര്‍മാര്‍ക്കു തന്നെ രക്ത പരിശോധനയിലൂടെയേ കുട്ടികളിലെ  അനീമിയ കണ്ടെത്താന്‍ കഴിയാറുള്ളൂ എന്നും അവര്‍ പറഞ്ഞു. അയേണ്‍ കൂടുതലുള്ള ഭക്ഷണങ്ങള്‍ അനീമിയ രോഗികള്‍ കഴിക്കേണ്ടതുണ്ട്. ഇറച്ചി, മീന്‍, കോഴി ഉല്‍പ്പന്നങ്ങള്‍ കഴിക്കുന്നതിലൂടെ അയേണ്‍ ലഭിക്കും. പച്ചക്കറി വിഭവങ്ങളായ ബീന്‍സ്, പയര്‍ വര്‍ഗങ്ങള്‍, ഇലക്കറികള്‍ എന്നിവയും അയേണ്‍ ഉല്‍പ്പാദിപ്പിക്കും. നോമ്പെടുക്കുന്ന അനീമിയ രോഗികള്‍ തങ്ങളുടെ അത്താഴത്തിലും ഇഫ്താര്‍ ഭക്ഷണത്തിലും ധാരാളം അയേണ്‍ ദായക വിഭവങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് അവര്‍ നിര്‍ദേശിച്ചു. ധാരാളം വെള്ളം കുടിക്കുന്നതിലും ശ്രദ്ധിക്കണം. വിറ്റാമിന്‍ സി ഉള്ള നാരങ്ങ, തക്കാളി എന്നിവ ഉള്‍പ്പെടുത്തണം. അതേസമയം കാപ്പി, ചായ എന്നിവ കഴിക്കുന്നത് അയേണ്‍ ഉല്‍പദനത്തിനു തടസ്സം നല്‍ക്കും. തൈര്, ചീസ്, പാല്‍ എന്നിവയും അയേണ്‍ ഉത്പാദനത്തെ വിപരീത ദിശയില്‍ സ്വാധീനിക്കുമെന്നും അവര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it