kannur local

അനിശ്ചിതകാല സമരം: കൂത്തുപറമ്പില്‍ ചരക്കുലോറികള്‍ തടഞ്ഞു

കൂത്തുപറമ്പ്: ഓള്‍ ഇന്ത്യ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് കോണ്‍ഗ്രസ് നടത്തുന്ന ലോറി സമരത്തിന്റെ ഭാഗമായി കേരള സ്‌റ്റേറ്റ് ലോറി ഓണേഴ്‌സ് വെല്‍ഫെയര്‍ ഫെഡേറഷന്‍ കൂത്തുപറമ്പ് ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചരക്കുവാഹനങ്ങള്‍ തൊക്കിലങ്ങാടിയില്‍ തടഞ്ഞു. കര്‍ണാടക, തമിഴ്‌നാട് ആന്ധ്ര, തെലങ്കാന എന്നിവിടങ്ങളില്‍നിന്നു വന്ന ചരക്കുലോറി, ചെങ്കല്‍ലോറി, മീന്‍ലോറി, കോഴിവണ്ടി തുടങ്ങിയവയാണ് തടഞ്ഞുവച്ചത്.
പുലര്‍ച്ചെ നാലിനാരംഭിച്ച സമരം കൂത്തുപറമ്പ് പോലിസ് സ്ഥലത്തെത്തി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന്  നിര്‍ത്തി. സമരം ശക്തമാക്കുമെന്ന് മുന്നറിയിപ്പു നല്‍കി തടഞ്ഞുവച്ച വാഹനങ്ങള്‍ പോവാന്‍ അനുവദിച്ചു.
ഡീസല്‍ വിലവര്‍ധനയ്ക്കും തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധനയ്ക്കുമെതിരേ രാജ്യവ്യാപകമായി ആരംഭിച്ച അനിശ്ചിതകാല ലോറിസമരമാണ് കേരളത്തിലും നടക്കുന്നത്. കേരളത്തില്‍നിന്ന് പുറത്തേക്കുള്ള ചരക്കുനീക്കം പൂര്‍ണമായി സ്തംഭിച്ചിരിക്കുകയാണ്. വഴിതടയല്‍ സമരത്തിന് കുത്തുപറമ്പ് ഏരിയാ പ്രസിഡന്റ് പി നസീര്‍, സെക്രട്ടറി സി പി പ്രദീപന്‍, ജില്ലാ കമ്മിറ്റിംഗം വി സത്യന്‍, ബിജു കാരായി, കെ ടി മുസ്തഫ നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it