Alappuzha local

അനിശ്ചിതകാല കട അടയ്ക്കല്‍ സമരം ആരംഭിച്ചു ; അറസ്റ്റ് ഭീഷണിക്കു മുമ്പില്‍ വഴങ്ങില്ലെന്ന് റേഷന്‍ വ്യാപാരികള്‍



ആലപ്പുഴ: അരി ഏറ്റെടുക്കാതെയും വിതരണം ചെയ്യാതെയും സംസ്ഥാനത്തെ റേഷന്‍ വ്യാപാരികള്‍ അനിശ്ചിതകാല കട അടയ്ക്കല്‍ സമരം ആരംഭിച്ചു.സംസ്ഥാനത്തെ 14,000ല്‍ അധികം കടകളും അടഞ്ഞു കിടക്കുകയാണ്. പണി മുടക്കിയ റേഷന്‍ വ്യാപാരികള്‍ വിവിധ സപ്ലൈ ഓഫിസുകള്‍ക്കു മുമ്പില്‍ ഇന്നലെ ധര്‍ണ നടത്തി.ഓള്‍ കേരള റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍, ഓള്‍ ഇന്ത്യ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍, കേരള സ്‌റ്റേറ്റ് റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ എന്നീ സംഘടനകളാണ് സമരത്തിനു നേതൃത്വം നല്‍കുന്നത്. അരിയുമായി എത്തുന്ന വാഹനങ്ങള്‍ തിരിച്ചുവിട്ടും ഇന്റന്‍ഡ് പാസ്സാക്കാതെയും പണം അടയ്ക്കാതെയും ഭക്ഷ്യധാന്യം വിതരണം ചെയ്യാതെയുമാണ് സമരം ചെയ്യുന്നത്. കടകള്‍ സസ്‌പെന്റു ചെയ്യുമെന്നും പോലിസിനെ ഉപയോഗിച്ച് ലൈസന്‍സിയെ അറസ്റ്റു ചെയ്യുമെന്നുമുള്ള ഉദ്യോഗസ്ഥരുടെ ഭീഷണിക്കു മുമ്പില്‍ വഴങ്ങില്ലെന്നും ബലം പ്രയോഗിച്ച് ഉദ്യോഗസ്ഥര്‍ കട തുറന്നാല്‍ നിയമപരമായി നേരിടുമെന്നും ഓള്‍ ഇന്ത്യാ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ ദേശീയ ജനറല്‍ സെക്രട്ടറി ബേബിച്ചന്‍ മുക്കാടന്‍, സംസ്ഥാന പ്രസിഡന്റ് കെകെ പൊന്നപ്പന്‍  അറിയിച്ചു. വേതന പാക്കേജ് സംബന്ധിച്ച് ഉത്തരവിറക്കാതെ സമരം പിന്‍വലിക്കില്ല. മന്ത്രി നല്‍കുന്ന ഉറപ്പുകള്‍ അംഗീകരിക്കില്ല. കംപ്യൂട്ടര്‍വല്‍ക്കരണം നടത്തുമെന്നും മുന്‍ഗണനാപട്ടികയിലെ അപാകതകള്‍ പരിഹരിക്കുമെന്നും മന്ത്രി പല തവണ നടത്തിയ പ്രഖ്യാപനങ്ങളും പാലിക്കപ്പെട്ടില്ല.കരിഞ്ചന്ത മാഫിയയ്‌ക്കെതിരേ ശബ്ദമുയര്‍ത്താനോ നടപടിയെടുക്കാനോ മന്ത്രിക്കു കഴിയുന്നില്ലെന്നും ബേബിച്ചന്‍ മുക്കാടന്‍ ആരോപിച്ചു.
Next Story

RELATED STORIES

Share it