malappuram local

അനര്‍ഹരെ കണ്ടെത്തുന്നതിന് പരിശോധന തുടരുന്നു ജില്ലയില്‍ റേഷന്‍ കാര്‍ഡ് ലഭിക്കാത്തത് 8,935 കുടുംബങ്ങള്‍ക്ക്

മലപ്പുറം: ജില്ലയില്‍ ഇതുവരെ മുന്‍ഗണനാ കാര്‍ഡ് കൈവശംവച്ചിരുന്ന 24,691 റേഷന്‍ കാര്‍ഡ് ഉടമകള്‍ പൊതുവിഭാഗത്തിലേക്ക് മാറി. മുന്‍ഗണനാപട്ടികയില്‍ ഉള്‍പ്പെട്ട് സ്വമേധയാ കാര്‍ഡ് തിരിച്ചേല്‍പ്പിച്ചവരും സിവില്‍ സപ്ലൈസ് വകുപ്പിന്റെ പരിശോധനയില്‍ അനധികൃതമായി മുന്‍ഗണനാ റേഷന്‍ കാര്‍ഡ് കൈവശവച്ചതിന് പിടിക്കപ്പെട്ടതടക്കമുള്ളവരാണു പൊതുവിഭാഗത്തിലേക്ക് മാറിയത്. ആയിരം ചതുരശ്ര അടിക്കു മുകളില്‍ വിസ്തീര്‍ണമുള്ള വീടുള്ളവര്‍, നാലു ചക്ര വാഹനമുള്ളവര്‍, ഒരേക്കറിന് മുകളില്‍ ഭൂമിയുള്ളവര്‍, ആദായ നികുതി കൊടുക്കുന്നവര്‍, സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ സഹകരണ മേഖലയില്‍ ജോലിയുള്ളവര്‍ എന്നിവര്‍ മുന്‍ഗണനാ കാര്‍ഡില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അവര്‍ കാര്‍ഡ് തിരിച്ചേല്‍പ്പികണമെന്ന് നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍, സ്വമേധയാ കാര്‍ഡ് തിരിച്ചേല്‍പ്പിക്കാത്തവരെ പരിശോധനയില്‍ പിടിക്കപ്പെടുകയും അവര്‍ക്കെതിരേ നിയമ നടപടി എടുക്കുകയും റേഷന്‍ കാര്‍ഡ് പൊതുവിഭാഗത്തിലേക്ക് മാറ്റുകയും ചെയ്തു. 18,013 മുന്‍ഗണനാ കാര്‍ഡുകള്‍ പൊതുവിഭാഗത്തിലേക്ക് മാറ്റിയപ്പോള്‍ പൊതുവിഭാഗത്തിലെ 6,678 സബ്‌സിഡി കാര്‍ഡുകളും പൊതുവിഭാഗത്തിലേക്ക് മാറ്റി. തിരൂര്‍ താലൂക്കിലാണ് ഏറ്റവും കൂടുതല്‍ മുന്‍ഗണനാ കാര്‍ഡുകള്‍ മാറ്റിയത്. 6,240 കാര്‍ഡുകളാണ് ഇവിടെ മാറ്റിയത്. അനധികൃതമായി മുന്‍ഗണനാ കാര്‍ഡുകള്‍ കൈവശംവയ്ക്കുന്നവരെ കണ്ടെത്തുന്നതിനായി പരിശോധന തുടരുമെന്നും ജില്ലാ സിവില്‍ സപ്ലൈസ് അധികൃതര്‍ പറഞ്ഞു. അതേസമയം, ജില്ലയിലെ റേഷന്‍ കാര്‍ഡ് വിതരണം പൂര്‍ത്തിയായിട്ടും 8,935 കുടുംബങ്ങള്‍ക്ക് റേഷന്‍ കാര്‍ഡ് ഇതുവരെ ലഭിച്ചിട്ടില്ല. കാര്‍ഡ് അച്ചടിക്കുന്നതില്‍ വന്ന പാകപ്പിഴവാണ് ഇതിന് കാരണമെന്നാണ് അധികൃതരുടെ വാദം. റേഷന്‍ കാര്‍ഡ് അച്ചടിക്ക് ചുമതലപ്പെടുത്തിയ സി ഡിറ്റിന് മുഴുവന്‍ കാര്‍ഡുകളുടെയും വിവരങ്ങളടങ്ങിയ സിഡി കൈമാറിയിരുന്നെന്ന് ജില്ലാ അധികൃതര്‍ പറയുന്നു. കാര്‍ഡ് ലഭിച്ചിട്ടില്ലെന്ന ആളുകളുടെ പരാതികള്‍ സിവില്‍ സപ്ലൈസ് വകുപ്പ് സിഡിറ്റിനെ അറിയിച്ചതു പ്രകാരം ഇതിന്റെ അച്ചടി പുരോഗമിക്കുന്നുണ്ട്. രണ്ടാഴ്ചയ്ക്കകം റേഷന്‍ കാര്‍ഡുകളുടെ വിതരണം തുടങ്ങാനാവുമെന്ന പ്രതീക്ഷയിലാണു ജില്ലാ സിവില്‍ സപ്ലൈസ് അധികൃതര്‍. പെരിന്തല്‍മണ്ണ താലൂക്കിലാണ് ഏറ്റവും കൂടുതല്‍ റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്യാനുള്ളത്. ജില്ലയില്‍ ആകെ 8,32,009 കാര്‍ഡുകളുണ്ട്. റേഷന്‍ കാര്‍ഡുകള്‍ കാണാതായത് ഉടമകള്‍ക്ക് ദുരിതമായിട്ടുണ്ട്. റേഷന്‍ ഉല്‍പ്പന്നങ്ങള്‍ ലഭിക്കുന്നതിനും ആനുകൂല്യങ്ങള്‍ക്ക് അപേക്ഷിക്കുന്നതിനും മറ്റും ഇത് തടസ്സമാവുന്നുണ്ട്. കാര്‍ഡ് എന്ന് കിട്ടുമെന്നത് സംബന്ധിച്ച് അധികൃതര്‍ക്ക് വ്യക്തമായ ഉത്തരം നല്‍കാന്‍ കഴിയാതിരുന്നതും ഇവരുടെ ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്. നിലവില്‍ മുന്‍ഗണനാ ലിസ്റ്റില്‍ ഉള്‍പ്പെടാത്തത് സംബന്ധിച്ച പരാതികളുടെ പഞ്ചായത്തുതല ഹിയറിങ് നടക്കുന്നുണ്ട്. നിരവധി പരാതികളാണ് ഇതുസംബന്ധിച്ച് ജില്ലയില്‍ നിന്നുണ്ടായത്. നേരത്തെ ബിപിഎല്‍ പട്ടികയില്‍ ഉള്‍പ്പെട്ടവരും ഇതിന് അര്‍ഹരായവരും മുന്‍ഗണനാ കാര്‍ഡില്‍ നിന്ന് പുറത്തായിട്ടുണ്ട്. ഡിസംബറിനകം പരാതികള്‍ തീര്‍പ്പാക്കി ജനുവരിയോടെ പുതിയ റേഷന്‍ കാര്‍ഡുകളുടെ അപേക്ഷ സ്വീകരിക്കല്‍ തുടങ്ങാനാണു സിവില്‍ സപ്ലൈസ് വകുപ്പിന്റെ തീരുമാനം. അതേസമയം, ഇതുവരെ ലഭിച്ചിട്ടില്ലാത്ത റേഷന്‍ കാര്‍ഡുകളില്‍ മുന്‍ഗണന സംബന്ധിച്ച പരാതികള്‍ ഉയര്‍ന്നാല്‍ ഇതെങ്ങനെ പരിഹരിക്കുമെന്നത് സംബന്ധിച്ചും തീരുമാനമായിട്ടില്ല.
Next Story

RELATED STORIES

Share it