അനധികൃത സ്വത്ത്: ജയലളിതക്കെതിരായ ഹരജിയില്‍ വിധി വെള്ളിയാഴ്ച

ന്യൂഡല്‍ഹി: അനധികൃത സ്വത്ത് സമ്പാദിച്ച കേസില്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ കുറ്റവിമുക്തയാക്കിയ നടപടിക്കെതിരേ കര്‍ണാടക സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജിയില്‍ വിധി പറയുന്നത് സുപ്രിംകോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി. കേസില്‍ കൂടുതല്‍ വാദംകേള്‍ക്കേണ്ടതുണ്ടെന്നു വ്യക്തമാക്കി ജസ്റ്റിസുമാരായ പി സി ഘോഷും അമിതവ് റോയിയും അടങ്ങുന്ന സുപ്രിംകോടതിയുടെ അവധിക്കാല ബെഞ്ചിന്റെതാണു നടപടി. കേസില്‍ കര്‍ണാടക സര്‍ക്കാരിനോടു കൂടുതല്‍ പ്രതികരണം തേടി സുപ്രിംകോടതി നോട്ടീസ് അയച്ചിട്ടുണ്ട്.
രണ്ടു ദിവസത്തിനകം മറുപടി അറിയിക്കണമെന്നാണ് നോട്ടീസിലെ ആവശ്യം. ഹൈക്കോടതി വിധി നിയമവിരുദ്ധമാണെന്നും കണക്കിലെ പിശക് കോടതിവിധിയെ അപ്രസക്തമാക്കുന്നുവെന്നും വിധിയില്‍ കണക്കുകള്‍ സംബന്ധിച്ച ഗുരുതരമായ പിഴവുകളുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് കര്‍ണാടക സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിച്ചത്. അഴിമതി നിരോധന നിയമപ്രകാരമുള്ള കേസുകളില്‍ കാണിക്കേണ്ട സൂക്ഷ്മത ഹൈക്കോടതി ഈ കേസില്‍ പുലര്‍ത്തിയില്ല.
അനധികൃത സ്വത്തുക്കളുടെ മൂല്യം കണക്കാക്കുന്നതില്‍ ഹൈക്കോടതിക്കു പിഴവ് സംഭവിച്ചു. ഈ സാഹചര്യത്തില്‍ ഹൈക്കോടതി വിധി സ്‌റ്റേ ചെയ്ത് കേസില്‍ ഉടന്‍ അന്തിമ വാദം കേള്‍ക്കണമെന്നാണ് കര്‍ണാടകയുടെ ആവശ്യം. 1991 -96 കാലത്ത് ജയലളിത ആദ്യമായി മുഖ്യമന്ത്രിയായിരിക്കേ അനധികൃതമായി 66 കോടി രൂപയുടെ സ്വത്ത് സമ്പാദിച്ചുവെന്നാണാരോപണം. കേസില്‍ കഴിഞ്ഞവര്‍ഷം പ്രത്യേക വിചാരണക്കോടതി ജയലളിത, തോഴി വി കെ ശശികല, ഇവരുടെ സഹോദരീ പുത്രന്‍ വി എന്‍ സുധാകരന്‍, സഹോദര ഭാര്യ ജെ ഇളവരശി എന്നിവരെ നാലുവര്‍ഷത്തെ തടവിനും 100 കോടിരൂപ പിഴയടയ്ക്കാനും ശിക്ഷിച്ചിരുന്നു. എന്നാല്‍ പിന്നീട് ഹൈക്കോടതി അവരെ കുറ്റവിമുക്തരാക്കി.
Next Story

RELATED STORIES

Share it