malappuram local

അനധികൃത പരിശോധന; സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നിരീക്ഷണത്തില്‍

നഹാസ് എം നിസ്താര്‍

മലപ്പുറം: മെഡിക്കല്‍ ഷോപ്പുകള്‍ക്ക് സമീപം സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ അനധികൃത പരിശോധന നിരീക്ഷിക്കാന്‍ ആരോഗ്യ വകുപ്പ് നടപടി തുടങ്ങി. സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ അനധികൃത പരിശോധന കണ്ടെത്താന്‍ സംസ്ഥാന ആരോഗ്യവകുപ്പ് ഡയറക്ടര്‍ നടത്തിയ ശ്രമത്തിന്റെ ഭാഗമായാണ് പുതിയ നീക്കം. സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ രോഗികളെ സ്വന്തം വീടുകളില്‍ വച്ചു മാത്രമേ പരിശോധിക്കാവു എന്ന നിയമം ലംഘിക്കുന്നത് പരാതിയായതോടെയാണ് ആരോഗ്യ ഡയറക്ടരുടെ മിന്നല്‍ പരിശോധനയും നടപടിയും. മലപ്പുറം ജില്ലയിലെ പ്രധാന താലൂക്ക്, ജില്ലാ ആശുപത്രികളിലെ ഡോക്ടര്‍മാരുടെ പരിശോധനയും ആശുപത്രികളിലെ ഒപി പരിശോധനാ വിവരങ്ങളും ജില്ലാ ആരോഗ്യ വിഭാഗം ശേഖരിച്ചു തുടങ്ങി. ഇതിനായി ജില്ലയിലെ മൂന്ന് ഡെപ്യൂട്ടി ഡിഎംഒമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഡോ.പ്രകാശിനെ നോര്‍ത്ത് സോണിലും ഡോ.ഇസ്മായില്‍, ഡോ അഹമ്മദ് അഫ്‌സല്‍ എന്നിവരെ മറ്റുഭാഗങ്ങളിലേക്കും നിയമിച്ചതായി ഡിഎംഒ ഡോ.എം സക്കീന പറഞ്ഞു. ഇതില്‍ പരാതിക്കിടയായ നിലമ്പൂരില്‍ നിന്നുള്ള ഡോക്ടര്‍മാരെ വിശദീകരണം ആരായുന്നതിനായി തിരുവനന്തപുരത്തേക്കു വിളിപ്പിച്ചതായും അവര്‍ പറഞ്ഞു. അതേസമയം, ജില്ലയിലെ നൂറോളം ഡോക്ടര്‍മാര്‍ നിരീക്ഷണത്തില്‍ പെട്ടതായാണ് അറിയുന്നത്. കഴിഞ്ഞ ദിവസം നിലമ്പൂരില്‍ ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ.ആര്‍ എല്‍ സരിത മിന്നല്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഡിഎംഒ ഡോ.എം സക്കീന, ആര്‍എംഒ ഡോ. നീതു കെ നാരായണന്‍ എന്നിവരും ഡയറക്ടറോടൊപ്പം ഉണ്ടായിരുന്നു. നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ മെഡിക്കല്‍ ഷോപ്പുടമകള്‍ സൗജന്യമായി ഏര്‍പ്പെടുത്തിക്കൊടുക്കുന്ന സ്ഥലത്ത് അനധികൃത പ്രാക്ടീസ് നടത്തുന്നതായി പരാതികള്‍ ലഭിച്ചതിനെത്തുടര്‍ന്നായിരുന്നു ഡയറക്ടര്‍ പരിശോധനയ്‌ക്കെത്തിയത്. രോഗിയായി ചമഞ്ഞ് ഡോക്ടര്‍മാരുടെ പരിശോധനാ സമയം തിരക്കി മെഡിക്കല്‍ ഷോപ്പുകളിലെത്തിയ ഡയറക്ടര്‍ക്ക് അവിടെ പ്രാക്ടീസ് ചെയ്യുന്ന ഡോക്ടര്‍മാരുടെ പേരുവിവരം തിരക്കി അധികം ബുദ്ധിമുട്ടേണ്ടി വന്നില്ല. ഓരോ മെഡിക്കല്‍ ഷോപ്പിനു മുന്നിലും വശങ്ങളിലുമായി അവിടെ പരിശോധന നടത്തുന്ന പേരു വിവരം വലിയ അക്ഷരങ്ങളിലെഴുതിയ ബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്നു. ഒരു കടയുടെ മുന്നില്‍ പ്രദര്‍ശിപ്പിച്ചിരുന്ന മൂന്നു ഡോക്ടര്‍മാരുടെ പേരുകളെഴുതിയ ബോര്‍ഡ് ഡയറക്ടര്‍ മോബൈല്‍ കാമറയില്‍ പകര്‍ത്തി തെളിവും ശേഖരിച്ചു. മെഡിക്കല്‍ ഷോപ്പുടമകളാവട്ടെ അവരുടെ ചെലവില്‍ സ്വകാര്യ പ്രാക്ടീസ് നടത്തുന്ന ഡോക്ടര്‍മാരുടെ ചികില്‍സാ വൈദഗ്ദ്യവും വിശദീകരിച്ചു കൊടുത്തു. ആശുപത്രിയിലെ ഒപി സമയം കഴിഞ്ഞതിനുശേഷം മാത്രമാണ് ഡോക്ടര്‍മാര്‍ എത്തുകയുള്ളുവെന്നും ഷോപ്പുടമകള്‍ അറിയിച്ചു. സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്ക് താമസ സ്ഥലത്തു മാത്രമേ സ്വകാര്യ പ്രാക്ടീസ് നടത്താന്‍ അനുവാദമുള്ളു. അതുലംഘിച്ച് ആശുപത്രികള്‍ക്ക് സമീപം മെഡിക്കല്‍ ഷോപ്പുടമകളുടെ ചെലവില്‍ സ്വകാര്യ പ്രാക്ടീസ് നടത്തുന്നവരാണ് അധികവും. രോഗികള്‍ക്ക് മരുന്നു കുറിച്ചു കൊടുക്കുന്ന പാഡ് പോലും ഷോപ്പുടമകള്‍ നല്‍കുന്നതാണ്. ഡോക്ടര്‍ എഴുതുന്ന മരുന്നു നിര്‍ദ്ദിഷ്ട കടയില്‍ മാത്രമേ കിട്ടുകയുള്ളൂ. അല്ലെങ്കില്‍ മരുന്നു വാങ്ങേണ്ട കടയുടെ പേര് ഡോക്ടര്‍ പ്രത്യേകം പറഞ്ഞു കൊടുക്കും. ഇതിനു മെഡിക്കല്‍ ഷോപ്പുകളില്‍നിന്നു പ്രത്യേകം കമ്മീഷനും ഡോക്ടര്‍ക്ക് ലഭിക്കും. അതേസമയം, ആരോഗ്യ വകുപ്പിന്റെ നടപടികള്‍ മറികടക്കാന്‍ മെഡിക്കല്‍ ഷോപ്പിനു സമീപത്തെ പരിശോധനാ മുറികളെ താമസ സ്ഥലമാക്കിയും ബോര്‍ഡുകളില്‍ ഡോക്ടറുടെ പേരിനോടൊപ്പം ചേര്‍ക്കുന്ന സര്‍ക്കാര്‍ ആശുപത്രികളുടെ പേര് നീക്കം ചെയ്തും പരിശോധനാ സമയം രേഖപ്പെടുത്താതെയുള്ള ബോര്‍ഡുകള്‍ സ്ഥാപിച്ചും തിരക്കിട്ട ശ്രമങ്ങളും സജീവമായിട്ടുണ്ട്.
Next Story

RELATED STORIES

Share it