kannur local

അനധികൃത കൈയേറ്റം; കൗണ്‍സില്‍ യോഗത്തില്‍ ബഹളം

കണ്ണൂര്‍: സ്വകാര്യവ്യക്തിയുടെ കൈയേറ്റത്തെച്ചൊല്ലി കണ്ണൂര്‍ കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷ ബഹളം. പഴയ ബസ്സ്റ്റാന്റ് പരിസരത്തെ ഫ്രൂട്ട് മാര്‍ക്കറ്റ് കോംപ്ലക്‌സിലെ 11ാം നമ്പര്‍ മുറി കോര്‍പറേഷന്‍ അധികൃതരെ അറിയിക്കാതെ സ്ഥലം കൈയേറി ഉപയോഗിക്കുന്നുവെന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയാണു ശബ്ദമുഖരിതമായത്. അനധികൃത നിര്‍മാണത്തിന് ചെറിയ പിഴ ഈടാക്കി അധികൃതമാക്കിയെന്നായിരുന്നു പ്രതിപക്ഷത്തിന്റെ പരാമര്‍ശം. മാര്‍ക്കറ്റിലെ വാടകക്കാരനായ സുരേഷ് ബാബു തൊട്ടടുത്ത സ്ഥലം കൈയേറിയതില്‍ 2000 രൂപ മാത്രം പിഴ ചുമത്തി പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കി.
ഇതിനു മറുപടിയുമായി ഡെപ്യൂട്ടി മേയര്‍ പി കെ രാഗേഷ് എത്തിയതോടെയാണ് ബഹളം തുടങ്ങിയത്. ചിലതു മാത്രം കാണുകയും ചിലതിനെതിരേ കണ്ണടയ്ക്കുകയും ചെയ്യരുതെന്നായിരുന്നു രാഗേഷിന്റെ മറുപടി. പിഴ ഈടാക്കിയ ഇനത്തില്‍ കോര്‍പറേഷന് പ്രതിവര്‍ഷം 82000 രൂപയുടെ അധികവരുമാനം ലഭിച്ചതായും അദ്ദേഹം പറഞ്ഞു. മാര്‍ക്കറ്റ് പരിസരം സാമൂഹികവിരുദ്ധര്‍ കൈയേറുകയും മാലിന്യം നിക്ഷേപിക്കുകയും ചെയ്യുന്നതിനാല്‍ നിര്‍മാണ പ്രവൃത്തികള്‍ക്ക് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ടാണു അപേക്ഷ നല്‍കിയത്. എന്നാല്‍ 2000 രൂപ അടച്ചാല്‍ ഏത് കെട്ടിടവും അധികൃതമാവുമെന്ന സ്ഥിതിയുണ്ടാവുമെന്നും ഇത് ഗുരുതര പ്രത്യാഘാതമുണ്ടാക്കുമെന്നും യുഡിഎഫിലെ ടി ഒ മോഹനന്‍ പറഞ്ഞു. ഒരു ദിവസം വാടക വൈകിയതിന് തെരുവുകച്ചവടക്കാരന്റെ 1.60 ലക്ഷം രൂപയുടെ പച്ചക്കറികള്‍ മാലിന്യവണ്ടിയില്‍ കയറ്റിയ കോര്‍പറേഷന് അനധികൃത കൈയേറ്റം വിഷയമാവുന്നില്ലെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.   ഇതിനിടെ, നിര്‍മാണപ്രവൃത്തിക്കുള്ള അനുമതിക്ക് പിന്തുണയുമായി ഭരണപക്ഷ കൗണ്‍സിലര്‍ എന്‍ ബാലകൃഷ്ണന്‍ രംഗത്തെത്തി. ബങ്കിന് അനുമതി നല്‍കുന്നതിന് പ്രയാസമില്ലെന്നും എല്ലാ നിര്‍മാണപ്രവൃത്തികളും പുനപ്പരിശോധിക്കേണ്ടി വന്നാല്‍ മുന്‍ ഭരണസമിതിക്ക് പ്രശ്‌നമാവുമെന്നും അദ്ദേഹം പറഞ്ഞതോടെയാണ് ബഹളം രൂക്ഷമായത്. പ്രതിപക്ഷത്തിന്റെ എതിര്‍പ്പിനിടെ അജണ്ട പാസാക്കിയതായി മേയര്‍ ഇ പി ലത പറഞ്ഞു.
Next Story

RELATED STORIES

Share it