palakkad local

അനധികൃത കരിങ്കല്‍ ക്വാറി നാടിനെ ഭീതിയിലാഴ്ത്തുന്നു



പട്ടാമ്പി: അനധികൃത കരിങ്കല്‍ ക്വാറിയുടെ പ്രവര്‍ത്തനം നാട്ടുകാര്‍ക്ക് ദുരിതമാകുന്നു. മുതുതല ഗ്രാമപ്പഞ്ചായത്ത് പരിധിയിലാണ് പരിസരവാസികളായ 130ലധികം കുടുംബങ്ങള്‍ക്ക് ഭീഷണിയാകും വിധത്തില്‍ കരിങ്കല്‍ ക്വാറി  പ്രവര്‍ത്തിക്കുന്നത്. ഉഗ്ര സ്‌ഫോടക ശേഷിയുളഅള മെഷിന്‍ കൊണ്ട് കുഴിയെടുത്ത് പാറ പൊട്ടിക്കുന്നതാണ് പരിസ്ഥിതിക്കും ജീവജാലങ്ങള്‍ക്കും ഒരുപോലെ ഭീഷണിയാവുന്നത്. പ്രദേശത്ത് രണ്ടുകിലോമീറ്റര്‍ ചുറ്റളവിലുള്ള ഭൂപ്രദേശത്തെ വീടുകളില്‍ താമസിക്കുന്ന ജനങ്ങളാണ്  അതിഭയങ്കരമായ ശബ്ദവും ഭൂമിയുടെ കുലുക്കവും മൂലം ഭീതിയോടെ കഴിയുന്നത്. സാധാരണ 100 ഡെസിബലിനു താഴെയുള്ള സ്‌ഫോടക ഉപകരണങ്ങളാണ് കരിങ്കല്‍ ക്വാറികളില്‍ ഉപയോഗിക്കാന്‍ പാടുള്ളൂ എന്നാണ് ചട്ടം. എന്നാല്‍ ക്വാറിയില്‍ 150 ഡെസിബലിനു മുകളിലുള്ളവയാണ് ഉപയോഗിക്കുന്നതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ഭൂമികുലുക്കം പോലെയുള്ള പ്രകമ്പനവും ശബ്ദവും കടുത്തപ്രശ്‌നങ്ങള്‍ സൃഷ്ടിച്ചതോടെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഇതോടെ  ക്വാറിയുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ നടത്തിപ്പുകാര്‍ നിര്‍ബന്ധിതരായി. എന്നാല്‍ ബന്ധപ്പെട്ട വകുപ്പിന്റെയും ഉദ്യോഗസ്ഥരുടെയും ഒത്താശയോടെയാണ് കരിങ്കല്‍ ക്വാറി പ്രവര്‍ത്തിച്ചിരുന്നതെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ക്വാറി താല്‍കാലികമായി നിറുത്തിവെക്കാന്‍ തീരുമാനിച്ചെങ്കിലും പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ അണിയറ ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഇതിനെതിരേ  ജില്ലാകലക്ട ര്‍, ആര്‍ഡിഒ, തഹസില്‍ദാര്‍, വില്ലേജ് ഓഫിസര്‍, മുതുതല ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എന്നിവര്‍ക്ക് നിവേദനം നല്‍കാനുള്ള ഒരുക്കത്തിലാണ് നാട്ടുകാര്‍. അതേസമയം കരിങ്കല്‍ ക്വാറി വര്‍ഷങ്ങളായി ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അന്നൊന്നുമില്ലാത്ത എതിര്‍പ്പ് ഇപ്പോള്‍ പൊങ്ങി വരുന്നതിന്റെ രഹസ്യം മനസിലാവുന്നില്ലെന്നൂമാണ് ക്വാറി നടത്തിപ്പുകാരുടെ വിശദീകരണം.
Next Story

RELATED STORIES

Share it