kozhikode local

അധ്വാനത്തിന്റെ വേതനം കിട്ടാതായിട്ട് മാസങ്ങള്‍; തൊഴിലുറപ്പ് തൊഴിലാളികള്‍ ആശങ്കയില്‍



കുറ്റിയാടി: ചെയ്ത ജോലിക്ക് വേതനം കിട്ടാനായി മാസങ്ങളുടെ കാത്തിരിപ്പ് തുടരുകയാണ് മഹാത്്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളികള്‍. ഗ്രാമീണ മേഖലയിലെ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം ലക്ഷ്യം വച്ച് ഒരു കുടുംബത്തിലെ ഒരംഗത്തിന് നൂറ് തൊഴില്‍ ദിനം ഉറപ്പു നല്‍കുന്ന പദ്ധതി ഡോ. മന്‍മോഹന്‍സിങിന്റെ നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാരാണ് നടപ്പിലാക്കിയിരുന്നത്. സാധാരണക്കാര്‍ക്ക് ഒരത്താണിയായി യുപിഎ യുടെ കാലത്ത് വിപ്ലവകരമായി മാറിയ ഈ പദ്ധതി ഇപ്പോല്‍ കേരളത്തില്‍ തകരുന്ന അവസ്ഥയിലാണുള്ളത്. രാഷ്ട്രപിതാവ് മഹാത്്മജിയുടെ പേരില്‍ ആവിഷ്‌കരിച്ച ഈ പദ്ധതി കേരളത്തില്‍ ആ മഹാന്റെ പേരിനു പോലും കളങ്കം വരുത്തുന്ന അവസ്ഥയിലാണ് ഇന്ന്. 14 ദിവസം തൊഴില്‍ ചെയ്താല്‍ 15ാം ദിവസം വേതനം നല്‍കണമെന്നാണ് പദ്ധതിയുടെ വ്യവസ്ഥ. വൈകിയാല്‍ അതിന് കാരണക്കാരാവുന്ന ആരാണോ അവരില്‍ നിന്നും 0.05ശതമാനം പലിശ ഈടാക്കി തൊഴിലാളിക്ക് നല്‍കണമെന്നും വ്യവസ്ഥയുണ്ട്. എന്നാല്‍ 2016 ഡിസംബര്‍ മാസ്തതിനു ശേഷം ഇതുവരെ തൊഴില്‍ ചെയ്ത തൊഴിലാളികള്‍ക്ക് വേതനം ലഭിച്ചിട്ടില്ല. ഉത്തരവാദപ്പെട്ട രാഷ്ട്രീയ പാര്‍ട്ടികള്‍ തൊഴിലാളികളെ സംഘടിപ്പിച്ച് പഞ്ചായത്തിനും പോസ്‌റ്റോഫിസുകള്‍ക്കു മുമ്പിലും ധര്‍ണ നടത്തിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയല്ലാതെ ലഭിക്കേണ്ട വേതനം നേടിക്കൊടുക്കാനാവശ്യമായ നിയമ നടപടി സ്വീകരിക്കുവാന്‍ ഇതുവരേയും തയാറായിട്ടില്ല. കേരള സര്‍ക്കാര്‍ സര്‍ക്കാര്‍ തലത്തില്‍ ഇടപെട്ട് വേതനം ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കാത്തതിലും തൊഴിലാളികള്‍ അസ്വസ്ഥരാണ്. വേതനം ലഭിക്കാത്ത ഈ കാലയളവില്‍ വിഷു ആഘോഷവും സ്‌കൂള്‍ പ്രവേശനവും കഴിഞ്ഞു. സാധാരണക്കാര്‍ അവര്‍ക്ക് ലഭിക്കേണ്ട വേതനം കിട്ടാതെ  വളരെ ബുദ്ധിമുട്ടിയാണ് ഈ വര്‍ഷത്തെ വിഷുവും സ്‌കൂള്‍ പ്രവേശനവും കഴിച്ചുകൂട്ടിയത്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 100 തൊഴില്‍ ദിനം പൂര്‍ത്തീകരിച്ച തൊഴിലാളികളെ ആദരിക്കുകയും അനുമോദിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ പഞ്ചായത്ത് തലത്തില്‍പോലും ഇത്തരം പരിപാടികള്‍ നടക്കുന്നില്ല. തൊഴിലാളികള്‍ക്ക് തൊഴില്‍ എന്നതിനുപരി ഗ്രാമീണ മേഖലയിലെ കാര്‍ഷികരംഗത്ത് തൊഴിലുറപ്പ് പദ്ധതി പുത്തനുണര്‍വ് നല്‍കിയിരുന്നു. കയ്യാല നിര്‍മ്മാണം, മഴക്കുഴി നിര്‍മ്മാണം, തെങ്ങിന് വളമിടല്‍, മറ്റു ഭൂവികസന പദ്ധതി എന്നിവ വഴി കാര്‍ഷിക മേഖലയെ ഇത് സജീവമാക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ വേതനം കിട്ടാതായതോടെ തൊഴിലുറപ്പ് രംഗത്ത് നിന്നും തൊഴിലാളികള്‍ മാറിതുടങ്ങിയിരിക്കയാണ്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വേതനം ബാങ്ക് വഴി ആക്കിയത് സാധാരണക്കാര്‍ക്ക് ഉപകാരപ്രദമാവുകയും ആധുനിക ബാങ്കിങ് സമ്പ്രദായം സാധാരണക്കാരെ പരിചയപ്പെടുത്തുകയും ചെയ്തിരുന്നു. കുന്നുമ്മല്‍ ബ്ലോക്കില്‍ ഏഴു പഞ്ചായത്തുകളിലായി ആയിരക്കണക്കിന് തൊഴിലാളിലാളികള്‍ക്കായി അഞ്ചു കോടിയോളം രൂപ കുടിശ്ശികയായി കിടക്കുകയാണ്. നൂറ് കണക്കിന് തൊഴിലാളികള്‍ നൂറ് തൊഴില്‍ ദിനം പൂര്‍ത്തീകരിക്കുകയും ചെയ്തിട്ടുണ്ട്. വേതനത്തിനായി പഞ്ചായത്തുകളിലും ബ്ലോക്കോഫീസിലും ചെല്ലുന്ന തൊഴിലാളികള്‍ക്കു മുമ്പില്‍ കൈ മലര്‍ത്തുകയാണ് ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥര്‍. ചെയ്ത ജോലിക്ക് വേതനം കിട്ടാത്ത നിരാശയിലാണ് തൊഴിലാളികള്‍.
Next Story

RELATED STORIES

Share it