അധ്യാപക പാക്കേജ്: അന്തിമ തീരുമാനം അടുത്ത മന്ത്രിസഭാ യോഗത്തില്‍

തിരുവനന്തപുരം: അധ്യാപക പാക്കേജ് സംബന്ധിച്ച ഹൈക്കോടതി വിധിക്കെതിരേ അപ്പീല്‍ പോവുന്ന കാര്യത്തില്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനമായില്ല. പാക്കേജിനെക്കുറിച്ചു യോഗത്തി ല്‍ വിശദമായ ചര്‍ച്ച നടന്നെങ്കിലും അപ്പീല്‍ പോവുന്നതു സംബന്ധിച്ച് വ്യത്യസ്ത അഭിപ്രായം ഉയര്‍ന്നതിനെത്തുടര്‍ന്നാണ് സമവായത്തിലെത്താന്‍ കഴിയാതിരുന്നത്.
ഈ സാഹചര്യത്തില്‍ പാക്കേജുമായി ബന്ധപ്പെട്ട എല്ലാ വശങ്ങളും പരിശോധിച്ചു റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊതുവിദ്യാഭ്യാസ സെക്രട്ടറിയെ യോഗം ചുമതലപ്പെടുത്തി. ധന, നിയമവകുപ്പുകളുമായി ആശയവിനിമയം നടത്തിയശേഷമായിരിക്കും പൊതുവിദ്യാഭ്യാസ സെക്രട്ടറി റിപോര്‍ട്ട് തയ്യാറാക്കുക. പാക്കേജ് നടപ്പാക്കുമ്പോഴുണ്ടാവുന്ന അധിക സാമ്പത്തിക ബാധ്യത, അധികമായി സൃഷ്ടിക്കേണ്ട തസ്തികകള്‍, അപ്പീല്‍ പോവുന്നതിന്റെ സാധ്യത തുടങ്ങിയ വിഷയങ്ങളായിരിക്കും പ്രധാനമായും പഠിക്കുക.
അടുത്ത മന്ത്രിസഭാ യോഗത്തില്‍ റിപോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. അപ്പീല്‍ അടക്കം അധ്യാപക പാക്കേജ് സംബന്ധിച്ച അന്തിമ തീരുമാനം അടുത്ത മന്ത്രിസഭാ യോഗത്തിലായിരിക്കുമുണ്ടാവുകയെന്നു ചര്‍ച്ചയ്ക്ക് ശേഷം വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുര്‍റബ്ബ് അറിയിച്ചു. നിയമ സെക്രട്ടറി, പൊതുവിദ്യാഭ്യാസ അഡീഷനല്‍ ചീഫ് സെക്രട്ടറി, അഡീഷനല്‍ അഡ്വക്കറ്റ് ജനറല്‍, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. അപ്പീല്‍ പോവുന്നകാര്യത്തില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉയര്‍ന്നുവന്നതായി വിദ്യാഭ്യാസമന്ത്രി ചൂണ്ടിക്കാട്ടി. അതിനാല്‍, വ്യക്തമായ തീരുമാനം കൈക്കൊള്ളാന്‍ സാധിച്ചില്ല.
ഇക്കാര്യത്തില്‍ ധനവകുപ്പിനും നിയമവകുപ്പിനും ഭിന്നാഭിപ്രായങ്ങളുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. നേരത്തേ വിദ്യാഭ്യാസ മന്ത്രിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ വിധിക്കെതിരേ അപ്പീല്‍ പോവണമെന്ന ധാരണയാണുണ്ടായത്. എന്നാ ല്‍, അധ്യാപക സംഘടനകള്‍ ഒന്നടങ്കം വിദ്യാഭ്യാസമന്ത്രിയെ കണ്ട്, അപ്പീല്‍ പോയി പാക്കേജ് നടപ്പാക്കുന്നത് അനിശ്ചിതത്വത്തിലാക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു. കോടതിവിധി നടപ്പാക്കുന്നത് വഴിയുണ്ടാവുമെന്ന് പറയുന്ന അധിക സാമ്പത്തിക ബാധ്യത ധനവകുപ്പിന്റെ പെരുപ്പിച്ച കണക്കാണെന്നും മന്ത്രിയെ ധരിപ്പിച്ചിട്ടുണ്ട്.
കോണ്‍ഗ്രസ് അനുകൂല കെപിഎസ്ടിയുവിനു പിന്നാലെ മുസ്‌ലിംലീഗ് അനുകൂല കെഎസ്ടിയുവും മന്ത്രിയെ കണ്ട് സാമ്പത്തിക ബാധ്യതാവാദം പൊള്ളയാണെന്ന് സമര്‍ഥിക്കുന്ന കണക്കുകള്‍ കൈമാറി. വിദ്യാഭ്യാസം, ധനവകുപ്പുകള്‍ പറയുന്നതുപോലെ മുവ്വായിരത്തിലധികം പേര്‍ക്ക് നിയമനാംഗീകാരം ലഭിക്കാനുണ്ടെന്ന കണക്ക് ശരിയല്ലെന്ന് വിദ്യാഭ്യാസമന്ത്രിക്ക് സമര്‍പ്പിച്ച കണക്കില്‍ അധ്യാപക സംഘടനകള്‍ പറയുന്നു.
Next Story

RELATED STORIES

Share it