kozhikode local

അധ്യാപകരും രക്ഷിതാക്കളും കൈകോര്‍ത്തു; നാദാപുരം ഗവ. യുപിക്ക് ചരിത്രനേട്ടം

നാദാപുരം: വിദ്യാര്‍ത്ഥികളുടെയും സ്‌കൂളിന്റെയും മികവിന് വേണ്ടി അധ്യാപകരും രക്ഷിതാക്കളും കൈകോര്‍ത്തപ്പോള്‍ നാദാപുരം ഗവ. യുപി സ്‌കൂളിന് ലഭിച്ചത് ചരിത്രനേട്ടം. ഇക്കഴിഞ്ഞ യുഎസ്എസ് പരീക്ഷയിലാണ് സംസ്ഥാനത്തെ തന്നെ ഏറ്റവും കൂടുതല്‍ കുട്ടികളെ യുഎസ്എസ് പരീക്ഷാ വിജയികളാക്കിയത്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ യുഎസ്എസ് സ്‌കോളര്‍ഷിപ്പ് നേടിയ സര്‍ക്കാര്‍ സ്‌കൂളെന്ന നേട്ടമാണ്  ഗവ. യുപി ക്ക് ലഭിച്ചത്.
ഈ വര്‍ഷം 15പേര്‍ക്കാണ് നാദാപുരത്ത് യുഎസ്എസ് ലഭിച്ചത്. സമീപത്തെ മറ്റൊരു സ്‌കൂളായ സിസി യുപിയിലെ 11 പേര്‍ക്കും യുഎസ്എസ് ലഭിച്ചിട്ടുണ്ട്. അധ്യാപകരുടെ ചിട്ടയായ പരിശീലനവും രക്ഷിതാക്കളുടെ പൂര്‍ണ സഹകരണവും ഉണ്ടായപ്പോഴാണ് സ്‌കൂളിന് അഭിമാന നേട്ടം ലഭിച്ചത്.
നിഹാര, ഷിയാന, സമീയ, ആരതി ചന്ദ്രന്‍, ഫാത്തിമ ഇസ്മായില്‍, മാളവിക, ആദിത്യന്‍, ഹരിശങ്കര്‍, മുഹമ്മദ് റാസിന്‍, അജയ് കൃഷ്ണ, റാനിഷ് അഫ്രാസ്, മുഹമ്മദ് സിനാന്‍, സംവേദ്, അഭിരാം ചന്ദ് ,അഹിന്‍ രാജ് എന്നിവര്‍ക്കാണ് ഇക്കുറി സ്‌കോളര്‍ഷിപ്പ് ലഭിച്ചത്. വര്‍ഷങ്ങളായി വിവിധ മല്‍സര പരീക്ഷകളിലും മറ്റ് മേഖലകളിലും മികച്ച പ്രകടനം കാഴ്ചവെക്കുന്ന നാദാപുരം ഗവ. യുപിക്ക് ഇക്കഴിഞ്ഞ അധ്യയന വര്‍ഷം മികച്ച നേട്ടങ്ങളുടേതായിരുന്നു.
ജില്ലയിലെ മികച്ച ഗണിത വിദ്യാലയം, ഊര്‍ജ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് അനര്‍ട്ടില്‍ നിന്നുള്ള അംഗീകാരം നാദാപുരം മണ്ഡലത്തിലെ മികച്ച യുപി സ്‌കൂളിന് അബുദാബി ഗ്രീന്‍ വോയ്സ് ഏര്‍പ്പടുത്തിയ അവാര്‍ഡ് എന്നിവ ഈ വിദ്യാലയ ത്തിനായിരുന്നു.  ചിട്ടയായ പ്രവര്‍ത്തനവും അധ്യാപകരുടെ അര്‍പ്പണബോധവും വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും സഹകരണവുമാണ് സ്‌കൂളിനെ മികവിന്റെ കേന്ദ്രമാക്കാന്‍ സഹായിച്ചതെന്ന് പ്രധാനധ്യാപകന്‍ പി പി കുമാരന്‍ മാസ്റ്റര്‍  പറഞ്ഞു.
Next Story

RELATED STORIES

Share it