thrissur local

അധ്യയന വര്‍ഷാരംഭം : ലഹരി പരിശോധന കര്‍ശനമാക്കാന്‍ നിര്‍ദേശം



തൃശൂര്‍: അധ്യയന വര്‍ഷാരംഭത്തിന് മുന്നോടിയായി സ്‌കൂളുകളും കോളേജുകളും അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സമീപത്തെ പെട്ടിക്കടകളിലും സ്റ്റേഷനറി കടകളിലും ലഹരി പരിശോധന കര്‍ശനമാക്കാന്‍ വ്യാജമദ്യത്തിന്റെ ഉല്പാദനം, വിതരണം എന്നിവയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്ന ജില്ലാതല ജനകീയ കമ്മറ്റി എക്‌സൈസ് വകുപ്പിനു നിര്‍ദ്ദേശം നല്‍കി. എഡി എം സി കെ അനന്തകൃഷ്ണന്റെ അധ്യക്ഷതയിലായിരുന്നു യോഗം. ഡോക്ടറുടെ കുറിപ്പടി കൂടാതെയുള്ള മരുന്നു വില്പന തടയാനും പരിശോധന നടത്താനും യോഗത്തില്‍ ധാരണയായി. കലാലയങ്ങളിലെയും പരിസര പ്രദേശങ്ങളിലെയും സ്ഥിതി വിവരം  സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ പൊതു- കോളേജിയേറ്റ്- സാങ്കേതിക വിദ്യാഭ്യാസ അധികൃതരോട് യോഗം ആവശ്യപ്പെട്ടു. അവലോകന യോഗത്തിനു ഹാജരാകുന്ന പ്രതിനിധികള്‍ യോഗ കാലയളവിനിടയിലെ പ്രവര്‍ത്തന റിപ്പോര്‍ട്ട് നിര്‍ബന്ധമായും സമര്‍പ്പിക്കണമെന്നും നിര്‍ദ്ദേശമുയര്‍ന്നു. യോഗ കാലയളവിനിടെ 202 അബ്കാരി കേസുകളും 32 എന്‍.ഡി.പി.എസ് കേസുകളും രജിസ്റ്റര്‍ ചെയ്തതായി എക്‌സ്സൈസ് വകുപ്പ് അധികൃതര്‍ അറിയിച്ചു. 218 പ്രതികളെ അറസ്റ്റു ചെയ്തു. 407.63 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം നാല് ലിറ്റര്‍ ചാരായം, 2748 ലിറ്റര്‍ വാഷ്, 83.2 ലിറ്റര്‍ ബീയര്‍, ഒരു ലിറ്റര്‍ അരിഷ്ടം, 1.051 കി.ഗ്രാം കഞ്ചാവ്, ഒരു കഞ്ചാവ് ചെടി, 0.005 ഗ്രാം കൊക്കെയ്ന്‍, 0.025 ഗ്രാം ഹാഷിഷ്, 6 വാഹനങ്ങള്‍ എന്നിവയും പിടിച്ചെടുത്തു. തൃശൂര്‍ പൂരദിനത്തില്‍ നിരോധനം നിലനില്‍ക്കെ മദ്യവില്പന നടത്തിയ നാല് പേര്‍ക്കെതിരെ കേസെടുത്തു. വ്യാജമദ്യ ഉല്പാദനം, വിതരണം, വില്പന എന്നിവയ്‌ക്കെതിരെ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് ആതിരപ്പിള്ളി, എളനാട്, മായന്നൂര്‍, പുത്തൂര്‍, കൊടുങ്ങല്ലൂര്‍, ചാവക്കാട് എന്നീ മേഖലകളില്‍ സംയുക്ത റെയ്ഡുകള്‍ നടത്തി. 272 കള്ള് സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചു. 50 ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിച്ചു. 70 പഞ്ചായത്ത് തല ജനകീയ കമ്മറ്റികളും 5 അസംബ്ലി തല ജനകീയ കമ്മറ്റികളും ചേര്‍ന്നു. കോപ്റ്റ പ്രകാരം 236 കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് പിഴയടപ്പിതായും എക്‌സൈസ് വകുപ്പ് യോഗത്തെ അറിയിച്ചു.
Next Story

RELATED STORIES

Share it