kozhikode local

അദാലത്തില്‍ നൊമ്പരമായി വയോവൃദ്ധ; എല്ലാം ശരിയാക്കാമെന്ന് ഉറപ്പ് നല്‍കി മന്ത്രിമാര്‍

കോഴിക്കോട്: പ്രളയക്കെടുതിയില്‍ എല്ലാം നഷ്ടപ്പെട്ട ചന്ദ്രമതി പൊട്ടിക്കരഞ്ഞ് തന്റെ ദുരിത കഥ വിവരിച്ചപ്പോള്‍ കണ്ടുനിന്നവരുടെയും കണ്ണുകള്‍ ഈറനണിഞ്ഞു. ഒടുക്കം മന്ത്രിമാരും ജില്ലാ ഭരണകൂടവും ചേര്‍ന്ന് എല്ലാം ശരിയാവുമെന്ന് ഉറപ്പ് നല്‍കിയപ്പോള്‍ ആ കണ്ണുകളില്‍ നിന്ന് പേമാരിയൊഴിഞ്ഞ് മുഖം പ്രസന്നമായി. ഇന്നലെ ടൗണ്‍ഹാളില്‍ നടന്ന വിവര ശേഖരണ അദാലത്തിലാണ് ചാലപ്പുറം സ്വദേശി ചന്ദ്രമതി വെള്ളപ്പൊക്കം തകര്‍ത്തെറിഞ്ഞ തന്റെയും സഹോദരന്റെയും ജീവിത കഥ വിവരിച്ചത്. വെള്ളം കയറിയ ആ ഒരൊറ്റ രാത്രി ഇവരുടെ ജീവിതം ആകെ തകിടം മറിയുകയായിരുന്നു. നിര്‍ത്താതെ പെയ്ത മഴയും തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കവും വീട്ടിലെ ഭക്ഷ്യവസ്തുക്കളുള്‍പ്പെടെ സകലതും നശിപ്പിച്ചുകളഞ്ഞു. അലമാരയും വസ്ത്രങ്ങളും കട്ടിലും കിടക്കയും ഉള്‍പ്പടെ എല്ലാം ഉപയോഗ ശൂന്യമായി. മഴ പെയ്യുമ്പോള്‍ ചോര്‍ന്നൊലിക്കുന്ന വീട്ടിലേക്ക് ഇപ്പോള്‍ കയറാന്‍ പോലും ഇവര്‍ക്ക് പേടിയാണ്. അവിവാഹിതയായ ചന്ദ്ര മതിക്ക് അനിയന്‍ ചന്ദ്രമോഹനന്‍ മാത്രമാണ് കൂട്ട്. അദാലത്തിന്റെ ഉദ്ഘാടനം കഴിഞ്ഞയുടന്‍ വേദിക്കരികിലെത്തി പൊട്ടിക്കരഞ്ഞ് കൈകൂപ്പി ആ വൃദ്ധ തന്റെ ജീവിതം വിവരിച്ചപ്പോള്‍ മന്ത്രിമാരായ ടി പി രാമകൃഷ്ണനും എ കെ ശശീന്ദ്രനും ഇവരുടെ അടുത്തേക്ക് വന്നു. അമ്മ ഇനി കരയേണ്ടെന്നും പരാതികളെല്ലാം ഉദ്യോഗസ്ഥര്‍ പരിഹരിക്കുമെന്നും ഉറപ്പ് നല്‍കി. എന്നിട്ടും ആ അമ്മയ്ക്ക് കരച്ചില്‍ അടക്കാന്‍ കഴിഞ്ഞില്ല. വീട്ടിലേക്ക് ആവശ്യമായ സാധനങ്ങള്‍ ഇപ്പോള്‍ തന്നെ എത്തിക്കുമെന്നും ഇനിയുമെന്തിനാണ് കരയുന്നതെന്നും ചോദിച്ചപ്പോള്‍ മുഖം സാവധാനം പ്രസന്നമാവാന്‍ തുടങ്ങി. അവരെ വീട്ടിലെത്തിക്കാനും സ്‌നേഹപൂര്‍വം കോഴിക്കോട് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീട്ടിലേക്ക് ആവശ്യമായ സാധനങ്ങള്‍ അടിയന്തരമായി എത്തിച്ചുനല്‍കാനും മന്ത്രിമാര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. പ്രളയക്കെടുതി കാരണം ചാലപ്പുറം അച്യുത ന്‍ ഗേള്‍സ് ഹൈസ്‌കൂളിലെ ദുരിതാശ്വാസ ക്യാംപിലായിരുന്നു ഇവര്‍ കഴിഞ്ഞിരുന്നത്. ക്യാംപില്‍ നിന്നും വീട്ടിലെത്തിയപ്പോഴാണ് എല്ലാം നഷ്ടപ്പെട്ട വിവരമറിയുന്നത്. വില്ലേജ് ഓഫിസറുടെ കണക്കെടുപ്പിന് ശേഷം ഉടന്‍ തന്നെ എല്ലാപ്രശ്‌നങ്ങളും പരിഹരിക്കുമെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പ് നല്‍കി. ഇവര്‍ നേരത്തെ വീട്ടുജോലിക്ക് പോവാറുണ്ടായിരുന്നെങ്കിലും പ്രായമേറിയതോടെ നിര്‍ത്തുകയായിരുന്നു. പിന്നീട് സഹോദരന്റെ വരുമാനത്തിലാണ് ജീവിച്ചിരുന്നത്. ഇപ്പോള്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം അനിയനും ജോലിക്ക് പോവാറില്ല. ഇതോടെ കുടുംബം പ്രതിസന്ധിയിലായിരിക്കുകയാണ്.

Next Story

RELATED STORIES

Share it