അദാനിയെ നോവിക്കാതെ മാണ്‍വിയില്‍ ഇരുപക്ഷവും

ഭുജ്: വ്യവസായവല്‍ക്കരണത്തിനു കുറവൊന്നുമില്ലെങ്കിലും കച്ചിലെ മാണ്‍വിയില്‍ തൊഴിലില്ലായ്മയും അടിസ്ഥാനസൗകര്യ വികസനവുമെല്ലാമാണു തിരഞ്ഞെടുപ്പു വിഷയം. അദാനി—ക്ക് സ്‌പെഷ്യല്‍ ഇക്കണോമിക് സോണിന്റെ പേരില്‍ കടല്‍ത്തീരം തന്നെ തീറെഴുതി നല്‍കിയ മുന്ദ്രയാണു മണ്ഡലത്തിലെ പ്രധാന നഗരം. രണ്ടര ലക്ഷത്തിനു താഴെ വരുന്ന വോട്ടര്‍മാരില്‍ 50,000ത്തിലധികവും മുസ്്‌ലിംകളാണ്. എന്നിട്ടും ജയിക്കുന്നതു ബിജെപിയും. 2002ലെ വംശഹത്യ—ക്കു ശേഷം നടന്ന തിരഞ്ഞെടുപ്പില്‍ മാത്രമാണ് ഇവിടെ കോണ്‍ഗ്രസ്സിന് ജയിക്കാനായത്. അതിനു മുമ്പും ശേഷവുമെല്ലാം ബിജെപിയുടെ മണ്ഡലമാണിത്. 2012ല്‍ നടന്ന മണ്ഡല പുനര്‍ക്രമീകരണത്തിനു ശേഷമാണ് വ്യവസായിക മേഖല മണ്ഡലത്തിന്റെ പരിധിയില്‍ വന്നത്. മുന്ദ്രപ്രദേശം അംബാനി—ക്ക് സ്വകാര്യ തുറമുഖമായി വിട്ടുകൊടുത്തതിനെ രാഹുല്‍ഗാന്ധി തന്റെ പ്രസംഗങ്ങളില്‍ വിമര്‍ശിക്കാറുണ്ടെങ്കിലും അതൊന്നും മണ്ഡലത്തില്‍ തിരഞ്ഞെടുപ്പു വിഷയമല്ല. അദാനി—ക്ക് പരിക്കേല്‍ക്കാതെയാണ് ഇരുവിഭാഗത്തിന്റെയും പ്രചാരണം. ഇവിടെ അദാനിയുടെ കല്‍ക്കരി പ്ലാന്റ് പരിസ്ഥിതിക്കും സമീപവാസികള്‍ക്കും വന്‍ ദോഷമുണ്ടാക്കുന്നുവെന്നു കണ്ടെത്തിയിട്ടുണ്ട്. 75 ഹെക്റ്റര്‍ കണ്ടല്‍ക്കാടുകള്‍ അദാനി മണ്ണിട്ടു നികത്തി. മണലെടുത്തു കടലിന് ആഴംകൂട്ടി. മണ്ണിട്ട് ജലസ്രോതസ്സുകള്‍ തടഞ്ഞു. ഇതോടെ പ്രദേശത്തെ മല്‍സ്യസമ്പത്ത് നശിച്ചു. ഭൂഗര്‍ഭജലം ഉപ്പുരസമുള്ളതായി മാറിയതിനാല്‍ പരിസരത്തു ശുദ്ധജലമില്ലാതായി. തൊട്ടടുത്ത ഗ്രാമത്തില്‍ പ്രളയമുണ്ടായി. പാരമ്പര്യ മല്‍സ്യത്തൊഴിലാളികളായ നാട്ടുകാര്‍ ദുരിതത്തിലായി. പരിസ്ഥിതി മലിനീകരണത്തെ ചോദ്യംചെയ്തവരെ കൈക്കൂലി നല്‍കിയും അല്ലാതെയും അദാനിസംഘം ഒതുക്കി. തുറമുഖം വന്നതോടെ 80 കുടുംബങ്ങള്‍ക്കാണ് ഹാസിറ മല്‍സ്യബന്ധന തുറമുഖത്തേക്കു പ്രവേശനമില്ലാതായത്. അദാനിക്ക് ഇതിനെല്ലാം സര്‍ക്കാര്‍ വഴിവിട്ട സഹായം നല്‍കി. എന്നാല്‍ ഇതൊന്നും തിരഞ്ഞെടുപ്പു വിഷയമല്ല. തുറമുഖത്തിന്റെ ഭാഗമായി മുന്ദ്രയില്‍ വലിയൊരു നഗരം തന്നെ രൂപപ്പെട്ടിട്ടുണ്ട്. അതിനെല്ലാമുപരി ഗുജറാത്ത് കോണ്‍ഗ്രസ്സിലെ അതികായനായ ശക്തിസിന്‍ഹ് ഗോഹിലാണ് ഇവിടെ മല്‍സരിക്കുന്നത്. അബ്ദാസയില്‍ നിന്ന് ഇത്തവണ മല്‍സരിക്കാന്‍ മാണ്‍വിയിലെത്തിയതാണു ഗോഹില്‍. കോണ്‍ഗ്രസ് ഭൂരിപക്ഷം നേടിയാല്‍ ഗോഹിലായിരിക്കും മുഖ്യമന്ത്രി എന്ന കാര്യവും ഉറപ്പാണ്. അതുകൊണ്ടു തന്നെ എങ്ങനെയെങ്കിലും ജയിപ്പിച്ചെടുക്കുകയെന്ന ഭാരിച്ച ദൗത്യമാണ് ഇത്തവണ പ്രദേശിക കോണ്‍ഗ്രസ് നേതാക്കള്‍ക്കുള്ളത്. മറുവശത്തു ബിജെപിയുടെ പ്രചാരണായുധങ്ങളിലെന്നും ഗോഹിലിന്റെ മാണ്‍വിയിലേക്കുള്ള വരവാണ്. എന്നാല്‍ ബിജെപി സ്ഥാനാര്‍ഥിയായ വീരേന്ദ്ര സിന്‍ഹ് ജഡേജയും മാണ്‍വിക്കാരനല്ല. ബച്ചാവുവാണ് ജഡേജയുടെ തട്ടകം. മാണ്‍വിയിലേക്കു പറിച്ചുനടാന്‍ മാത്രം ജനകീയതയും ജഡേജയ്ക്കില്ല. തന്നെ ജയിപ്പിക്കുകയാണെങ്കി ല്‍ മണ്ഡലത്തിലൊരു വീടു വച്ച് താമസിക്കാമെന്നാണു ജഡേജ  പറയുന്നത്. 50,462 ആണു മണ്ഡലത്തിലെ മുസ്്‌ലിം വോട്ടര്‍മാര്‍. ഇവിടെ മുസ്്‌ലിംകള്‍ ആണ് വലിയ വിഭാഗം. 31,233 പേരുള്ള പട്ടികജാതിക്കാരാണു രണ്ടാംസ്ഥാനത്ത്. 21,900 പേരുള്ള ക്ഷത്രിയര്‍ക്കാണു മൂന്നാംസ്ഥാനം. പട്ടേലുകള്‍ 17,000ത്തിനടുത്തുണ്ട്. 1995 മുതല്‍ നടന്ന അഞ്ചു തിരഞ്ഞെടുപ്പില്‍ നാലിലും ജയിച്ചത് ബിജെപി. 2002ലെ വംശഹത്യയെ തുടര്‍ന്നുണ്ടായ തിരഞ്ഞെടുപ്പില്‍ മാത്രമാണു കോണ്‍ഗ്രസ്സിലെ ചാബില്‍ഭായ് പട്ടേല്‍ 598 വോട്ടുകള്‍ക്ക് ജയിച്ചത്. 2012ലെ തിരഞ്ഞെടുപ്പില്‍ 8,506 വോട്ടുകള്‍ക്കാണ് ബിജെപിയുടെ താരാചന്ദ് താഹേദ വിജയിച്ചത്. രണ്ടു സ്ഥാനാര്‍ഥികളും ക്ഷത്രിയ വിഭാഗക്കാരായതിനാല്‍ ഈ വിഭാഗത്തിന്റെ വോട്ടുകള്‍ വീതിക്കപ്പെടാനാണു സാധ്യത. വാണിജ്യം വന്നെങ്കിലും നഗരത്തിലെ റോഡ് വൃത്തിയില്ലാത്തതും അഴുക്കുചാല്‍ അടഞ്ഞു കിടക്കുന്നതുമാണെന്നു ഗോഹില്‍ ചൂണ്ടിക്കാട്ടുന്നു. വാഗ്ദാനം നല്‍കുകയല്ലാതെ ബിജെപി ഒന്നും ചെയ്തില്ലെന്നും കോണ്‍ഗ്രസ് പറയുന്നുണ്ട്. അതിനെ നേരിട്ടു നേരിടാതെ തന്നെ തിരഞ്ഞെടുത്താല്‍ വികസനം കൊണ്ടുവരാമെന്നു വാഗ്്ദാനം നല്‍കുക മാത്രമാണ് ജഡേജ ചെയ്യുന്നത്. ഹോട്ടി കള്‍ച്ചര്‍ വിപ്ലവത്തിന്റെ ഉദാഹരണമായി മാണ്‍വി മാറിയിട്ടുണ്ടെങ്കിലും വെള്ളമില്ലായ്മ പ്രധാന പ്രശ്‌നമാണ്. ബച്ചാവുവിലുള്ള തപാര്‍ അണക്കെട്ട് മാത്രമാണ് അടുത്തുള്ള ഏറ്റവും വലിയ ജലസംഭരണി. വ്യവസായ കേന്ദ്രങ്ങളൊക്കെയുണ്ടെങ്കിലും  പുറംനാട്ടില്‍ നിന്നാണ് പണിക്ക് ആളെ കൊണ്ടുവരുന്നത്. കമ്പനികള്‍ക്കായി വഴിമാറിക്കൊടുക്കേണ്ടി വന്ന നാട്ടുകാര്‍ തൊഴിലില്ലാതെ നോക്കിനില്‍ക്കുമ്പോഴാണ് ഇതെല്ലാം.
Next Story

RELATED STORIES

Share it