അതിവേഗ റെയില്‍വേക്ക് വേഗത വര്‍ധിച്ചു: അന്തിമ റിപോര്‍ട്ട് ഉടന്‍ നല്‍കാന്‍ റെയില്‍വേക്ക് നിര്‍ദേശം

തിരുവനന്തപുരം: അതിവേഗ റെയില്‍പ്പാത എന്ന സംസ്ഥാനത്തിന്റെ സ്വപ്‌നങ്ങള്‍ക്ക് വേഗത വര്‍ധിക്കുന്നു. പദ്ധതിയെക്കുറിച്ചുള്ള അന്തിമ റിപോര്‍ട്ട് ഉടന്‍ നല്‍കാന്‍ അതിവേഗ റെയില്‍ കോര്‍പറേഷന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. നിലവിലെ കരട് റിപോര്‍ട്ടില്‍ നിന്ന് കാര്യമായി മാറ്റംവരുത്തി റിപോര്‍ട്ട് ഉടന്‍ ന ല്‍കുമെന്ന് പദ്ധതിയെക്കുറിച്ച് പഠനം നടത്തുന്ന ഡിഎംആ ര്‍സി അധികൃതര്‍ വ്യക്തമാക്കി.
തിരുവനന്തപുരത്ത് നിന്ന് മംഗലാപുരം വരെയാണ് അതിവേഗ റെയില്‍പാത നിര്‍മിക്കുന്നത്. ആദ്യഘട്ടത്തില്‍ കണ്ണൂര്‍ വരെയുള്ള പാതയാണ് ലക്ഷ്യമിടുന്നത്. പുതുക്കിയ റിപോര്‍ട്ട് രണ്ടാഴ്ചയ്ക്കകം സമര്‍പ്പിക്കാനാവുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.
മണിക്കൂറില്‍ 300 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാന്‍ അതിവേഗ റെയില്‍വേയിലൂടെ സാധ്യമാവും. പാത യാഥാര്‍ഥ്യമായാല്‍ തിരുവനന്തപുരത്തു നിന്ന് കണ്ണൂര്‍വരെ ഒരു മണിക്കൂര്‍ 57 മിനിറ്റില്‍ എത്താനാവും. പദ്ധതിയുടെ ആകെ ചെലവ് 65,000 കോടിരൂപയാവുമെന്നാണ് സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിച്ച കരട് റിപോര്‍ട്ടില്‍ ഡിഎംആര്‍സി വ്യക്തമാക്കിയിരുന്നത്. കരട് റിപോര്‍ട്ട് അനുസരിച്ച് പാത 90 കിലോമീറ്റര്‍ ഉപരിതലത്തിലും, 297 കിലോമീറ്റര്‍ തൂണിന് മുകളിലും, 126 കിലോമീറ്റര്‍ ഭൂമിക്കടിയിലുമാണ്. പദ്ധതിയുടെ ഏറ്റവും പ്രധാന വെല്ലുവിളി സ്ഥലമേറ്റെടുക്കലാണ്. പദ്ധതി നടപ്പാക്കാന്‍ 600 ഹെക്ടര്‍ ഭൂമി ആവശ്യമായിവരുമെന്നാണ് ഡിഎംആര്‍സിയുടെ കരട് റിപോര്‍ട്ടിലെ കണ്ടെത്തല്‍. ഇതില്‍ 540 ഹെക്ടര്‍ സ്വകാര്യ ഭൂമിയും 60 ഹെക്ടര്‍ സര്‍ക്കാര്‍ ഭൂമിയും ഉള്‍പ്പെടുന്നു. ജനസാന്ദ്രതയുള്ള സ്ഥലങ്ങളില്‍ ഭൂഗര്‍ഭ കോണ്‍ക്രീറ്റ് ടണലുകളില്‍ കൂടിയാവും പാത കടന്നുപോവുക. ഇതിനാല്‍ അധികം ജനങ്ങളെ കുടിയൊഴിപ്പിക്കേണ്ടിവരില്ലെന്നാണ് കണക്കുകൂട്ടല്‍.
നിലവിലെ റെയില്‍പാതയോടും ദേശീയപാതയോടും ചേര്‍ന്നാണ് അതിവേഗപാത വിഭാവനം ചെയ്തിരിക്കുന്നത്. പദ്ധതി സംബന്ധിച്ച് പഠനം നടത്താന്‍ 2010ലാണ് ഡിഎംആര്‍സിയെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയത്. തുടര്‍ന്ന്, 2011ല്‍ ഡിഎംആര്‍സി സാധ്യതാപഠനം പൂര്‍ത്തിയാക്കി. കഴിഞ്ഞവര്‍ഷം കരട് റിപോര്‍ട്ട് സമര്‍പ്പിച്ചു. കഴിഞ്ഞ ദിവസം അതിവേഗ റെയില്‍ കോര്‍പറേഷന്‍ ചെയര്‍മാന്‍ ടി ബാലകൃഷ്ണന്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ സാഹചര്യത്തില്‍ അതിവേഗ റെയില്‍വേ ഉടന്‍ യാഥാര്‍ഥ്യമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Next Story

RELATED STORIES

Share it