അതിവേഗ കോടതി നടപടി നീതിനിഷേധത്തിന് ഇടയാക്കരുത്‌

ന്യൂഡല്‍ഹി: വേഗത്തിലുള്ള കോടതി വിചാരണ നീതിനിഷേധത്തിന് ഇടവരുത്തരുതെന്ന് ഡല്‍ഹി ഹൈക്കോടതി. 2011ല്‍ മോഷണക്കേസില്‍ അറസ്റ്റിലായ രണ്ടു പേരെ ഡല്‍ഹി മജിസ്‌ട്രേറ്റ് കോടതി മൂന്നു വര്‍ഷത്തെ തടവിനു ശിക്ഷിച്ചിരുന്നു. എന്നാല്‍, വിചാരണ സമയത്ത് പ്രധാന സാക്ഷികളായ രണ്ടു പോലിസ് ഉദ്യോഗസ്ഥരെ വിസ്തരിച്ചിരുന്നില്ല.
പോലിസ് ഉദ്യോഗസ്ഥരായ രണ്ടു പേരായിരുന്നു മോഷണമുതല്‍ കണ്ടെടുത്തതും പ്രതികളെ അറസ്റ്റ് ചെയ്തതും. സാക്ഷികളെ വിസ്തരിക്കുമ്പോഴാണ് യഥാര്‍ഥ സത്യം പുറത്തുവരുക. എന്നാല്‍, ഈ കേസില്‍ സാക്ഷികളുടെ വിശ്വാസ്യത പോലും ചോദ്യം ചെയ്യപ്പെട്ടില്ല. പ്രതിഭാഗത്തിന്റെ വക്കീല്‍ വിചാരണ സമയത്ത് കോടതിയില്‍ എത്തിയിരുന്നില്ല. ഈ സാഹചര്യത്തില്‍ വിചാരണ നീട്ടിവയ്ക്കണമായിരുന്നു. എന്നാല്‍ ഇതുണ്ടായില്ല.
വിചാരണവേളയില്‍ ഇരുവിഭാഗങ്ങളെയും എതിര്‍വിസ്താരം നടത്തിയെങ്കില്‍ മാത്രമേ നീതിയുടെ യഥാര്‍ഥ വസ്തുത പുറത്തുവരുകയുള്ളൂവെന്ന് കോടതി ചൂണ്ടിക്കാട്ടി.
സമാനമായ മറ്റൊരു കേസില്‍ 2017 ഫെബ്രുവരിയില്‍ മോഷണക്കുറ്റം ആരോപിച്ച് രണ്ടു പേരെ മൂന്നു വര്‍ഷം തടവിനു വിധിച്ചിരുന്നു. എന്നാല്‍, ഇതിനെതിരേയുള്ള ഹരജിയില്‍ കേസ് കെട്ടിച്ചമച്ചതാണെന്നു കണ്ടെത്തിയിരുന്നു.
2011 മെയ് 21നാണ് കേസിനാസ്പദമായ സംഭവം. മൂല്‍ചന്ദ് റെയില്‍വേ സ്റ്റേഷനു സമീപം ബൈക്കില്‍ നില്‍ക്കുകയായിരുന്നു പരാതിക്കാരന്‍. ഇയാളെ രണ്ടു പേര്‍ മര്‍ദിച്ചവശനാക്കി പേഴ്‌സും മൊബൈലും ഉള്‍പ്പെടെ മോഷ്ടിച്ച് ഇയാളുടെ തന്നെ ബൈക്കില്‍ കടന്നുകളഞ്ഞതായായിരുന്നു പരാതി. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതികളെ ഏതാനും ദിവസങ്ങള്‍ക്കു ശേഷം രണ്ടു പോലിസുകാരാണ് അറസ്റ്റ് ചെയ്തത്.
Next Story

RELATED STORIES

Share it