Idukki local

അതിര്‍ത്തി ഗ്രാമങ്ങളില്‍ ജലദൗര്‍ലഭ്യം



കട്ടപ്പന: കാലവര്‍ഷം കനിഞ്ഞിട്ടും ജലക്ഷാമം മാറാതെ ഹൈറേഞ്ചിലെ അതിര്‍ത്തി ഗ്രാമങ്ങള്‍. മേഖലയിലെ കാലാവസ്ഥാ വ്യതിയാനം ഏറെ ആശങ്കയാണ് ഉണ്ടാക്കുന്നത്. സമീപ മേഖലകളിലെല്ലാം മഴയേറെ ലഭിച്ചെങ്കിലും അതിര്‍ത്തി ഗ്രാമങ്ങളുടെ വറുതി മാറുന്ന രീതിയില്‍ ജലം ലഭിച്ചില്ല. ഇടയ്ക്കിടെ മഴ പെയ്യുന്നതിനിടയിലും കിണറുകളിലെ ജലനിരപ്പ് അപകടകരാംവിധം താഴ്ന്നുകൊണ്ടിരിക്കുകയാണ്. ആവശ്യത്തിന് മഴ ലഭിക്കാത്തതാണ് കേരള-തമിഴ്‌നാട് അതിര്‍ത്തി ഗ്രാമങ്ങളിലെ കിണറുകള്‍ വറ്റുന്നതിനു കാരണമെന്നു പറയുന്നു. എന്നാല്‍, ശാസ്ത്രീയമായ പഠനം നടത്താന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. വണ്ടന്‍മേട്, കരുണാപുരം പഞ്ചായത്തുകളുടെ വിവിധ മേഖലകളില്‍ ഇപ്പോള്‍ തന്നെ ജലം വന്‍തോതില്‍ കുറഞ്ഞു. വണ്ടന്‍മേട് പഞ്ചായത്തിലെ മണിയന്‍പെട്ടി, കടുക്കാസിറ്റി, നെറ്റിത്തൊഴു, കൊച്ചറ തുടങ്ങിയ മേഖലകളിലും കരുണാപുരം പഞ്ചായത്തിലെ കമ്പംമെട്ട്, മന്തിപ്പാറ, കരുണാപുരം തുടങ്ങിയ മേഖലകളിലുമാണ് മഴ വര്‍ഷംതോറും കുറഞ്ഞുവരുന്നത്. ഇതില്‍ മണിയന്‍പെട്ടി മേഖലയില്‍ ജലക്ഷാമം അതിരൂക്ഷമാണ്. പഞ്ചായത്തിന്റെ മറ്റു പ്രദേശങ്ങളില്‍പോലും ശക്തമായ മഴ പെയ്യുമ്പോള്‍ മണിയന്‍പെട്ടിയില്‍ ചാറ്റല്‍ മഴ മാത്രമേയുള്ളൂ. ഇപ്പോഴും മേഖലയിലുള്ളവരെല്ലാം വാഹനത്തില്‍ വെള്ളമെത്തിക്കുകയാണ്. വെള്ളം കൊണ്ടുവരുന്ന ദൂരത്തിനനുസരിച്ചാണ് വില നല്‍കേണ്ടി വരുന്നത്. മണിയന്‍പെട്ടി ചക്കാലയില്‍ ജോയി 400 രൂപ നല്‍കിയാണ് 1000 ലിറ്റര്‍ വെള്ളം വാങ്ങുന്നത്. ആഴ്ചയില്‍ ആയിരം ലീറ്ററോളം വെള്ളം പണം നല്‍കി വാങ്ങേണ്ട ഗതികേടിലാണ് ജോയി. മേഖലയിലെ മറ്റുള്ളവരുടെ സ്ഥിതിയും മറിച്ചല്ല.സമീപപ്രദേശങ്ങളിലുള്ള വടക്കുംമുറിയില്‍ വര്‍ഗീസ്, തിണ്ടിയത്തിക്കുന്നേല്‍ സണ്ണി, കളരിക്കല്‍ ബാബു, കൊല്ലാട് ബേബി തുടങ്ങിയവരും ജലക്ഷാമത്തിന്റെ ദുരിതം അനുഭവിക്കുന്നവരാണ്. ഇവരുടെയെല്ലാം പുരയിടത്തിലുണ്ടായിരുന്ന കിണറുകള്‍ വറ്റിയിട്ട് നാളുകളായി. ജലക്ഷാമം പരിഹരിക്കാന്‍ 1200 അടി താഴ്ചയില്‍ കുഴല്‍ കിണര്‍ താഴ്ത്തിയിട്ടും പണം നഷ്ടമല്ലാതെ പ്രയോജനമുണ്ടായില്ല. കൂടുതല്‍ ആഴത്തില്‍ താഴ്ന്ന കുഴല്‍ കിണറുകളില്‍ വെള്ളം കണ്ടെത്തിയെങ്കിലും ലഭ്യത വളരെക്കുറച്ചു മാത്രമാണ്. വെള്ളത്തിന്റെ ലഭ്യത കുറഞ്ഞതോടെ അതിര്‍ത്തി ഗ്രാമങ്ങളിലെ കൃഷികളും നഷ്ടത്തിലായി.ലഭിക്കുന്ന ജലത്തിന്റെ ഒരുഭാഗം കൃഷിക്കായി പ്രയോജനപ്പെടുത്താന്‍ കര്‍ഷകര്‍ തയാറാവുന്നുണ്ടെങ്കിലും വരണ്ട ഭൂമിയെ തണുപ്പിക്കാന്‍ അതു പോരാ. കാലവര്‍ഷം ആരംഭിച്ച ജൂണ്‍ മാസത്തില്‍ വിരലില്‍ എണ്ണാവുന്ന മഴയാണ് അതിര്‍ത്തി മേഖലകളില്‍ ലഭിച്ചത്. മറ്റുള്ളപ്പോഴെല്ലാം ചാറ്റല്‍ മഴയുടെ രൂപത്തിലാണ് മഴയെത്തിയത്. കാര്യമായ തോതില്‍ മണ്ണിലേക്ക് വെള്ളം ഇറങ്ങാത്തതിനാല്‍ കിണറുകളില്‍ ഉറവ രൂപപ്പെട്ടില്ല. വെള്ളമില്ലാതായതോടെ ഈ മേഖലകളിലെ ഏലം, കാപ്പി, കുരുമുളക്, കപ്പ, പച്ചക്കറി തുടങ്ങിയ കൃഷികളെല്ലാം നശിക്കുകയാണ്. അവശേഷിക്കുന്നവ വളര്‍ച്ച മുരടിച്ച നിലയിലാണ്. ജില്ലയുടെ ഭൂരിഭാഗം മേഖലകളിലും കനത്ത മഴയാണ് ലഭിക്കുന്നത്. ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് മഴയുടെ അളവ് വളരെക്കൂടുതലാണ്. 2016ല്‍ ഇതേസമയം 43 ശതമാനം മാത്രം വെള്ളം മാത്രമുണ്ടായിരുന്ന ഇടുക്കി അണക്കെട്ടില്‍ ഇപ്പോള്‍ 69 ശതമാനം ജലമാണുള്ളത്. വൃഷ്ടിപ്രദേശത്ത് മഴയുടെ തോത് കൂടിയതിനാലാണ് വെള്ളത്തിന്റെ അളവില്‍ വര്‍ധനവുണ്ടായത്. എന്നാല്‍ ഇവയൊന്നും അതിര്‍ത്തി മേഖലകളിലുള്ളവരുടെ ദുരിതത്തിന് അറുതിവരുത്തുന്നില്ല. മണിയന്‍പെട്ടിയിലെയും സമീപ പ്രദേശങ്ങളിലെയും ഇരുപതോളം കിണറുകള്‍ വറ്റിയിരിക്കുകയാണ്. ചിലതില്‍ വെള്ളത്തിന്റെ അംശംപോലുമില്ല. വണ്ടമേട് പഞ്ചായത്തിന്റെ ശുദ്ധജല വിതരണ പദ്ധതിക്കായി മണിയന്‍പെട്ടിയില്‍ നിര്‍മിച്ച കുളത്തിലും ആവശ്യത്തിന് വെള്ളമില്ല. മേഖല മഴനിഴല്‍ പ്രദേശത്തിന്റെ സ്വഭാവം കാണിക്കുന്നത് ഏറെ ആശങ്കയ്ക്കിടയാക്കുന്നുണ്ട്. അധികൃതര്‍ അടിയന്തരമായി പഠനം നടത്തി നടപടി സ്വീകരില്ലെങ്കില്‍ മേഖല വരണ്ടുണങ്ങുന്ന സ്ഥിതിയാവും.
Next Story

RELATED STORIES

Share it