Flash News

അതിര്‍ത്തിയില്‍ പാക് വെടി; രണ്ട് ഇന്ത്യന്‍ സൈനികര്‍ മരിച്ചു



ജമ്മു: ജമ്മുകശ്മീരിലെ പൂഞ്ച് മേഖലയില്‍ പാകിസ്താന്‍ സേന നടത്തിയ വെടിവയ്പില്‍ രണ്ട് ഇന്ത്യന്‍ സൈനികര്‍ മരിച്ചു. ഇന്ത്യയുടെ തിരിച്ചടിയില്‍ ഒരു പാക് സൈനികനും മരിച്ചു. നിയന്ത്രണരേഖയില്‍ വെടിവയ്പ് തുടരുകയാണ്. പാകിസ്താന്‍ സൈന്യം ഇന്ത്യന്‍ ഭാഗത്ത് 600 മീറ്റര്‍ അകത്തേക്ക് കടന്നാണ് ആക്രമണം നടത്തിയത്. ഇതിനു പുറമേ ദക്ഷിണ കശ്മീരിലെ പുല്‍വാമയിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ലശ്കറെ ത്വയ്യിബ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. ഏറ്റുമുട്ടല്‍ ആറ് മണിക്കൂര്‍ നീണ്ടു. കൊല്ലപ്പെട്ട മജിദ് ദര്‍ കാകപുര ഗ്രാമത്തലവന്‍, പുല്‍വാമ ജില്ലാപ്രസിഡന്റ് എന്നിവരടക്കം ഒട്ടേറെ പേരെ വധിച്ച കേസുകളിലെ പ്രതിയാണെന്ന് പോലിസ് പറഞ്ഞു. പുല്‍വാമയിലെ കാകപുരയില്‍ ബുധനാഴ്ച രാത്രിയാണ് ഏറ്റുമുട്ടല്‍ തുടങ്ങിയത്. ലശ്കര്‍ പ്രവര്‍ത്തകര്‍ ഒരു വീട്ടില്‍ ഒളിച്ചിരിപ്പുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് സുരക്ഷാസേന എത്തിയത്. ഇവരെ പിടികൂടാന്‍ സൈനിക നടപടി തുടങ്ങിയതോടെ ഏറ്റുമുട്ടല്‍ ആരംഭിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെയാണ് ഏറ്റുമുട്ടല്‍ അവസാനിച്ചത്.  അതേസമയം, അസ്വസ്ഥമായ ദക്ഷിണ കശ്മീരിലേക്ക് രണ്ടായിരം പേരടങ്ങിയ രണ്ട് കമ്പനി സൈന്യത്തെക്കൂടി അയച്ചു. നാല് പ്രശ്‌നബാധിത ജില്ലകളില്‍ ഇവരെ വിന്യസിക്കും. കുല്‍ഗാം, ഷോപിയാന്‍, പുല്‍വാമ, അനന്ത്‌നാഗ് എന്നിവിടങ്ങളില്‍ നേരത്തേതന്നെ സൈന്യത്തെ നിയോഗിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it