അണക്കെട്ട് ഭദ്രതാ പരിശോധന ഒന്നാംഘട്ടം പൂര്‍ത്തിയാക്കി

സി എ സജീവന്‍

തൊടുപുഴ: സംസ്ഥാനത്തെ അണക്കെട്ടുകളുടെ ഭദ്രതാ പരിശോധനയുടെ ഒന്നാംഘട്ടം പൂര്‍ത്തിയായി. ലോകബാങ്ക് പദ്ധതിയായ ഡാം റീഹാബിലിറ്റേഷന്‍ ആന്റ് ഇംപ്രൂവ്‌മെന്റ് പ്രൊജക്റ്റിന്റെ (ഡ്രിപ്) ഭാഗമായി കേന്ദ്ര ജല കമ്മീഷന്റെ സഹായത്തോടെയാണ് ജല-വൈദ്യുതി വകുപ്പുകളുടെ കീഴിലുള്ള അണക്കെട്ടുകളുടെ ഭദ്രതാ പരിശോധന തയ്യാറാക്കിയത്.
ജലവകുപ്പിന്റെ 12 ഡാമുകളും വൈദ്യുതി ബോര്‍ഡിനു കീഴിലെ 14 ഡാമുകളുമാണ് ജല കമ്മീഷന്റെ സഹകരണത്തോടെയുള്ള ഈ പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. സംസ്ഥാന വൈദ്യുതി ബോര്‍ഡ് നേരിട്ട് പണം മുടക്കി മൂന്ന് അണക്കെട്ടുകളുടെ ഭദ്രതാ പരിശോധന നടത്തുന്നുണ്ട്. പദ്ധതിയുടെ ഒന്നാംഘട്ടം വിജയകരമായി പൂര്‍ത്തിയാക്കിയതായി ഉന്നത കേന്ദ്രങ്ങള്‍ വെളിപ്പെടുത്തി. കേന്ദ്ര ജല കമ്മീഷനാണ് കേരളത്തിനായി വെള്ളപ്പൊക്ക സാധ്യതാ പ്രദേശങ്ങള്‍ അടയാളപ്പെടുത്തല്‍ (ഫഌഡ് മാപ്പിങ്) തയ്യാറാക്കിയത്. ഇതിന്റെ ചിത്രീകരണത്തിനാവശ്യമായ വിവരങ്ങളും പശ്ചാത്തല വിശദാംശങ്ങളുമെല്ലാം സമാഹരിച്ചു നല്‍കുകയെന്ന ജോലിയാണ് ജലവകുപ്പും വൈദ്യുതി ബോര്‍ഡും നിര്‍വഹിച്ചത്. ഓരോ ഡാമുകളും പ്രത്യേകമായെടുത്ത് അത് തകര്‍ന്നാല്‍, അല്ലെങ്കില്‍ വെള്ളപ്പൊക്കത്തില്‍ നിറഞ്ഞുകവിഞ്ഞാല്‍ എവിടെയൊക്കെയാവും വെള്ളം കയറുക, ഏതൊക്കെ മേഖലകളെയാവും വെള്ളപ്പൊക്കം ബാധിക്കുക തുടങ്ങിയ വിവരങ്ങളാണ് ശേഖരിക്കുന്നത്. ഉപഗ്രഹ സഹായത്തോടെ പൂര്‍ണമായും കംപ്യൂട്ടര്‍ ഗ്രാഫിക്‌സ് ഉപയോഗിച്ചാണ് ഇതു തയ്യാറാക്കിയിരിക്കുന്നത്. ഡാം ബ്രേക്കിങ് അനാലിസിസിന്റെ ഫഌഡ് മാപ്പിങ് സ്റ്റേജെന്നാണ് ഇതിനെ ഡ്രിപ് വിശേഷിപ്പിക്കുന്നത്. ജലവകുപ്പിന്റെ കീഴിലുള്ള മലമ്പുഴ, നെയ്യാര്‍, കാഞ്ഞിരപ്പുഴ, കുറ്റിയാടി, പോത്തുണ്ടി, വാഴാനി, വാളയാര്‍, മീങ്കര, ചുള്ളിയാര്‍, ചിമ്മിനി, മലങ്കര, പഴശ്ശി എന്നീ ഡാമുകളാണ് പരിശോധിക്കുന്നത്. വൈദ്യുതി ബോര്‍ഡിന്റെ ഇടുക്കി, കുളമാവ്, ചെറുതോണി, ശബരിഗിരി, കക്കി, ലോവര്‍ പെരിയാര്‍, പമ്പ, ആനത്തോട്, മാട്ടുപ്പെട്ടി, കുണ്ടള, പാമ്പള, കല്ലാര്‍കുട്ടി, ആനയിറങ്കല്‍, പൊന്മുടി ഡാമുകളാണ് ഡ്രിപില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
ഷോളയാര്‍, പെരിങ്ങല്‍കുത്ത്, ഇടമലയാര്‍ ഡാമുകളുടെ ഡാം ബ്രേക്കിങ് അനാലിസിസാണ് ബോര്‍ഡ് നേരിട്ടു നടത്തുന്നത്. ഇതിനായി 2.75 കോടി രൂപയാണ് ചെലവിടുന്നത്. ഇതിന്റെ ടെന്‍ഡര്‍ നടപടി പൂര്‍ത്തിയായി.
അതിനിടെ, ഇപ്പോഴത്തെ പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ വൈദ്യുതി ബോര്‍ഡിന്റെ അണക്കെട്ടുകളുമായി ബന്ധപ്പെട്ടു കൂടുതല്‍ സമഗ്രമായ പദ്ധതി വേണമെന്നു വൈദ്യുതി ബോര്‍ഡ് കേന്ദ്രസര്‍ക്കാരിനോടും ജല കമ്മീഷനോടും ആവശ്യപ്പെട്ടു. പരസ്പരം ബന്ധപ്പെട്ടു കിടക്കുന്ന അണക്കെട്ടുകളെ സംബന്ധിച്ച് ഈ വിശകലനം ഫലപ്രദമല്ല. വൈദ്യുതി ബോര്‍ഡിന്റെ അണക്കെട്ടുകളേറെയും പരസ്പരം ബന്ധപ്പെട്ടവയാണ്. ഇടുക്കിയില്‍ വെള്ളം നിറഞ്ഞാല്‍ ലോവര്‍ പെരിയാര്‍, ഇടമലയാര്‍, ഭൂതത്താന്‍കെട്ട് അണക്കെട്ടുകളെയും ബാധിക്കും. ഇൗ വസ്തുതകള്‍ കൂടി കണക്കിലെടുത്ത് ഈ അണക്കെട്ടുകളെയെല്ലാം കോര്‍ത്തിണക്കിയുള്ള സമഗ്രമായ ഭദ്രതാ പരിശോധനയാണ് ആവിഷ്‌കരിക്കേണ്ടതെന്നാണ് ബോര്‍ഡിന്റെ നിലപാട്.

Next Story

RELATED STORIES

Share it