Pathanamthitta local

അടൂര്‍ നഗരത്തില്‍ ഇനി ഹരിതകര്‍മ സേന



അടൂര്‍: അടൂര്‍ നഗരം ഹരിതാഭമാക്കാന്‍ ഇനി ഹരിതകര്‍മ സേനയുടെ സേവനവും. ഹരിതകേരളം പദ്ധതിയുടെ ഭാഗമായ സമഗ്ര ശുചിത്വ പദ്ധതി നടപ്പാക്കുന്നതിനാണ് സേനയ്ക്കു രൂപം നല്‍കിയത്. നഗരസഭയിലെ കുടുംബശ്രീയില്‍നിന്ന് രണ്ടു വൊളന്റിയര്‍മാരെ വീതം തിരഞ്ഞെടുത്താണ് സേനയുടെ പ്രവര്‍ത്തനം 28 വാര്‍ഡിലും എത്തിക്കുന്നത്. അജൈവ മാലിന്യങ്ങള്‍ വീടുകളിലെത്തി ഇവര്‍ ശേഖരിക്കും. നഗരസഭയിലെ വിവിധ സ്ഥലങ്ങളില്‍നിന്ന് ഹരിതകര്‍മ സേന ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യം പൊടിയാക്കി മാറ്റും. ഇതിനുള്ള യന്ത്രം നഗരസഭയിലേക്ക് എത്തിച്ചിട്ടുണ്ടെന്ന് ചെയര്‍പേഴ്—സണ്‍ ഷൈനി ജോസ് പറഞ്ഞു. സേനയിലെ വൊളന്റിയര്‍മാര്‍ക്ക് മാലിന്യശേഖരണവുമായി ബന്ധപ്പെട്ട് പരിശീലനവും നല്‍കും. അടൂരിനെ പൂര്‍ണമായും മാലിന്യമുക്തമാക്കണമെന്ന് ഹരിതകര്‍മ സേനയുടെ ഉദ്ഘാടനം നിര്‍വഹിച്ച് ചിറ്റയം ഗോപകുമാര്‍ എംഎല്‍എ പറഞ്ഞു. അജൈവ മാലിന്യങ്ങള്‍ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിന് സേനാ പ്രവര്‍ത്തകര്‍ പ്രാപ്തരാകണമെന്നും അദ്ദേഹം പറഞ്ഞു. ചെയര്‍പേഴ്—സണ്‍ ഷൈനി ജോസ് അധ്യക്ഷത വഹിച്ചു. മറിയാമ്മ ജേക്കബ്ബ്, സിന്ധു തുളസീധരക്കുറുപ്പ്, ആര്‍ സനല്‍കുമാര്‍, താജുദ്ദീന്‍, ബിന്ദുകുമാരി, സെക്രട്ടറി ആര്‍ കെ ദീപേഷ് സംസാരിച്ചു. ജില്ലാ ശുചിത്വ മിഷന്‍ അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ ജോസഫ് ബോധവത്കരണ ക്ലാസെടുത്തു. യോഗത്തില്‍ ദേശീയ നാഗരിക അതിജീവന മിഷന്‍ പദ്ധതിയുടെ ഭാഗമായിട്ടുള്ള തെരുവോര കച്ചവടക്കാര്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡ് വിതരണവും നടന്നു.
Next Story

RELATED STORIES

Share it