Pathanamthitta local

അടൂര്‍ അന്താരാഷ്ട്ര ചലച്ചിത്രമേള ഏപ്രില്‍ 6 മുതല്‍ 8 വരെ

പത്തനംതിട്ട: അടൂര്‍ അന്താരാഷ്ട്ര ചലച്ചിത്രമേള ആറു മുതല്‍ എട്ടു വരെ മാര്‍ത്തോമ്മാ യൂത്ത് സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടക്കും.  ആറിന് വൈകീട്ട് അഞ്ചിന് സംസ്ഥാന ചലചിത്ര അവാര്‍ഡ് ജേതാവ് ഇന്ദ്രന്‍സ് നിര്‍വഹിക്കും.
മികച്ച ശബ്ദമിശ്രണത്തിനുള്ള അവാര്‍ഡ് ജേതാവായ പ്രമോദ് തോമസ്, തൊണ്ടി മുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെ മികച്ച തിരക്കഥാകൃത്തിനുള്ള അവാര്‍ഡ് ലഭിച്ച സജീവ് പാഴൂര്‍ മുഖ്യാതിഥി ആയിരിക്കും. ഫെസ്റ്റിവല്‍ ചെയര്‍മാന്‍  ചിറ്റയം ഗോപകുമാര്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. എട്ടിന് വൈകീട്ട് സമാപന സമ്മേളനം സംവിധായകന്‍ ബ്ലെസി ഉദ്ഘാടനം ചെയ്യും.  ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു മുഖ്യാതിഥിയാകും.
ആറിന് രാവിലെ ഒമ്പതിന് പ്രദര്‍ശനം ആരംഭിക്കും. വൈകിട്ട് 6.30 ന് കൊറിയന്‍ സംവിധായകന്‍ കിം കി ഡൂക്കിന്റെ ദി നെറ്റ് മേളയുടെ ഉദ്ഘാടനചിത്രമായി പ്രദര്‍ശിപ്പിക്കും. സമാപന ചിത്രമായ എറാന്‍ റിക്ലീസ് സംവിധാനം ചെയ്ത ലെമണ്‍ ട്രീ  എട്ടിന് വൈകിട്ട് 6.30 പ്രദര്‍ശിപ്പിക്കും.
ലോകപ്രശസ്ത സിനിമകളായ ക്ലാഷ്, യങ് കാള്‍ മാര്‍ക്‌സ്, ഇന്നസെന്റ്‌സ്, ഇന്‍ സിറിയ, ക്യൂന്‍ ഓഫ് ഡസര്‍ട്ട്, സാന്‍ഡ് സ്‌റ്റോം തുടങ്ങി ഒമ്പതു സിനിമകള്‍ പ്രദര്‍ശിപ്പിക്കും.  മലയാള സിനിമ വിഭാഗത്തില്‍ കെ ജെ ജീവ സംവിധാനം ചെയ്ത റിച്ടര്‍ സ്‌കെയില്‍ 7.6, സലിംകുമാര്‍ സംവിധാനം ചെയ്ത കറുത്ത ജൂതന്‍ എന്നീ സിനിമകള്‍ പ്രദര്‍ശനത്തിനുണ്ടാകും. ഇന്ത്യന്‍ സിനിമ വിഭാഗത്തില്‍ ഡോ. ബിജു സംവിധാനം ചെയ്ത പഹാരി ടിബറ്റന്‍ ഹിന്ദി ഭാഷാചിത്രം  സൗണ്ട് ഓഫ് സൈലന്‍സ് പ്രദര്‍ശിപ്പിക്കും.
എല്ലാ അന്യഭാഷാ ചിത്രങ്ങളും മലയാളം സബ് ടൈറ്റിലോടെയാണ് കാണിക്കുന്നത് എന്ന പ്രത്യേകതയും ചലച്ചിത്രമേളയ്ക്കുണ്ട്.  മേളയോട് അനുബന്ധമായി രണ്ട് ഓപ്പണ്‍ ഫോറവും ഒരു വര്‍ക്‌ഷോപ്പും നടക്കും. ആറിന് ഉച്ചയ്ക്ക് 1.30 ന് തിരക്കഥാകൃത്ത് സജീവ് പാഴൂര്‍ നയിക്കുന്ന തിരക്കഥയുടെ ഇടം എന്ന വര്‍ക്‌ഷോപ്പില്‍ അടൂരും പരിസരപ്രദേശങ്ങളിലുമുള്ള ചലച്ചിത്ര പ്രവര്‍ത്തകര്‍ പങ്കെടുക്കും.  സിനിമയുടെ ഇടങ്ങള്‍ എന്ന വിഷയത്തില്‍ ഏഴിന് വൈകിട്ട് അഞ്ചിന് ഓപ്പണ്‍ ഫോറം ഉണ്ടാകും.
റിച്ടര്‍ സ്‌കെയില്‍ 7.6 എന്ന സിനിമയുടെ സംവിധായിക കെ.ജെ.ജീവ, പത്രപ്രവര്‍ത്തകയും ചലച്ചിത്രനിരൂപകയും സാഹിത്യ വിവര്‍ത്തകയും ആയ അനശ്വര കൊരട്ടിസ്വരൂപം, തൃശൂര്‍ വിമല കോളേജില്‍ അസിസ്റ്റന്റ് പ്രഫസറും ഐഎഫ്എഫ്‌കെ ചലച്ചിത്ര റിപ്പോര്‍ട്ടിങിന് മികച്ച ജേര്‍ണലിസ്റ്റിനുള്ള സംസ്ഥാന അവാര്‍ഡ് ജേതാവുമായ അനു പാപ്പച്ചന്‍, സിനിമാ നിരൂപകയും ചലച്ചിത്രത്താഴ് എന്ന പുസ്തകത്തിന് മികച്ച സിനിമാഗ്രന്ഥത്തിനുള്ള കോഴിക്കോടന്‍ പുരസ്‌കാരം നേടുകയും ചെയ്ത അപര്‍ണ പ്രശാന്തി എന്നിവരാണ് ഓപ്പണ്‍ ഫോറത്തില്‍ പങ്കെടുക്കുന്നത്. എട്ടിന് രാവിലെ 10.30 ന് പ്രാദേശിക ചലച്ചിത്രമേളകളുടെ ഇടം എന്ന വിഷയത്തില്‍ ഓപ്പണ്‍ ഫോറം നടക്കും.  ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റീസ് റിജിയണല്‍ കൗണ്‍സില്‍ അംഗവും ചലച്ചിത്രഅക്കാദമി അംഗവുമായ മധു ജനാര്‍ദ്ദനന്‍, ചലച്ചിത്ര നിരൂപകനും തിരുവനന്തപുരം ബാനര്‍ ഫിലിം സൊസൈറ്റി പ്രസിഡന്റുമായ കെ.ജെ. സിജു, പയ്യന്നൂര്‍ ഓപ്പണ്‍ ഫിലിംസൊസൈറ്റി പ്രവര്‍ത്തകനും ആനുകാലികങ്ങളിലെ ലേഖന എഴുത്തുകാരനുമായ നന്ദലാല്‍, ചലച്ചിത്ര നിരൂപകനും ഡല്‍ഹി ക്ലോണ്‍ ഫിലിം സൊസൈറ്റി സ്ഥാപകഅംഗവുമായ രാംദാസ് എന്നിവര്‍ പങ്കെടുക്കും.  മേളയില്‍ 600 ഡെലിഗേറ്റുകള്‍ക്കാണ് പ്രവേശനം.  300 രൂപയാണ് ഡെലിഗേറ്റ് ഫീസ്.  ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാമെന്ന് സംവിധായകന്‍ ഡോ. ബിജു, അനില്‍ പള്ളിക്കല്‍, സുരേഷ്ബാബു, ബി.രാജീവ്, മോഹന്‍കുമാര്‍, ജയന്‍തെങ്ങമം അറിയിച്ചു. പാസ്സുകള്‍ ആവശ്യമുള്ളവര്‍  9447249393, 9495453913, 7510767456 നമ്പരുകളില്‍ ബന്ധപ്പെടണം.
Next Story

RELATED STORIES

Share it