thrissur local

അടുത്ത വര്‍ഷത്തിനകം 17,500 ചെറുകിട സൂക്ഷ്മ സംരംഭങ്ങളെന്ന് മന്ത്രി



തൃശൂര്‍: വ്യവസായ സംരംഭങ്ങള്‍ക്ക് പുതിയ അന്തരീക്ഷമൊരുക്കുന്നതോടൊപ്പം 17500 ചെറുകിട സൂക്ഷ്മ സംരംഭങ്ങള്‍ 2017-18 ല്‍ ആരംഭിക്കുമെന്ന് വ്യവസായ വകുപ്പു മന്ത്രി എ സി മൊയ്തീന്‍ പറഞ്ഞു. തൃശൂര്‍ പൂഴക്കല്‍ വ്യവസായ സമുച്ചയത്തിന്റെ രണ്ടാം ഘട്ടം ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. വ്യവസായ സംരംഭങ്ങളുള്ളിടത്ത് വ്യവസായം തന്നെ നടക്കണം എന്ന നിലപാടാണ് സര്‍ക്കാരിനുളളത്. ഇതിനാവശ്യമായ അടിസ്ഥാന സൗകര്യം ഒരുക്കും. വ്യവസായങ്ങള്‍ക്ക് പെട്ടെന്ന് ലൈസന്‍സ് കിട്ടുന്ന വിധത്തിലാണ് സര്‍ക്കാര്‍  നടപടികള്‍ എടുത്തുകൊണ്ടിരിക്കുന്നത്. വ്യവസായ വകുപ്പിന്റെ ജില്ലാ ഓഫിസുകള്‍ സുതാര്യമാക്കുന്ന വിധത്തില്‍ ഇ-ഫയിലിംഗ്, വെബ് പോര്‍ട്ടല്‍ നവീകരിക്കല്‍ തുടങ്ങിയവ ചെയ്യും. കൂടാതെ ഏകജാലക സംവിധാനം ശക്തമാക്കാന്‍ നിയമ നിര്‍മ്മാണം കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. കൊച്ചി-ബാംഗ്ലൂര്‍ കോറിഡോറില്‍ നിന്ന് സംസ്ഥാനത്തിനാവശ്യമായതു നേടിയെടുക്കാന്‍ ശ്രമിക്കും. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ചേര്‍ന്ന് ജോയിന്റ് വെന്‍ചര്‍ കമ്പനി സ്ഥാപിച്ച് റെയില്‍വേ പ്രവര്‍ത്തനം ശക്തിപ്പെടുത്തും. മലബാറില്‍ വ്യവസായം എത്തിക്കാന്‍ വേണ്ടതെല്ലാം ചെയ്യുമെന്നും അദ്ദേഹം സൂചിപ്പിച്ചു. വിദ്യാര്‍ത്ഥികളുടെയും യുവജനങ്ങളുടെയും വ്യവസായ താല്‍പര്യം മുന്നില്‍ക്കണ്ടു കൊണ്ട്, അവരുടെ ആശയങ്ങള്‍ വികസിപ്പിച്ച് സംരംഭങ്ങളാക്കുന്ന ഇന്‍ക്വിവേഷന്‍ സെന്ററുകള്‍ സംസ്ഥാനത്ത് കൂടുതലായി സ്ഥാപിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഒന്നാം ഘട്ടത്തിനു പുറമേ പുഴക്കലില്‍ തുടക്കമിടുന്ന വ്യവസായ സമുച്ചയത്തിന്റെ രണ്ടാം ഘട്ടത്തിന് 25.65 കോടി രൂപ വരും. 3.75 ഏക്കറില്‍ 129000 സ്‌ക്വയര്‍ ഫീറ്റിലാണ് കെട്ടിട നിര്‍മ്മാണം. 18 മാസം കൊണ്ടു പൂര്‍ത്തിയാക്കുന്ന കെട്ടിടത്തില്‍ 100 ചെറുകിട യൂണിറ്റുകളുണ്ടാകും. 1000 പേര്‍ക്ക് തൊഴിലവസരം ലഭിയ്ക്കും. യോഗത്തില്‍ മേയര്‍ അജിത ജയരാജന്‍ അദ്ധ്യക്ഷത വഹിച്ചു. സി.എന്‍.ജയദേവന്‍ എംപി.മുഖ്യാതിഥിയായി. എംഎല്‍എ മാരായ കെ.വി.അബ്ദുള്‍ ഖാദര്‍, ഇ.ടി.ടൈസണ്‍ മാസ്റ്റര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീല വിജയകുമാര്‍, ഡെപ്യൂട്ടി മേയര്‍ വര്‍ഗ്ഗീസ് കണ്ടംകുളത്തി, കൗണ്‍സിലര്‍ വി.രാവുണ്ണി തുടങ്ങിയവര്‍ പങ്കെടുത്തു. അസിസ്റ്റന്റ് ഡയറക്ടര്‍ എസ്.സുരേഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വ്യവസായ വാണിജ്യ ഡയറക്ടര്‍ പി.എം.ഫ്രാന്‍സീസ് സ്വാഗതവും ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ.എസ്.പ്രദീപ് കുമാര്‍ നന്ദിയും പറഞ്ഞു.
Next Story

RELATED STORIES

Share it