Kottayam Local

അടച്ചുപൂട്ടിയ മദ്യശാല : അന്തിമ തീരുമാനം വേണമെന്ന്



കാഞ്ഞിരപ്പള്ളി: അഞ്ചലിപ്പയില്‍ പ്രവര്‍ത്തനം ആരംഭിച്ച ശേഷം ജനകീയ സമരത്തെ തുടര്‍ന്ന് അടച്ചുപൂട്ടിയ മദ്യശാല സംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടാവണമെന്ന് യുഡിഎഫും സമര സമിതിയും ആവശ്യപ്പെട്ടു. മദ്യ വില്‍പ്പനശാല തുറക്കുന്നതിന് ലൈസന്‍സ് ലഭിക്കുന്നതിനായി ബിവറേജസ് അധികൃതര്‍ ചിറക്കടവ് പഞ്ചായത്തില്‍ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ ലൈസന്‍സ് പഞ്ചായത്ത് അനുവദിച്ചില്ല. തുടര്‍ന്ന് ബിവറേജസ് അധികൃതര്‍ ഇതിനെതിരേ അപ്പീല്‍ നല്‍കിയിരിക്കുകയാണ്. മദ്യ വില്‍പ്പനശാലയുടെ പ്രവര്‍ത്തനം സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കുന്നതിനായി ബിവറേജസ് കോര്‍പറേഷന്‍ അധികൃതരെയും സമര സമിതി നേതാക്കളെയും വിളിച്ചു ചേര്‍ത്ത് ചര്‍ച്ച നടത്തണമെന്നും പ്രതിപക്ഷ അംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. ഇന്നു നടത്തുന്ന പഞ്ചായത്ത് കമ്മിറ്റിയില്‍ വിഷയം ചര്‍ച്ച ചെയ്യും. ബിവറേജസ് അധികൃതരുടെ പ്രതിനിധിയെയും കമ്മിറ്റിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. മദ്യശാലക്കെതിരേ പഞ്ചായത്തില്‍ പ്രമേയം പാസാക്കിയിരുന്നു. എല്‍ഡിഎഫ് ഭരിക്കുന്ന പഞ്ചായത്തില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് ഒമ്പതിനെതിരേ 11 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ പ്രമേയം പാസാക്കുകയായിരുന്നു.ഭരണപക്ഷത്തിന്റെ എതിര്‍പ്പ് മറികടന്ന് പ്രമേയം പാസായതോടെയാണ് പഞ്ചായത്ത് കമ്മിറ്റി സ്റ്റോപ്പ് മെമ്മോ നല്‍കിയിത്. സ്‌റ്റോപ്പ് മെമ്മോ നല്‍കിയിട്ടും മദ്യവില്‍പ്പനശാല തുറന്ന് പ്രവര്‍ത്തിച്ചിരുന്നു. തുടര്‍ന്ന് കഴിഞ്ഞ 15ന് പഞ്ചായത്ത് പ്രസിഡന്റ് ജയാശ്രീധര്‍ സ്ഥലത്തെത്തി മദ്യ വില്‍പ്പനശാല പൂട്ടിക്കുകയായിരുന്നു.
Next Story

RELATED STORIES

Share it