Editorial

അടച്ചുപൂട്ടല്‍ പ്രശ്‌നപരിഹാരമല്ല

കേരളത്തിലെ 1200ല്‍പരം അനാഥാലയങ്ങള്‍ അടച്ചുപൂട്ടലിന്റെ വക്കത്താണ്. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന 2015ലെ ജുവനൈല്‍ ജസ്റ്റിസ് ആക്റ്റിലെ വ്യവസ്ഥകള്‍ പാലിക്കുകയെന്നത് തങ്ങള്‍ക്ക് താങ്ങാവുന്നതിനപ്പുറത്താണെന്ന് അനാഥാലയ നടത്തിപ്പുകാര്‍ പറയുന്നു. ഈ വ്യവസ്ഥകള്‍ നടപ്പില്‍ വരുത്തി നവംബര്‍ 30നു മുമ്പ് രജിസ്റ്റര്‍ ചെയ്യണമെന്നാണ് സര്‍ക്കാര്‍ അനാഥാലയങ്ങളോട് അനുശാസിച്ചിരുന്നത്. കേരളത്തിലെ 700ലേറെ സ്ഥാപനങ്ങള്‍ രജിസ്‌ട്രേഷന്‍ പുതുക്കിയിട്ടില്ല. തിയ്യതി നീട്ടിയിട്ടുണ്ടെങ്കിലും ഇത്രയും കര്‍ശനവും സാമ്പത്തിക ഭാരം അടിച്ചേല്‍പിക്കുന്നതുമായ വ്യവസ്ഥകള്‍ പാലിക്കാന്‍ തങ്ങള്‍ക്കാവില്ലെന്നും സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുകയല്ലാതെ മറ്റു വഴിയില്ലെന്നുമാണ് നടത്തിപ്പുകാരുടെ വാദം. ജെജെ ആക്റ്റില്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിബന്ധനകള്‍ അനാഥാലയങ്ങളിലെ അന്തേവാസികളുടെ മാന്യവും ആരോഗ്യകരവുമായ ജീവിതത്തിനു സഹായകമാണ്. പല അനാഥാലയങ്ങളിലും അന്തേവാസികള്‍ ദയനീയമായ ജീവിതാവസ്ഥകളിലൂടെയാണ് കടന്നുപോവുന്നതെന്ന പരാതിയുണ്ട്. ആയതിനാല്‍ പുതിയ നിബന്ധനകളെ കുറ്റം പറയാന്‍ വയ്യ. പക്ഷേ, ഈ വ്യവസ്ഥകള്‍ പാലിച്ച് അനാഥാലയങ്ങള്‍ നടത്തിക്കൊണ്ടുപോവാന്‍ കഴിയുമോ എന്നതാണ് പ്രശ്‌നം. കേരളത്തിലെ അനാഥാലയങ്ങളില്‍ ഭൂരിപക്ഷവും ക്രിസ്ത്യന്‍-മുസ്‌ലിം സമുദായ നേതൃത്വങ്ങള്‍ നടത്തുന്നവയാണ്. അഗതിപരിപാലനവും അനാഥസംരക്ഷണവും മതപരമായ ബാധ്യതയായി കണക്കാക്കുന്നവരാണ് ഇരുകൂട്ടരും. പുണ്യപ്രവൃത്തിയെന്നു കരുതിയാണ് ഈ സമുദായക്കാര്‍ അനാഥസംരക്ഷണത്തില്‍ ഏര്‍പ്പെടുന്നത്. സര്‍ക്കാര്‍ ഗ്രാന്റൊന്നും മതപരിപ്രേക്ഷ്യത്തിലൂടെ നോക്കുമ്പോള്‍ വിഷയമേയല്ല. യാതൊരുവിധ സര്‍ക്കാര്‍ സഹായവും ഇല്ലാതിരുന്ന കാലത്താണ് കേരളത്തിലെ പല പ്രശസ്ത ഓര്‍ഫനേജുകളും ആരംഭിച്ചത്. അതിനാല്‍, എത്ര വലിയ സാമ്പത്തിക ഭാരം താങ്ങിയിട്ടാണെങ്കിലും അനാഥാലയങ്ങള്‍ നടത്തിക്കൊണ്ടുപോവാന്‍ സമുദായ നേതൃത്വങ്ങള്‍ ബാധ്യസ്ഥമാണ്. സാമ്പത്തിക ഭാരം താങ്ങാനാവില്ലെന്ന അനാഥാലയ അധികൃതരുടെ നിലപാട് പൂര്‍ണമായും ശരിയാണെന്നും പറഞ്ഞുകൂടാ. മിക്ക അനാഥാലയങ്ങള്‍ക്കും നല്ല സാമ്പത്തിക സ്ഥിതിയും വന്‍ ആസ്തികളും നിക്ഷേപങ്ങളുമുണ്ട്. അവയ്ക്കു നന്നായി സംഭാവന ലഭിക്കാറുമുണ്ട്. കൈ നനയാതെ മീന്‍ പിടിക്കുന്ന ഏര്‍പ്പാടാണ് പലര്‍ക്കും അനാഥ സംരക്ഷണം. കൈ അല്‍പം നനയേണ്ടിവരുമ്പോള്‍ മീന്‍പിടിത്തമേ വേണ്ടെന്നുവയ്ക്കുന്നത് ഉചിതമാണോ? ഓര്‍ഫനേജുകളില്‍ ബാലികാബാലന്‍മാരുടെ എണ്ണം കുറഞ്ഞുവരുന്നു എന്ന വസ്തുതയും പരിഗണിക്കണം. ജനങ്ങളുടെ സാമാന്യമായ സാമ്പത്തിക അഭിവൃദ്ധി, സാമൂഹികമായ അന്തസ്സിനെ കുറിച്ചുള്ള അവബോധങ്ങള്‍, സ്‌കൂളുകളില്‍ ഭക്ഷണവും പുസ്തകവുമൊക്കെ ലഭ്യമാവുന്ന അവസ്ഥ, പല തരം ക്ഷേമപദ്ധതികള്‍- ഇതെല്ലാം അനാഥാലയങ്ങളുടെ ബാധ്യതകള്‍ കുറച്ചുകളയുന്ന ഘടകങ്ങളാണ്. സര്‍ക്കാര്‍ നടപടികള്‍ക്കൊപ്പം അനാഥാലയ നടത്തിപ്പുകാര്‍ ഇത്തരം വെല്ലുവിളികളും നേരിടുന്നു. ആയതിനാല്‍, അടച്ചുപൂട്ടല്‍ ഭീഷണി മുഴക്കുന്നതിനപ്പുറത്തേക്കു കടന്നുചെന്ന് അവര്‍ പ്രശ്‌നത്തിന്റെ വിവിധ മാനങ്ങളെക്കുറിച്ച് ചിന്തിച്ചു തീരുമാനമെടുക്കണം. ജെജെ ആക്റ്റിലെ വ്യവസ്ഥകള്‍ക്കു പിന്നില്‍ എന്തെങ്കിലും ദുഷ്ടലാക്കുണ്ടോ എന്ന് ആലോചിക്കുകയും വേണം.
Next Story

RELATED STORIES

Share it