അഞ്ജുവിനോട് മന്ത്രി കയര്‍ക്കാന്‍ കാരണം വിവാദനിയമനവും വിമാനയാത്രകളും

തിരുവനന്തപുരം: സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ഒളിംപ്യന്‍ അഞ്ജു ബോബി ജോര്‍ജിനോട് കായികമന്ത്രി കയര്‍ത്തു സംസാരിക്കാന്‍ കാരണം വിവാദനിയമനവും വിമാനയാത്രകളും. അഞ്ജുവിന്റെ സഹോദരന് സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ നിയമനം നല്‍കിയത് മാനദണ്ഡങ്ങള്‍ ലംഘിച്ചാണെന്നതാണ് അവര്‍ക്കെതിരെയുള്ള പ്രധാന ആരോപണം. ഇതോടൊപ്പം, ബംഗളൂരുവില്‍ കേന്ദ്ര കസ്റ്റംസ് ഉദ്യോഗസ്ഥയായ അഞ്ജു അവിടുന്ന് ഡെപ്യൂട്ടേഷനില്‍ ഈ പദവിയിലെത്തിയതോടെ മുഴുവന്‍ സമയവും   ക്യാംപില്‍ കാണണമെന്നുള്ളതാണ് ചട്ടം. എന്നാല്‍, ഈ ചട്ടം പാലിക്കപ്പെടുന്നില്ലെന്നും തുച്ഛമായ ദിവസങ്ങള്‍ മാത്രമാണ് ഇവിടെ കാണാറുള്ളതെന്നും പറയപ്പെടുന്നു. ചട്ടം ലംഘിച്ച് ബംഗളൂരു ആസ്ഥാനമായി തന്റെയും ഭര്‍ത്താവിന്റേയും പേരില്‍ തുടങ്ങിയ അഞ്ജു ബോബി സ്‌പോര്‍ട്‌സ് അക്കാദമി നോക്കി നടത്തുകയാണ് അവര്‍ ചെയ്യുന്നത്. ഇതിനിടെ കേരളത്തില്‍ വന്നുപോവുന്ന അഞ്ജുവിന്റെ വിമാനയാത്രകളുടെ ചെലവ് വഹിക്കുന്നത് സംസ്ഥാന സര്‍ക്കാരുമാണ്. ഇതാണ് മന്ത്രിയെ ചൊടിപ്പിച്ചതെന്ന് സാരം. 2015 നവംബര്‍ 27നാണ് ഒളിംപ്യന്‍ അഞ്ജു ബോബി ജോര്‍ജ് സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റായി സ്ഥാനമേറ്റത്. മുന്‍ സര്‍ക്കാരിന്റെ തുടക്കത്തില്‍ തല്‍സ്ഥാനത്ത് നിയമിതയായ പത്മിനി തോമസ് സ്ഥാനമൊഴിഞ്ഞതിനു പിന്നാലെയാണ് അഞ്ജു പ്രസിഡന്റായത്. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനം മുഴുവന്‍ സമയ പ്രവര്‍ത്തനമായിരിക്കേ മാസത്തില്‍ ഒന്നോ രണ്ടോ തവണ മാത്രം ബംഗളൂരുവില്‍നിന്നു വന്നുപോവുന്ന അഞ്ജുവിന്റെ രീതിയില്‍ പുതിയ സര്‍ക്കാരിന് താല്‍പര്യമില്ല. ഒരുതവണ മാത്രം തിരുവനന്തപുരത്ത് വന്നുപോവുന്നതിന് 40,000 രൂപയാണ് മെയ് 30ന് ചേര്‍ന്ന അഡ്മിനിസ്‌ട്രേറ്റീവ് ബോര്‍ഡ് പാസാക്കിയത്. നിലവില്‍ 25,000 രൂപ വാടക നല്‍കി സര്‍ക്കാര്‍ വീട് അനുവദിച്ചിട്ടുണ്ട്. ഇതിനുപുറമെ വിമാനക്കൂലിയും കൂടി നല്‍കാനാവില്ലെന്ന് മന്ത്രി അറിയിച്ചിരുന്നു.കസ്റ്റംസില്‍നിന്നു ശമ്പളം കൈപറ്റുന്നതിനു പുറമെ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എന്ന നിലയില്‍ പണം പറ്റുന്നതിലും പ്രശ്‌നമുണ്ടെന്നാണ് വിലയിരുത്തല്‍. ഇതിനൊപ്പമാണ് സഹോദരന് ജോലി നല്‍കിയതിനുപിന്നിലെ ചട്ടലംഘനവും ചൂണ്ടിക്കാട്ടപ്പെടുന്നത്. യുഡിഎഫ് സര്‍ക്കാരിന്റെ ഭരണകാലത്ത് അഞ്ജുവിന്റെ സഹോദരനും കായികതാരം സിനിമോള്‍ പൗലോസിന്റെ ഭര്‍ത്താവും പരിശീലകനുമായ അജിത്ത് മാര്‍ക്കോസിനെ അസി. സെക്രട്ടറി ടെക്‌നിക്കല്‍ വിഭാഗത്തിലുള്ള ഒഴിവില്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് നിയമിക്കാന്‍ നീക്കം തുടങ്ങിയത് വിവാദമായിരുന്നു. ഈ പദവിയിലിരുന്ന കായികതാരം ബോബി അലോഷ്യസ് ഒഴിഞ്ഞതിനു ശേഷമായിരുന്നു പുതിയ നീക്കം. 80,000 രൂപ ശമ്പളമുള്ള തസ്തികയിലേക്കാണ് പിന്‍വാതില്‍ നിയമനത്തിനു ശ്രമമുണ്ടായത്. ഇതിനിടെ, പ്രസിഡന്റ് സ്ഥാനത്തേക്ക് വികസനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാനാവുന്ന കായികലോകത്തിന്റെ പ്രതിനിധിയും സര്‍വസമ്മതനുമായ ഒരു വ്യക്തിയെ നിയമിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഇക്കാര്യം കഴിഞ്ഞദിവസത്തെ യോഗത്തില്‍ ഇ പി ജയരാജന്‍ അഞ്ജുവിനോട് പറഞ്ഞതായാണ് സൂചന. ഇതേതുടര്‍ന്നാണ് മുഖ്യമന്ത്രിക്കു മുന്നില്‍ പരാതിയെത്തിയതുവരെയുള്ള സംഭവങ്ങളുടെ തുടക്കവും. അതേസമയം, അപമാനിതയായി, അഴിമതിക്കാരിയായി സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനത്തു നിന്നൊഴിയാന്‍ തയ്യാറല്ലെന്നും താനിതുവരെ നയാ പൈസയുടെ അഴിമതി കാണിച്ചിട്ടില്ലെന്നും സേവനം ആവശ്യമില്ലെങ്കില്‍ മാന്യമായി പറഞ്ഞാല്‍ രാജിവച്ച് ഒഴിയാന്‍ തയ്യാറാണെന്നും അഞ്ജു ബോബി ജോര്‍ജ് വ്യക്തമാക്കി.
Next Story

RELATED STORIES

Share it