അഞ്ചു പ്രമുഖര്‍ നേതൃത്വം നല്‍കും

തിരുവനന്തപുരം: തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ പ്രചാരണത്തിന് സിപിഎമ്മില്‍നിന്ന് അഞ്ചു പ്രമുഖര്‍ നേതൃത്വം നല്‍കും. പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍, പിബി അംഗങ്ങളായ എസ് രാമചന്ദ്രന്‍പിള്ള, പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍ എംഎ ബേബി എന്നിവരാണ് സംസ്ഥാനത്തെ പ്രചാരണത്തിന് നേതൃത്വം വഹിക്കുക.തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി തീരുമാനമില്ലാതെ മല്‍സരിക്കുന്നവര്‍ക്കെതിരേ ഉടന്‍ കര്‍ശനനടപടിയെടുക്കാന്‍ സിപിഎം സംസ്ഥാന സമിതി യോഗം തീരുമാനിച്ചു. നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുകയും മല്‍സരരംഗത്ത് തുടരുകയും ചെയ്യുന്ന വിമതസ്ഥാനാര്‍ഥികള്‍ക്കെതിരേ അച്ചടക്കനടപടിയെടുക്കാനാണ് തീരുമാനം. ഏതാനും വാര്‍ഡുകളില്‍ മാത്രമാണ് വിമതശല്യമെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. സിപിഐയുമായി തര്‍ക്കമുള്ള സ്ഥലങ്ങളില്‍ സൗഹൃദമല്‍സരം നടത്തുന്നവര്‍ക്കെതിരേ നടപടിയുണ്ടാവില്ല. അതേസമയം, മലപ്പുറം ജില്ലയില്‍ സിപിഎം നയത്തിന് വിരുദ്ധമായി കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയവര്‍ പാര്‍ട്ടിയില്‍നിന്ന് പുറത്തേക്ക് പോവേണ്ടിവരും.  സീറ്റ് വിഭജനത്തിലും സ്ഥാനാര്‍ഥി നിര്‍ണയത്തിലും പൂര്‍ണ തൃപ്തി പ്രകടിപ്പിച്ചു. സീറ്റ് വിഭജനം വേഗം പൂര്‍ത്തിയാക്കി സ്ഥാനാര്‍ഥി നിര്‍ണയം നടത്തിയത് തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഇടതുപക്ഷത്തിന് മേല്‍ക്കൈ നേടാന്‍ കഴിഞ്ഞതായാണ് കണക്കുകൂട്ടല്‍. കൊല്‍ക്കത്തയില്‍ ചേരുന്ന പാര്‍ട്ടി പ്ലീനത്തില്‍ കേരളത്തില്‍നിന്ന് 88 പേര്‍ പങ്കെടുക്കാനും യോഗം തീരുമാനിച്ചു.
Next Story

RELATED STORIES

Share it