Flash News

അച്ഛാ ദിന്‍ കിഥര്‍ ഹെ ഭായീ?



ടി  മുംതാസ്

നല്ല ദിനം (അച്ഛാ ദിന്‍) വരുമെന്ന വാഗ്ദാനവുമായി ഒരു രാത്രിയില്‍ അടിച്ചേല്‍പിച്ച നോട്ടു നിരോധനം ഇതര സംസ്ഥാന തൊഴിലാളികളുടെ വയറ്റത്താണടിച്ചത്. അച്ഛാ ദിന്‍ കിഥര്‍ ഹെ ഭായീ എന്നാണ് ഇതേക്കുറിച്ച് ചോദിക്കുമ്പോ ള്‍ പശ്ചിമ ബംഗാളില്‍ നിന്നു ജോലി തേടി കേരളത്തിലെത്തിയ മുജീബുര്‍റഹ്മാന്റെ മറുചോദ്യം. നോട്ടു നിരോധനം അരപ്പട്ടിണി മുഴുപ്പട്ടിണിയാക്കിയെന്ന് മുജീബുര്‍റഹ്മാനെപ്പോലെ ആയിരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. 1000, 500 രൂപ നോട്ടുകള്‍ ഒറ്റ ദിവസം കൊണ്ട് അസാധുവായപ്പോള്‍ കേരളത്തിലെ നിര്‍മാണ-വ്യാവസായിക-വ്യാപാരമേഖലകളെ അതു പാടേ സ്തംഭിപ്പിക്കുകയായിരുന്നു. ഇതോടൊപ്പം ഇവിടങ്ങളില്‍ ജോലിയെടുത്തിരുന്ന ലക്ഷക്കണക്കിനു പേരുടെ തൊഴിലും ഇല്ലാതായി. ഇവരില്‍ ഭൂരിഭാഗവും ഇതര സംസ്ഥാന തൊഴിലാളികളായിരുന്നു. കേരളത്തില്‍ ജോലിയെടുത്ത് തരക്കേടില്ലാത്ത വരുമാനം കണ്ടെത്തി നാട്ടിലെ കുടുംബത്തിന് അയച്ചുകൊടുത്തിരുന്ന മുജീബിനും അവന്റെ കൂട്ടുകാര്‍ക്കും ദുരിതനാളുകള്‍ തുടങ്ങിയത് കഴിഞ്ഞ നവംബര്‍ 8നാണ്. ഒറ്റ രാത്രി കൊണ്ട് കൈയിലുള്ള കാശിനു വിലയില്ലാതായി. പിറ്റേന്ന് മുതല്‍ പണിയുമില്ല. ബാങ്ക് അക്കൗണ്ടുകളില്ലാത്ത പലരും കൈയില്‍ സ്വരൂപിച്ചുവച്ച നോട്ടുകള്‍ മാറ്റിയെടുക്കാന്‍ ദിവസങ്ങളോളം ബാങ്കുകള്‍ക്കു മുന്നില്‍ വരിനിന്നു. ജോലി കിട്ടിയാല്‍ തന്നെ കൂലി ഭക്ഷണത്തിലൊതുങ്ങി. ചിലര്‍ നിരോധിത നോട്ടുകള്‍ തന്നെ കൂലിയായി നല്‍കി. നവംബര്‍ 8നു മുമ്പ് ആഴ്ചയില്‍ എല്ലാ ദിവസവും ജോലി കിട്ടുമായിരുന്നു. അതിനു ശേഷം തീരെ പണിയില്ലാതായി. കിട്ടിയാല്‍ തന്നെ ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം. പലരും സ്വദേശത്തേക്കു മടങ്ങി. നോട്ടു നിരോധനത്തിനു മുമ്പ് ശരാശരി ഒരു മാസം 20,000 മുതല്‍ 25,000 വരെ വരുമാനം ലഭിക്കുമായിരുന്നു. ചെലവ് കഴിഞ്ഞ് ചുരുങ്ങിയത് 15,000 എങ്കിലും വീട്ടിലേക്ക് അയക്കും. എന്നാല്‍, ഇന്നവര്‍ക്ക് മാസം 10,000 രൂപ പോലും സ്വപ്‌നമാണ്. കോഴിക്കോട് മോഡേണ്‍ ബസാറിലെ കെ പി ഉമ്മറിന്റെ ചെരുപ്പു നിര്‍മാണ കമ്പനിയില്‍ നേരത്തേ 12 ഉത്തരേന്ത്യന്‍ തൊഴിലാളികളുണ്ടായിരുന്നു. ഇപ്പോള്‍ ആറു പേര്‍ മാത്രമാണ് ജോലിക്കുള്ളത്. സമാന അവസ്ഥ തന്നെയാണ് റഹ്മാന്‍ ബസാര്‍, ചെറുവണ്ണൂര്‍, കൊളത്തറ എന്നിവിടങ്ങളിലെ ചെറുകിട വ്യവസായ സ്ഥാപനങ്ങളിലുമുള്ളത്. കേരളത്തില്‍ നിര്‍മാണമേഖലയുമായി ബന്ധപ്പെട്ട ചുടുകട്ട ഫാക്ടറി, സിമന്റ് കട്ട, കട്ടിള നിര്‍മാണശാലകള്‍, പ്ലൈവുഡ് ഫാക്ടറികള്‍ തുടങ്ങി എല്ലാ മേഖലകളിലും ഇതര സംസ്ഥാന തൊഴിലാളികളായിരുന്നു പണിയെടുത്തിരുന്നത്. നിര്‍മാണമേഖലയിലെ സ്തംഭനം ഈ മേഖലകളിലേക്കുകൂടി വ്യാപിച്ചു. കേരളത്തിലെത്തുന്ന ഇതര സംസ്ഥാന തൊഴിലാളികളില്‍ നാലിലൊരു ഭാഗം എറണാകുളം ജില്ലയിലാണ് പണിയെടുക്കുന്നത്. വ്യാപാരം കുറഞ്ഞതോടെ ഇവരില്‍ ഭൂരിഭാഗത്തിനും തൊഴില്‍ നഷ്ടപ്പെട്ടു. ഇവരില്‍ പലരും തൊഴില്‍ കണ്ടെത്തുന്നതിന് അലഞ്ഞുതിരിയുകയാണ്.
Next Story

RELATED STORIES

Share it