അങ്കമാലി അതിരൂപതയിലെ വിവാദ ഭൂമിയിടപാട് കര്‍ദിനാള്‍ അടക്കമുള്ളവര്‍ക്കെതിരേ കേസെടുക്കണമെന്ന വിധി റദ്ദാക്കി

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ വിവാദ ഭൂമിയിടപാടുമായി ബന്ധപ്പെട്ട പരാതിയില്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി ഉള്‍പ്പെടയുള്ളവര്‍ക്കെതിരേ കേസെടുക്കണമെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. സിംഗിള്‍ ബെഞ്ച് വിധിക്കെതിരേ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി, ഭൂമിയിടപാടില്‍ ഇടനിലക്കാരനായിരുന്ന സാജു വര്‍ഗീസ്, അതിരൂപത ഫിനാന്‍സ് ഓഫിസര്‍ ഫാ. ജോഷി പുതുവ, മോണ്‍. ഫാ. സെബാസ്റ്റ്യന്‍ വടക്കുമ്പാടന്‍ എന്നിവര്‍ സമര്‍പ്പിച്ച അപ്പീലിലാണ് ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ വിധി.
ഭൂമിയിടപാടില്‍ ക്രമക്കേടുണ്ടെന്നാരോപിച്ച് ചേര്‍ത്തല സ്വദേശി ഷൈന്‍ വര്‍ഗീസ് നല്‍കിയ ഹരജിയില്‍ മാര്‍ച്ച് ആറിനാണ് സിംഗിള്‍ ബെഞ്ച് കേസെടുക്കാന്‍ നിര്‍ദേശിച്ചത്. ഇടപാടില്‍ തട്ടിപ്പു നടന്നിട്ടുണ്ടെന്ന് ആരോപിച്ച് ജനുവരി 15ന് ഷൈന്‍ വര്‍ഗീസ് എറണാകുളം സെന്‍ട്രല്‍ പോലിസ് സ്റ്റേഷനി ല്‍ പരാതി നല്‍കിയിരുന്നു.
എന്നാല്‍, കേസെടുക്കാന്‍ പോലിസ് തയ്യാറാവുന്നില്ലെന്ന് ആരോപിച്ച് അടുത്ത ദിവസം തന്നെ ഹൈക്കോടതിയേയും സമീപിച്ചു. പോലിസ് കേസെടുത്തില്ലെങ്കില്‍ ക്രിമിനല്‍ നടപടി ചട്ട പ്രകാരം ബദല്‍ മാര്‍ഗങ്ങളുണ്ടെന്നിരിക്കെ, ഷൈന്‍ വര്‍ഗീസ് തിരക്കിട്ട് ഹൈക്കോടതിയെ സമീപിക്കുകയാണ് ചെയ്തത്. ഇയാള്‍ ഹരജി നല്‍കിയതിലെ തിടുക്കം സിംഗിള്‍ ബെഞ്ച് ശ്രദ്ധിച്ചില്ലെന്ന് ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി. പോലിസ് കേസെടുക്കാന്‍ വിസമ്മതിച്ചെങ്കില്‍ മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കുകയാണ് വേണ്ടത്. ഈ കടമ്പ കടക്കാതെയാണ് ഹൈക്കോടതിയിലെത്തിയത്. ഇതു കണക്കിലെടുക്കാതെ കേസെടുത്ത് അന്വേഷിക്കാന്‍ ഉത്തരവിട്ട സിംഗിള്‍ ബെഞ്ചിന്റെ വിധിയില്‍ നിയമപരമായ അപാകതയുണ്ട്. അതിരൂപതയുടെ അന്വേഷണ റിപോര്‍ട്ടിനെയാണ് സിംഗിള്‍ ബെഞ്ച് കാര്യമായി ആശ്രയിച്ചത്. ഇത്തരമൊരു വിധി നിയമപരമായി നിലനില്‍ക്കില്ലെന്നു വ്യക്തമാക്കിയാണ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയത്. ലഭ്യമായ വസ്തുതകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം തുടങ്ങണോയെന്ന് തീരുമാനിക്കേണ്ടത് അന്വേഷണ ഏജന്‍സിയാണ്. അന്വേഷണം നടക്കുന്നതിനിടെ നിയന്ത്രണവുമായി ഇടപെടാന്‍ കോടതിക്ക് കഴിയും.
പോലിസ് അന്വേഷിക്കുന്നില്ലെങ്കില്‍ മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കാം. തെളിവുകള്‍ രേഖപ്പെടുത്തി അന്വേഷണം വേണോയെന്ന് മജിസ്‌ട്രേറ്റ് കോടതിക്ക് തീരുമാനിക്കാം. പ്രഥമദൃഷ്ട്യാ കേസുണ്ടോ ഒന്നിലേറെ പരാതികളില്‍ കുറ്റകൃത്യം നിലനില്‍ക്കുന്നുണ്ടോ എന്ന കാര്യങ്ങളിലേക്ക് കടക്കുന്നില്ലെന്നും 41 പേജുള്ള വിധി ന്യായത്തില്‍ കോടതി വ്യക്തമാക്കി.
Next Story

RELATED STORIES

Share it