അങ്കണവാടി ജീവനക്കാരുടെ വര്‍ധിപ്പിച്ച ഓണറേറിയം നല്‍കും: മന്ത്രി

തിരുവനന്തപുരം: അങ്കണവാടി ജീവനക്കാരുടെ വര്‍ധിപ്പിച്ച ഓണറേറിയം മുഴുവന്‍ കുടിശ്ശിക സഹിതം ലഭ്യമാക്കുമെന്ന് മന്ത്രി കെ കെ ശൈലജ. അങ്കണവാടി ജീവനക്കാരുടെ സംഘടനാ പ്രതിനിധികളുടെ യോഗത്തിലാണു മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നല്‍കേണ്ടിയിരുന്ന 1000 രൂപ ചില പഞ്ചായത്തുകള്‍ കുടിശ്ശിക വരുത്തിയതു കാരണം വര്‍ധിപ്പിച്ച മുഴുവന്‍ ഓണറേറിയം തുകയും ലഭിക്കാത്ത സാഹചര്യമുണ്ടായിരുന്നു.
2017-18ലെ മൂന്നാം ഗഡു അനുവദിച്ചു കൊണ്ടുള്ള ധനകാര്യ വകുപ്പിന്റെ ഉത്തരവില്‍ പ്രാദേശിക സര്‍ക്കാരുകള്‍ കുടിശ്ശിക വരുത്തിയ തുക സാമൂഹികനീതി വകുപ്പിന്റെ ഹെഡ് ഓഫ് അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ക്രെഡിറ്റ് ചെയ്തതിന് ശേഷം മാത്രമേ വികസന ഫണ്ട് അനുവദിക്കുകയുള്ളൂ. ഇതിന് അനുസൃതമായി ഡിഡിഒ മാര്‍ ഒരു സാക്ഷ്യപത്രം അടുത്ത ബില്ലിനോടൊപ്പം വയ്ക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. 2018-19 വര്‍ഷം മുതല്‍ ബജറ്റില്‍ തന്നെ ഓണറേറിയം നല്‍കുന്നതിനായി 144 കോടി രൂപ വകയിരുത്തിയതിനാല്‍ ഈ പ്രശ്‌നം ശാശ്വതമായി പരിഹരിക്കപ്പെടുകയും ചെയ്യുമെന്ന് മന്ത്രി പറഞ്ഞു.അങ്കണവാടി വര്‍ക്കര്‍മാരുടെ 2006ലെയും 2010ലെയും സീനിയോറിറ്റി ലിസ്റ്റ് 2015ല്‍ സംയോജിപ്പിച്ചുകൊണ്ട് 2015ല്‍ ലിസ്റ്റ് തയ്യാറാക്കിയപ്പോള്‍ ഉണ്ടായിട്ടുള്ള അപാകതകള്‍ പരിഹരിക്കാനുള്ള നടപടി സ്വീകരിക്കാനും യോഗത്തില്‍ തീരുമാനമായി.
പഞ്ചായത്തിലെ അങ്കണവാടി വര്‍ക്കര്‍മാരുടെ 25 ശതമാനം ഒഴിവുകള്‍ അങ്കണവാടി ഹെല്‍പര്‍മാരുടെ പ്രമോഷനായി നീക്കിവയ്ക്കുന്ന കാര്യത്തിലുണ്ടായിരുന്ന അപാകതകള്‍ പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു.
Next Story

RELATED STORIES

Share it