അങ്കണവാടി ക്ഷേമനിധി ബില്ല് പാസാക്കി

തിരുവനന്തപുരം: അങ്കണവാടി വര്‍ക്കര്‍മാര്‍ക്കും ഹെല്‍പ്പര്‍മാര്‍ക്കും പെന്‍ഷനും മറ്റാനുകൂല്യങ്ങളും നല്‍കുന്നതിന് പ്രത്യേക ക്ഷേമനിധി രൂപീകരിക്കുന്നതിന് വ്യവസ്ഥ ചെയ്യുന്ന ബില്ല് നിയമസഭ പാസാക്കി.
66,000ത്തോളം പേര്‍ക്ക് പുതിയ നിയമത്തിന്റെ പ്രയോജനം ലഭിക്കുമെന്നു മന്ത്രി എം കെ മുനീര്‍ പറഞ്ഞു. ഹെല്‍പ്പര്‍മാര്‍ക്കും വര്‍ക്കര്‍മാര്‍ക്കും പെന്‍ഷന്‍ നല്‍കുന്നതിന് ഫണ്ടിനു പകരം പ്രത്യേക ക്ഷേമനിധി രൂപീകരിച്ചതിന് നിയമപ്രാബല്യം നല്‍കുന്നതാണ് ബില്ല്.
10 വര്‍ഷത്തില്‍ കുറയാതെ അംശാദായം അടച്ചിട്ടുള്ള അംഗത്തിന് പെന്‍ഷന്‍ നല്‍കാന്‍ ബില്ല് വ്യവസ്ഥ ചെയ്യുന്നു. അഞ്ചുവര്‍ഷക്കാലമോ അതിലധികമോ തുടര്‍ച്ചയായി ക്ഷേമനിധിയിലേക്ക് അംശാദായം അടച്ച അംഗത്തിന് തുകയും അതിന്റെ പലിശയും സര്‍ക്കാര്‍ വിഹിതവും ലഭിക്കും. ചികില്‍സാച്ചെലവ്, മരണപ്പെട്ടാല്‍ ആശ്രിതന് ആനുകൂല്യം എന്നിവയും ബില്ല് വ്യവസ്ഥ ചെയ്യുന്നു.
നഗരഗ്രാമ പ്രദേശങ്ങളില്‍ വികേന്ദ്രീകൃതാസൂത്രണത്തിലൂന്നിയ വികസനം നിര്‍ബന്ധമാക്കുന്ന 2015ലെ കേരള നഗര-ഗ്രാമാസൂത്രണ ബില്ല് പാസാക്കി. പ്രതിപക്ഷത്തിന്റെ അഭാവത്തിലാണ് ബില്ല് പാസാക്കിയത്. ഭൂമിശാസ്ത്രപരം, ഭൗതികം, പ്രകൃതി വിഭവം, പരിസ്ഥിതി തുടങ്ങിയ മേഖലയിലെ നിര്‍ണായക ഘടകങ്ങള്‍ അടങ്ങിയ പരിപ്രേക്ഷ്യ രൂപരേഖ, ഇത് നടപ്പാക്കുന്നതിനുള്ള നിര്‍വഹണ രൂപരേഖ എന്നിങ്ങനെ രണ്ടുഘടകങ്ങളാണ് നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നത്.
പഞ്ചായത്ത്, നഗരസഭാ പ്രദേശങ്ങളില്‍ വര്‍ധിപ്പിച്ച ഭൂനികുതി നിരക്കില്‍ കുറവ് വരുത്തിക്കൊണ്ടുള്ള 2016ലെ കേരള ഭൂനികുതി (ഭേദഗതി) ബില്ലും നിയമസഭ പാസാക്കി. അടിസ്ഥാന നികുതി പഞ്ചായത്ത് പ്രദേശങ്ങളില്‍ ഒരു ആറിന് അഞ്ചു രൂപയായും മുനിസിപ്പല്‍ പ്രദേശങ്ങളില്‍ ഒരു ആറിന് 10 രൂപയായും കോര്‍പറേഷന്‍ പ്രദേശങ്ങളില്‍ ഒരു ആറിന് 20 രൂപയായും വര്‍ധിപ്പിച്ചതാണ് കുറച്ചത്.
Next Story

RELATED STORIES

Share it