Idukki local

അങ്കണവാടി കെട്ടിടം അജ്ഞാതര്‍ താഴിട്ടുപൂട്ടി

നെടുങ്കണ്ടം: പഞ്ചായത്തിന്റെ അങ്കണവാടി കെട്ടിടം അജ്ഞാത സംഘം കൈയേറി എന്ന പരാതിയുമായി പാമ്പാടുംപാറ പഞ്ചായത്ത് പ്രസിഡന്റ് ഉടുമ്പന്‍ചോല താലൂക്ക് വികസന സമിതി യോഗത്തില്‍. വിഷയത്തില്‍ താലൂക്ക് വികസന സമിതി പൊതുമാരാമത്ത് കെട്ടിട വിഭാഗത്തിനോട് അന്വേഷിച്ച് അടിയന്തിര റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു.
കഴിഞ്ഞ മാസം 18നാണു സംഭവം നടന്നത്. മുണ്ടിയെരുമയില്‍ പഞ്ചായത്തിന്റെ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന അങ്കണവാടിയാണ് അജ്ഞാതസംഘം രണ്ട് പ്രത്യേക താഴിട്ട് പൂട്ടിയത്. ഇതോടെ 13 വിദ്യാര്‍ഥികള്‍ പഠിക്കുന്ന അങ്കണവാടിയുടെ പ്രവര്‍ത്തനം തടസപ്പെടുന്ന അവസ്ഥയിലാണ്. പഞ്ചായത്താണ് കെട്ടിടത്തിന്റെ നവീകരണ പ്രവര്‍ത്തനമടക്കം നടത്തിയിരുന്നത്.
നെടുങ്കണ്ടം, കമ്പം, തേനി കേന്ദ്രീകരിച്ച് കൂടുതല്‍ അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ ആരംഭിക്കുന്നതിനുള്ള നീക്കം കെഎസ്ആര്‍ടിസി ആരംഭിച്ചതായി കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥര്‍ യോഗത്തെ അറിയിച്ചു. അതോടൊപ്പം രാമക്കല്‍മെട്ട് നിവാസികള്‍ നല്‍കിയ രാമക്കല്‍മെട്ടിലേയ്ക്ക് കെഎസ്ആര്‍ടിസി കൂടുതല്‍ ബസ് സര്‍വീസുകള്‍ ആരംഭിക്കണമെന്ന നിവേദനം കെഎസ്ആര്‍ടിസി ഡയറക്ടര്‍ക്ക് കൈമാറുന്നതിനു യോഗം തീരുമാനിച്ചു. കല്‍കൂന്തല്‍ വില്ലേജ് ഓഫിസിന്റെ പരിധിയിലുള്ള ഭൂമി റജിസ്‌ട്രേഷനുകള്‍ കട്ടപ്പന റജിസ്ട്രാര്‍ ഓഫിസ് കേന്ദ്രീകരിച്ചാണ് നടക്കുന്നത്.
ഇത് ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതില്‍ നെടുങ്കണ്ടം മിനി സിവില്‍ സ്‌റ്റേഷനില്‍ പുതിയ റജിസ്ട്രാര്‍ ഓഫിസ് തുടങ്ങുകയോ, മുണ്ടിയെരുമയിലേയ്ക്ക് ഈ ഓഫിസുകള്‍ മാറ്റുകയോ ചെയ്യണമെന്ന് നെടുങ്കണ്ടം സ്വദേശി എഡിസണ്‍ തോമസ് താലൂക്ക് വികസന സമിതി യോഗത്തില്‍ നിവേദനം നല്‍കി.
എഴുകുംവയലില്‍ സിനിയര്‍ സിറ്റിസണ്‍ ഫെഡറേഷന്റെ പരാതിയെ തുടര്‍ന്ന് നിര്‍മാണം നിലച്ച പകല്‍വീടിന്റെ നിര്‍മാണ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കുന്നതിനു തിരുമാനമായി.  യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമന്ദിരം ശശികുമാര്‍, തഹസില്‍ദാര്‍ പി എസ് ഭാനുകുമാര്‍, നെടുങ്കണ്ടം പഞ്ചായത്ത് പ്രസിഡന്റ് എസ് ജ്ഞാനസുന്ദരം വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ജനപ്രതിനിധികള്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it