Flash News

അഗതിമന്ദിരത്തിലെ പെണ്‍കുട്ടികള്‍ തൂങ്ങിമരിച്ച നിലയില്‍ ; മരിച്ചത് പോക്‌സോ കേസിലെ ഇരകള്‍



അഞ്ചാലുംമൂട്/കൊല്ലം: അഞ്ചാലുംമൂട് ഇഞ്ചവിള സര്‍ക്കാര്‍ അഗതിമന്ദിരത്തിലെ അന്തേവാസികളായ രണ്ടു പെണ്‍കുട്ടികളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കിളികൊല്ലൂര്‍ സ്വദേശിനി പ്രസീത (15), കരുനാഗപ്പള്ളി സ്വദേശിനി അര്‍ച്ചന (17) എന്നിവരാണ് മരിച്ചത്. കെട്ടിടത്തിനുള്ളിലൂടെ രണ്ടാംനിലയിലേക്ക് കയറാനുള്ള സ്‌റ്റെയര്‍കേസിന്റെ ഇരുമ്പുകൈവരികളില്‍ പ്ലാസ്റ്റിക് കയര്‍ ഉപയോഗിച്ച് തൂങ്ങിയ നിലയിലായിരുന്നു ഇരുവരും. ഇന്നലെ പുലര്‍ച്ചെ, അത്താഴത്തിനായി എഴുന്നേറ്റ നോമ്പുകാരായ കുട്ടികളാണ് ഇവരെ ആത്മഹത്യ ചെയ്ത നിലയില്‍ ആദ്യം കണ്ടത്. ഒരു മുറിയിലായിരുന്നു ഇരുവരുടെയും താമസം. രണ്ടുപേരുടെയും ഡയറിക്കുറിപ്പുകള്‍ പോലിസ് കണ്ടെടുത്തു. കടുത്ത ജീവിതനൈരാശ്യവും സുഹൃത്തുക്കളെയും ബന്ധുക്കളെയും വിട്ടുപിരിഞ്ഞതില്‍ വിഷമവും നേരിട്ടിരുന്നതായി കുറിപ്പില്‍ നിന്നു വ്യക്തമാവുന്നതായി പോലിസ് പറഞ്ഞു. ഇരുവരും പോക്‌സോ കേസുകളിലെ ഇരകളാണ്. അര്‍ച്ചനയെ ഇളയച്ഛന്റെ സുഹൃത്തായ അയല്‍വാസിയും പ്രസീതയെ അച്ഛനും പീഡിപ്പിച്ചെന്നാണ് പരാതി. അമ്മമാര്‍ മാത്രമാണ് ഇവരെ സന്ദര്‍ശിക്കാന്‍ എത്തിയിരുന്നത്. അര്‍ച്ചന ജനുവരിയിലും പ്രസീത കഴിഞ്ഞ മാസവുമാണ് ഇവിടെ എത്തിയത്. വാര്‍ഡനെയും മറ്റു ജീവനക്കാരെയും പോലിസ് വിശദമായി ചോദ്യം ചെയ്തുവരുകയാണ്. സയന്റിഫിക് വിദഗ്ധരും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി വിവരങ്ങള്‍ ശേഖരിച്ചു. ആര്‍ഡിഒയുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തിയശേഷം മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ചാത്തന്നൂര്‍ എസിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയതായി സിറ്റി പോലിസ് കമ്മീഷണര്‍ അജിതാബീഗം അറിയിച്ചു. സംഭവത്തില്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. പത്തുദിവസത്തിനകം റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ കൊല്ലം ജില്ലാ കലക്ടര്‍, കൊല്ലം സിറ്റി പോലിസ് മേധാവി, ജില്ലാ ശിശുസംരക്ഷണ ഓഫിസര്‍, ആഫ്റ്റര്‍ കെയര്‍ ഹോം സൂപ്രണ്ട് എന്നിവര്‍ക്കു കമ്മീഷന്‍ നിര്‍ദേശം നല്‍കി. അഗതിമന്ദിരത്തിലെ സൂപ്രണ്ടിനെ മാറ്റിനിര്‍ത്തി അന്വേഷണം നടത്താന്‍ സാമൂഹികനീതി വകുപ്പ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയതായി ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു.
Next Story

RELATED STORIES

Share it