Flash News

അക്ഷരമുറ്റത്തേക്ക് മൂന്നരലക്ഷത്തോളം വിദ്യാര്‍ഥികള്‍

അക്ഷരമുറ്റത്തേക്ക് മൂന്നരലക്ഷത്തോളം വിദ്യാര്‍ഥികള്‍
X
തിരുവനന്തപുരം: വേനലവധിക്ക് വിരാമം കുറിച്ച് പുതിയ അധ്യയനവര്‍ഷത്തിന് സംസ്ഥാനത്ത് ഇന്നു തുടക്കമായി. നിപാ വൈറസ് ബാധ കണ്ടെത്തിയ കോഴിക്കോട്, മലപ്പുറം ജില്ലകളിലൊഴികെയുള്ള സംസ്ഥാനത്തെ എല്ലാ പൊതുവിദ്യാലയങ്ങളും ഇന്നു തുറക്കും. കോഴിക്കോട് 5നും മലപ്പുറത്ത് 6നുമാണ് സ്‌കൂളുകള്‍ തുറക്കുക. ഒന്നു മുതല്‍ 10 വരെ ക്ലാസുകളിലായി 34 ലക്ഷത്തോളം വിദ്യാര്‍ഥികളാണ് എത്തുന്നത്. ഹയര്‍ സെക്കന്‍ഡറി കൂടി ചേര്‍ത്താല്‍ 43 ലക്ഷമാവും. ഒന്നാംക്ലാസിലേക്ക് ഈ വര്‍ഷം മൂന്നരലക്ഷത്തോളം പേരെയാണു പ്രതീക്ഷിക്കുന്നത്.കഴിഞ്ഞ വര്‍ഷം 3,16,023 വിദ്യാര്‍ഥികളാണ് ഒന്നാംക്ലാസില്‍ ചേര്‍ന്നത്. ആറാംപ്രവൃത്തിദിവസമായ ജൂണ്‍ 7നായിരിക്കും കുട്ടികളുടെ കണക്ക് ശേഖരിക്കുക. തൊട്ടടുത്ത ദിവസം കുട്ടികളുടെ ഏറ്റക്കുറച്ചില്‍ സംബന്ധിച്ച കണക്കും പുറത്തുവരും.



അതേസമയം, വിദ്യാലയങ്ങളില്‍ ഹരിതനയം കര്‍ശനമായി പാലിക്കണമെന്നു പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നിര്‍ദേശിച്ചു. പ്രവേശനോല്‍സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്നു രാവിലെ 9.30ന് നെടുമങ്ങാട് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. സ്‌കൂള്‍ തുറക്കുന്നതിനു മുമ്പായി തന്നെ പാഠപുസ്തകം, യൂനിഫോം വിതരണം നടത്താനായത് നേട്ടമായി. പൊതുവിദ്യാലയങ്ങളുടെ മുഖംമാറ്റുന്ന ഹൈടെക് സ്‌കൂള്‍ പദ്ധതി 34,500 ക്ലാസ് മുറികളില്‍ പൂര്‍ത്തിയായി. അധ്യാപനത്തിനായുള്ള സമഗ്ര പോര്‍ട്ടലും ആപ്പും തയ്യാറായിക്കഴിഞ്ഞു. അധ്യാപക പരിശീലനവും ഐടി പരിശീലനവും പൂര്‍ത്തിയായി. കാഴ്ചപരിമിതിയുള്ളവര്‍ക്ക് ബ്രെയില്‍ലിപിയിലുള്ള പാഠപുസ്തകങ്ങളുടെ അച്ചടിവിതരണവും പൂര്‍ത്തിയായി. 200 അധ്യയനദിവസങ്ങള്‍ ഉറപ്പാക്കിയുള്ള വിദ്യാഭ്യാസ കലണ്ടറും തയ്യാറാക്കിയിട്ടുണ്ട്. ഓരോ സ്‌കൂളുകള്‍ക്കും അക്കാദമിക് മാസ്റ്റര്‍പ്ലാനും തയ്യാറാക്കിയിട്ടുണ്ട്. എന്നാല്‍, നിയമനാംഗീകാരം ലഭിക്കാത്ത അധ്യാപകരുടെ പ്രശ്നവും കുട്ടികള്‍ വര്‍ധിക്കുന്ന സ്‌കൂളുകളില്‍ മതിയായ അധ്യാപകരെ നിയമിക്കാന്‍ കഴിയാത്തതും സര്‍ക്കാരിനു തലവേദനയായി മാറും.
Next Story

RELATED STORIES

Share it