അക്ബറിനെതിരായ ആരോപണത്തില്‍ പ്രതികരിക്കാതെ സര്‍ക്കാര്‍

ന്യൂഡല്‍ഹി: വിദേശകാര്യ സഹമന്ത്രി എം ജെ അക്ബറിനെതിരേ മാധ്യമപ്രവര്‍ത്തക ലൈംഗിക ആരോപണം ഉന്നയിച്ചതിനോടു പ്രതികരിക്കാതെ കേന്ദ്രസര്‍ക്കാര്‍. ഇതു സംബന്ധിച്ച് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിനോട് അഭിപ്രായം ചോദിച്ചെങ്കിലും അവര്‍ പ്രതികരിച്ചില്ല. ആരോപണം മാധ്യമങ്ങളില്‍ ചര്‍ച്ചയായതിനു പിന്നാലെയാണു സുഷമയോട് പ്രതികരണം ആരാഞ്ഞത്.
മന്ത്രിസഭയിലെ വനിതകളില്‍ ഒരാളാണു നിങ്ങളെന്നും സഹപ്രവര്‍ത്തകനെതിരേ ഗുരുതരമായ ലൈംഗിക ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ ഏതെങ്കിലും വിധത്തിലുള്ള അന്വേഷണം ഉണ്ടാവുമോയെന്നുമുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യം ഗൗനിക്കാതെ പോവുകയായിരുന്നു സുഷമ. വിദേശകാര്യ മന്ത്രാലയവും ആരോപണത്തോടു പ്രതികരിച്ചിട്ടില്ല.
അതേസമയം ആരോപണം സംബന്ധിച്ച് അന്വേഷണം വേണമെന്ന് കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി മേനകാഗാന്ധി പറഞ്ഞു. അധികാരത്തിലിരിക്കുന്ന ആണുങ്ങള്‍ പലപ്പോഴും ഇങ്ങനെയൊക്കെ ചെയ്യാറുണ്ടെന്നും മേനകാഗാന്ധി പറഞ്ഞു. മി ടൂ കാംപയിനില്‍ ആരോപണം ഉയരുന്ന എല്ലാവര്‍ക്കെതിരേയും നടപടി വേണമെന്നും അവര്‍ ആവശ്യപ്പെട്ടു. നിലവില്‍ ആഫ്രിക്കന്‍ യാത്രയിലാണ് അക്ബര്‍.
ആരോപണത്തോട് പ്രതികരിക്കേണ്ടതില്ലെന്നാണു ബിജെപി വൃത്തങ്ങളുടെ തീരുമാനം. പ്രതികാര നടപടികളുടെ ഭാഗമായും ഇത്തരത്തില്‍ ആര്‍ക്കും ആര്‍ക്കെതിരേയും ആരോപണം ഉന്നയിക്കാന്‍ കഴിയുമെന്നുമാണു ബിജെപി വൃത്തങ്ങളുടെ പ്രതികരണം. ഉദിത് രാജ് അടക്കമുള്ള പാര്‍ട്ടി നേതാക്കള്‍ ഇക്കാര്യം പരസ്യമായി പറയുകയും ചെയ്തു.

Next Story

RELATED STORIES

Share it